മുത്തു പുരാണം ( നർമ്മം )
ബാല്യം...എന്നും ഓർമ്മകളിൽ ആയിരം പൂത്തിരി കത്തിക്കുന്നത്....പക്ഷേ ചിലപ്പോളെങ്കിലും ഇടയ്ക്കു ഒന്ന് കൈപൊള്ളിപ്പോകലും ഉണ്ട് . ചില ഭയങ്ങൾ...പിശാചിൽ തുടങ്ങി പിള്ളാരുപിടുത്തക്കാർ, നാട്ടിലെ തസ്ക്കര വീരന്മാർ...അങ്ങനങ്ങനെ. ഉറക്കം നഷ്ടപ്പെടുത്തിയ ചില കുഞ്ഞു മനസ്സിന്റെ ഓർമ്മനുറുങ്ങുകൾ. അതിലൊന്നാണ് മുത്തുവിന്റെ കഥയും. ആ " മുത്തു പുരാണം " പറയാം. ചേക്കൽ എന്ന എന്റെ മനോഹരിയായ നാട് വിട്ടു അമ്മവീടായ മംഗലത്തേയ്ക്കു വന്നപ്പോഴേയ്ക്കും പിശാചുക്കളോടുള്ള എന്റെ ഭയത്തിനു അൽപ്പം അയവു വന്നു. പക്ഷേ അതിനു പകരം "മുത്തു" എന്ന ഞങ്ങളുടെ നാട്ടിലെ തസ്ക്കര വീരൻ എന്റെ മനസ്സമാധാനം കെടുത്താൻ തുടങ്ങി. "വെളിച്ചം ദു:ഖമാണുണ്ണീ ..തമസ്സല്ലോ സുഖപ്രദം" എന്ന മലയാള കവിത തമിഴനായ മുത്തുവിന് എങ്ങനെ അറിയാം എന്നെനിക്കറിഞ്ഞുകൂടാ. സുഖപ്രദമായ തമസ്സിൽ സുഖമായിട്ടു മോഷ്ടിക്കുന്ന എളുപ്പ ജോലി തിരഞ്ഞെടുത്തത് കാരണം "മുത്തു " അക്ഷരാർത്ഥത്തിൽ നാട്ടുകാരുടെ "കണ്ണിലുണ്ണിയായി". അക്ഷരാർത്ഥത്തിൽ എന്ന് ഞാൻ ഉദ്ദേശിച്ചത് കണ്ണിൽ ഒരു ഉണ്ണിയുണ്ടെങ്കിലും, വീട്ടിൽ ഒരുണ്ണിയു...