മുത്തു പുരാണം ( നർമ്മം )
ബാല്യം...എന്നും ഓർമ്മകളിൽ ആയിരം പൂത്തിരി കത്തിക്കുന്നത്....പക്ഷേ ചിലപ്പോളെങ്കിലും ഇടയ്ക്കു ഒന്ന് കൈപൊള്ളിപ്പോകലും ഉണ്ട് . ചില ഭയങ്ങൾ...പിശാചിൽ തുടങ്ങി പിള്ളാരുപിടുത്തക്കാർ, നാട്ടിലെ തസ്‌ക്കര വീരന്മാർ...അങ്ങനങ്ങനെ. ഉറക്കം നഷ്ടപ്പെടുത്തിയ ചില കുഞ്ഞു മനസ്സിന്റെ ഓർമ്മനുറുങ്ങുകൾ. അതിലൊന്നാണ് മുത്തുവിന്റെ കഥയും. ആ " മുത്തു പുരാണം " പറയാം.
ചേക്കൽ എന്ന എന്റെ മനോഹരിയായ നാട് വിട്ടു അമ്മവീടായ മംഗലത്തേയ്ക്കു വന്നപ്പോഴേയ്ക്കും പിശാചുക്കളോടുള്ള എന്റെ ഭയത്തിനു അൽപ്പം അയവു വന്നു. പക്ഷേ അതിനു പകരം "മുത്തു" എന്ന ഞങ്ങളുടെ നാട്ടിലെ തസ്‌ക്കര വീരൻ എന്റെ മനസ്സമാധാനം കെടുത്താൻ തുടങ്ങി.
"വെളിച്ചം ദു:ഖമാണുണ്ണീ ..തമസ്സല്ലോ സുഖപ്രദം" എന്ന മലയാള കവിത തമിഴനായ മുത്തുവിന് എങ്ങനെ അറിയാം എന്നെനിക്കറിഞ്ഞുകൂടാ. സുഖപ്രദമായ തമസ്സിൽ സുഖമായിട്ടു മോഷ്ടിക്കുന്ന എളുപ്പ ജോലി തിരഞ്ഞെടുത്തത് കാരണം "മുത്തു " അക്ഷരാർത്ഥത്തിൽ നാട്ടുകാരുടെ "കണ്ണിലുണ്ണിയായി".
അക്ഷരാർത്ഥത്തിൽ എന്ന് ഞാൻ ഉദ്ദേശിച്ചത് കണ്ണിൽ ഒരു ഉണ്ണിയുണ്ടെങ്കിലും, വീട്ടിൽ ഒരുണ്ണിയുണ്ടെങ്കിലും " ഉറക്കം" ഒരു വിദൂര സ്വപ്നമാകാറുണ്ടല്ലോ...ആ അവസ്ഥയിലായി നാട്ടുകാർ.
പക്ഷേ ഈ മുത്തുവിനെ ഒരു "പെരുങ്കള്ളൻ " എന്ന് വിളിക്കാൻ എനിക്ക് യാതൊരു അവകാശവുമില്ല എന്ന് ഞാൻ പറയും. കാരണം ഞങ്ങളുടെ വീട്ടിൽ നിന്നും ഒരു മൊട്ടുസൂചി പോലും മുത്തു മോഷ്ടിച്ചിട്ടില്ലെന്നത് തന്നെ. അതിനു പിന്നിൽ തക്കതായ ഒരു കാരണമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.
ആ സംഭവം ഇങ്ങനെ. ഒരിക്കൽ ഞങ്ങൾ കുട്ടികൾ മൂന്ന് പേരും മുറ്റത്തു കളിക്കു കയായിരുന്നു. പെട്ടെന്ന് ഗേറ്റ് തുറന്നു ഒരാൾ അകത്തേയ്ക്കു വന്നു. സാക്ഷാൽ മുത്തു!. അതിനു മുൻപ് ഒരിക്കൽ മാത്രമേ ഞാൻ മുത്തുവിനെ കണ്ടിട്ടുള്ളു.
ഏതോ മോഷണ കുറ്റത്തിന് മുത്തുവിനെ കൈയ്യാമം വച്ച് പോലീസുകാർ ഞങ്ങളുടെ വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന ജീപ്പിലേയ്ക്ക് കയറ്റുമ്പോൾ ആയിരുന്നു അത്. മുത്തുവിന്റെ വീട് ഞങ്ങളുടെ വീടിനടുത്തായിരുന്നു. അന്നൊരു മിന്നായം പോലെ മുത്തുവിനെ കണ്ട ഞങ്ങൾക്ക് സാക്ഷാൽ മുത്തു മുൻപിൽ വന്നു നിന്നപ്പോൾ ആകെ വെപ്രാളമായി.
ഞങ്ങൾ മൂന്ന് പേരും ശരം വിട്ട കണക്കെ വീടിനുള്ളിലേക്ക് ഓടി. ഞങ്ങൾ കുട്ടികൾ നേരെ ഓടിയത് ഞങ്ങളുടെ അമ്മൂമ്മയുടെ അടുത്തേയ്ക്കാണ്.
അതിനൊരു കാരണമുണ്ട്.ഞങ്ങളുടെ ഗേറ്റ് കടന്നു വരുന്ന ആരായാലും, അവരുടെ പാസ്പോർട്ടും,വിസയും പരിശോധിച്ച്, ബയോ ടാറ്റയും വാങ്ങി,ഒരു ഇന്റെർവ്യുവും നടത്തി, എൻട്രി, നോഎൻട്രിയൊക്കെ അടിക്കുക എന്ന മഹത്തായ കർമ്മം എന്റെഅമ്മൂമ്മയാണ് നടത്തിയിരുന്നത്.
മുത്തു വന്നു വെളിയിൽ നിൽക്കുന്ന കാര്യം ഞങ്ങൾ അമ്മൂമ്മയുടെ സമക്ഷം അവതരിപ്പിച്ചു.പക്ഷെ ഞങ്ങൾ കുട്ടികളെ ഞെട്ടിപ്പിച്ചു കൊണ്ട് അമ്മൂമ്മ "നാരായണ,നാരായണ" എന്ന് നാമം ജപിച്ചു ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന് അവിടെ നിന്നും വേഗം പൊയ്ക്കളഞ്ഞു.
ഈ അമ്മൂമ്മയെ പറ്റി ഒരൽപം പറയാനുണ്ട്.എല്ലാറ്റിനും പേടിക്കുന്ന ഞാനെന്ന കുട്ടിയോട്
"വീട്ടിനുള്ളിൽ പേടിച്ചാൽ പിന്നെങ്ങോട്ടാ പോവുക"
എന്ന അർത്ഥവത്തായ ചോദ്യം ചോദിക്കാറുള്ള അമ്മൂമ്മ പക്ഷെ ലോകത്തൊരാളെ മാത്രമേ പേടിച്ചിരുന്നുള്ളൂ .അത് സാക്ഷാൽ പോലീസ് ഏമാനേ.
അത് ഞാനൊരിക്കൽ കണ്ടറിഞ്ഞതാണ്. ഞങ്ങളുടെ വീടിനു മുൻവശത്തായി മതിലിനോട് ചേർന്ന് ഒരു "തിരുവരമ്പ് " ഇനം മാവുണ്ടായിരുന്നു. ചോറിങ്ങും, കൂറങ്ങും എന്ന പോലെ മൂട് ഞങ്ങളുടെ മുറ്റത്തും,മുകൾ ഭാഗം മൊത്തം റോഡിലേയ്ക്കും ആയിട്ടാണ് അതിന്റെ നിൽപ്പ്.
അതുകൊണ്ട് മാങ്ങ മൊത്തം നാട്ടുകാർക്ക് എന്ന ഒരു ഭാവത്തോടെ തല കുനിച്ചു വിനയം നിറച്ചു അതങ്ങ് നിന്നിരുന്നു. ഈ മാവിന്റെ അഹങ്കാരം തീർക്കാനെന്നോണം അമ്മൂമ്മ ആ മാവിന് കാവലിരുന്നു.മാവ് ഒന്നനങ്ങിയാൽ ഉടനെ
"ആരാടാ അവിടെ മാവിന് കല്ലെറിയുന്നത്" എന്ന് ഒരു അശരീരി പോലെ അമ്മൂമ്മയുടെ ശബ്ദം അവിടെ പ്രതിധ്വനിയ്ക്കും.
അമ്മൂമ്മയിൽ ആ മാവിന്റെ വേരുകൾ ഒരു സ്റ്റെതെസ്കോപ്പുപോലെ പ്രവർത്തിച്ചിരുന്നതായി ഞാൻ സംശയിച്ചു.ഉടനെ മാങ്ങാ പറിക്കാൻ തോട്ടയുമായി വരുന്നവർ ഈ അശരീരി കേട്ട് തോട്ടയെ മാവിൽ വിട്ടു പ്രാണരക്ഷാർദ്ധം ഓടുമായിരുന്നു.
അങ്ങനെ ഞങ്ങൾക്ക് മാങ്ങയ്ക്ക് പകരം ഒരു പാട് തോട്ടകൾ (മാങ്ങ പറിക്കുന്ന കമ്പ്) കിട്ടിയിരുന്നു.ഞാൻ ആ മാവിൽ മുരിങ്ങക്കോലുപോലെ തോട്ടകൾ കായ്ക്കുന്നത് സ്വപ്നം കണ്ടു.
പക്ഷേ ഒരിക്കൽ മുത്തുവിനെ പിടിക്കാൻ വന്ന പോലീസിന്റെ ജീപ്പ് ഈ മാവിന്റെ തണലിലേയ്ക്ക് മാറ്റിയിട്ടു രണ്ടു പോലീസുകാർ മുത്തുവിനു വേണ്ടി കാത്തിരിക്കവേ വിനയാന്വിതനായ ഞങ്ങളുടെ മാവിനെ കാണുകയും അതിൽ നിന്ന് മാങ്ങ പറിക്കുകയും ചെയ്തു.
അമ്മൂമ്മയിലെ അശരീരി അവിടെ പ്രതിധ്വനിയ്ക്കാൻ തുടങ്ങവേ ഞങ്ങൾ കുട്ടികൾ അത് പോലീസാണെന്ന് അമ്മൂമ്മയ്ക്ക് മുന്നറിയിപ്പ് നൽകി.
" എന്നാ മിണ്ടരുത്...പിടിച്ചു കൊണ്ട് പോകും"
അമ്മൂമ്മ ഞങ്ങളോട് പറഞ്ഞു.
അനാവശ്യമായി പോലീസ് ആരെയും പിടിക്കില്ലെന്നു ഞങ്ങൾക്ക് അറിയാവുന്നതു കൊണ്ട് ഞങ്ങൾ തമ്മിൽ തമ്മിൽ നോക്കി ചിരിച്ചതേയുള്ളൂ. പക്ഷേ അമ്മൂമ്മയിലെ ഭീരുവിനെ ഞാൻ അന്നാണ് ആദ്യമായി കണ്ടത്.
അത് കഴിഞ്ഞാൽ ദേ ഇപ്പോൾ.അപ്പോൾ അമ്മൂമ്മ കള്ളനെയും പേടിക്കുന്നുണ്ടെന്ന രണ്ടാമത്തെ രഹസ്യം ഞാൻ കണ്ടു പിടിച്ചു.അമ്മൂമ്മ കൈവിട്ട സ്ഥിതിക്ക് സ്വാഭാവികമായും അടുത്തത് ഞങ്ങൾ ആശ്രയിക്കുക അമ്മയെയാണ്.ഞങ്ങൾ വേഗം അടുക്കളയിലേയ്ക്കോടി.
നിറയെ സംഗതികളും,ഗമകങ്ങളും ഇട്ടു വിറയലിന്റെ അകമ്പടിയോടെ അമ്മയുടെ മുൻപിൽ "മുത്തു"എന്ന വാക്ക് ഞങ്ങളുടെ വായിൽ നിന്നും അടര്ന്നു വീണു. ആ വാക്കിൽ"വോ"എന്നൊരക്ഷരത്തിന്റെ പിൻബലത്തോടെ ഒരു ചോദ്യമിട്ടു അമ്മ ഉമ്മറത്തേയ്ക്ക് നോക്കി.
അരിയിട്ടു വാഴിച്ച് അടുപ്പത്തിട്ടിരുന്ന വാഴപ്പിണ്ടി തോരനെ അനാഥമാക്കിക്കൊണ്ട്, അമ്മ ഉമ്മറത്തെയ്ക്കോടി. മൂന്നടി നിലം യാചിച്ചു വന്ന വാമനനു തന്റെ തല കുനിച്ചു കൊടുത്ത മഹാബലിയെപ്പോലെ അമ്മ മുത്തുവിനു മുൻപിൽ ചെന്ന് നിന്നു.
"മഹാനുഭാവൻ,അങ്ങേയ്ക്ക് ഈ സാധുക്കൾ എന്താണ് ചെയ്യേണ്ടത്? അരുളിച്ചെയ്താലും..!!!" എന്ന് പറയുവാനുള്ളത്രയും വിനയം അമ്മയ്ക്കുണ്ടെങ്കിലും
"എന്താ മുത്തു രാവിലെ" ?
എന്ന ഹ്രസ്വമായ ഒരുചോദ്യത്തിൽ അമ്മ ഒതുക്കി.
"ഒരു കൊലകരുക്ക് വേണുമായിരുന്ത് ..മഞ്ചനോവുക്ക്"(ഒരു കുല കരിക്ക് വേണമായിരുന്നു..മഞ്ഞ നോവിന്). മുത്തു മൊഴിഞ്ഞു.
"ഉണ്ടെങ്കിൽ പറിച്ചോ"
അമ്മ പറഞ്ഞു.
മുത്തു ഞങ്ങളുടെ മുറ്റത്ത് തലയെടുപ്പോടെ നിൽക്കുന്ന ഗൌരീഗാത്രം തെങ്ങിനെ അടിമുടി നോക്കിയിട്ട് ഒരു കുരങ്ങൻ മരം കയറുന്ന ലാഘവത്തോടെ അതിലേയ്ക്ക് കയറി.
അമ്മ പ്രാർഥനാനിരതയായി ഒരു കുല കരിക്കെങ്കിലും ആ തെങ്ങിൽ ഉണ്ടാവണേ ദേവി എന്ന് "പാട്ട് പുരയ്ക്കു"ഒരു വിളക്ക് നേർന്നു.
ഒന്നിന് പകരം മൂന്നു കുലകൾ "ധും" എന്ന ശബ്ദത്തോടെ തങ്ങളുടെ പ്രതിഷേധമറിയിച്ച് താഴേയ്ക്ക് വീണു. ഒന്നിന് പകരം മൂന്നോ? എന്ന ഒരു ചോദ്യം ഞങ്ങൾ നാലുപേരിലും ഒരു പോലെ മുളച്ചു ഉത്തരം കിട്ടാതെ അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചു.
"ഒരു കരുക്കുക്ക് എന്ന വെലെ"?(ഒരു കരിക്കിനു എന്താ വില?) എന്ന മുത്തുവിന്റെ ചോദ്യം അമ്മയെ പ്രാർത്ഥന നയിൽ നിന്നുണർത്തി.
"ഒന്നും വേണ്ടാ...ഒരു അസുഖത്തിനല്ലേ..." വീണ്ടും അമ്മ വിനയാന്വിതയായി.
"എണ്ണാ...രണ്ടു പോതും...ഇതു പിള്ളിയളുക്ക് ഇരുക്കട്ട് "( എന്നാ രണ്ടു മതി ..ഇതു പിള്ളർക്ക് ഇരിക്കട്ടെ)
എന്ന് ഒരു കുല കരിക്ക് ഉമ്മറത്തെ പടിയിൽ വച്ചിട്ടു മുത്തു ഗേറ്റ് കടന്നു പോയി.
ആ ഒരു കുല കരിക്കിന്റെ ദാക്ഷണ്യത്തിനു പകരം അമ്മ മുത്തുവിനെ കള്ളൻ പവിത്രനാക്കി.അടുപ്പത്തു കിടന്നിരുന്ന വാഴപ്പിണ്ടി തോരൻ, ഉമ്മറത്തെയ്ക്ക് കരിഞ്ഞ മണം പരത്തി, തന്നെ അനാഥനാക്കിയതിന്റെപ്രതിഷേധമറിയിച്ചു.സ്ഥലകാലബോധംതിരികെ കിട്ടിയ അമ്മ അടുക്കളയിലേയ്ക്ക് പാഞ്ഞു.
അതു കൊണ്ടാണ് ഞാൻ പറഞ്ഞത് മുത്തുവിനെ എനിക്ക് "പെരുങ്കള്ളൻ" എന്ന് വിളിക്കാൻ അവകാശമില്ലെന്ന്. പക്ഷേ ഞങ്ങളുടെ സ്ഥിതിയല്ല എന്റെ താഴെ വീട്ടിലെ വല്യമ്മയുടെത്.വല്യച്ഛൻ നേരത്തെ മരിച്ചു പോയത് കൊണ്ടും, ആൺ മക്കളൊക്കെ പഠിത്തവും, ജോലിയുമായി ദൂര ദേശങ്ങളിൽ പോയത് കൊണ്ടും വല്യമ്മയും,മകളും മാത്രമായിരുന്നവിടെ.
വെറുമൊരു പെൺവീട് എന്ന നിസ്സാരത മുത്തുവിനെ അവിടേയ്ക്ക് നിരന്തരം മോഷ്ടിക്കാൻ പോകാൻ പ്രേരിപ്പിച്ചു. വല്യമ്മയുടെ പ്രമാണത്തിൽ മുത്തുവിന്റെ പേരില്ലെങ്കിലും,അവരുടെ സ്വത്ത് വകകളിലെ ആദായം തനിക്കും കൂടി അവകാശപ്പെട്ടതാണെന്ന് മുത്തു ഇടയ്ക്കിടെ തെളിയിച്ചു.
"മേലെവീടെ"ന്ന ഞങ്ങളുടെ വീട്ടിലെ പൊക്കം കുറഞ്ഞ സൈഡ് മതിലിലൂടെ താഴേയ്ക്ക് ചാടി,പുറകു വശത്തുകൂടിയാണ് മുത്തു താഴെ വീട്ടിലേയ്ക്ക് പോവുക.താഴെ വീട്ടില് കള്ളൻ വരുന്നതിന്റെ പിറ്റേന്ന് ഞങ്ങളുടെ മതിലിലെ പായലിൽ പതിയുന്ന കാലടിപ്പാടുകളാണ് അതിനു തെളിവ്.
അതിലൊരു രസകരമായ സംഭവം പറയാം ! ഒരു ദിവസം അതിരാവിലെ വടക്കേപ്പുറത്തെ വാതിൽ തുറന്നു പുറത്തേയ്ക്ക് ഇറങ്ങിയ വല്യമ്മ മുറ്റത്ത് ഒരു "പൂക്കളം" കണ്ടു അതിശയിച്ചുപോയി.
ഓണക്കാലം അല്ലാത്തത് കൊണ്ടും,വടക്കേപ്പുറത്ത് ആരും പൂക്കളമിടാറില്ലാത്തതു കൊണ്ടും അതിനടുത്തെയ്ക്കു ചെന്ന വല്യമ്മ ഞെട്ടിപ്പോയി.
ആരോ ഉടുതുണി നിന്നനിൽപ്പിൽ വൃത്താകൃതിയിൽ അഴിച്ചിട്ടിട്ടു പോയ കാഴ്ചയായിരുന്നു അത്. പച്ചനിറത്തിൽ പല വർണ്ണത്തിൽ പൂക്കളിട്ട ആ ലുങ്കിയാണ് വട്ടത്തിൽ ഒരുപൂക്കളമായി വല്യമ്മയുടെ മുൻപിൽ പരിലസിച്ചത്.
ആകെ ഭയന്ന് പോയ വല്യമ്മ ഓടിച്ചെന്നു അകത്തു കയറി കതകടച്ചു.നേരം നന്നേ പുലർന്നശേഷം ഞങ്ങളുടെ വീട്ടിലേയ്ക്ക് വന്നു.
"ഇന്നലെ ആരോ രാത്രി ഞങ്ങളുടെ വീട്ടിൽ മോഷ്ടിക്കാൻ വന്നു" വല്യമ്മ ഞങ്ങളോട് അടക്കം പറഞ്ഞു.പിന്നെ പൂക്കളത്തിന്റെ കാര്യവും പറഞ്ഞു.
"രാവിലെ നല്ല ഉഗ്രൻ കണിയാണല്ലോ" അച്ഛൻ വല്യമ്മയോടു പറഞ്ഞത് കേട്ട് വല്യമ്മ ഉൾപ്പെടെ ഞങ്ങളെല്ലാവരും പൊട്ടിച്ചിരിച്ചു.പിന്നെ അച്ഛനെന്ന സേതുരാമയ്യരുടെ നേതൃത്വത്തിൽ ഞങ്ങളുടെ സി.ബി.ഐ സംഘം താഴെ വീട്ടിലേയ്ക്ക് തെളിവെടുപ്പിനായി ചെന്നു.
ഞങ്ങളെ കാത്തു ആ പൂക്കളം അപ്പോഴും അവിടെത്തന്നെ ഉണ്ടായിരുന്നു.അച്ഛൻ മറ്റു തെളിവുകൾക്കായി ചുറ്റും പരിശോധിച്ചു.വീണ്ടും ഞെട്ടൽ..കുറെ ബീഡിതുണ്ടുകൾ,തീപ്പെട്ടികൊള്ളികൾ ഒക്കെ ആ പൂക്കളത്തിനടുത്ത്,പൂവിട്ടു തീർന്നു ബാക്കിയായ പൂക്കൾ പോലെ കിടക്കുന്നു.
" അവൻ എല്ലാം കരുതി തന്നെയാണ് വന്നിരിക്കുന്നത് "
വല്യമ്മ മുഖം ഇത്തിരി കടുപ്പത്തിലാക്കി പറഞ്ഞു.
"ആരാണെന്ന് ഒരു പിടിയും കിട്ടുന്നില്ല" അച്ഛനിലെ കുറ്റാന്വേഷണ വിദഗ്ദ്ധൻ നിരാശയോടെ പറഞ്ഞു.
"ഇത് അവൻ തന്നെ...ആ "മുത്തു" വല്യമ്മ ഉറപ്പിച്ചു പറഞ്ഞു.
"വേറെയും ഒരു പുതിയ കള്ളൻ ഇപ്പോൾ അവതരിച്ചിട്ടു ഉണ്ടെന്നാണ് ഒരു ശ്രുതി"
അച്ഛൻ പറഞ്ഞു.
"ഞാനും കേട്ടു...പക്ഷെ ഇവനോളം ധൈര്യം മറ്റാർക്കും വരില്ല" വല്യമ്മ തന്റെ അഭിപ്രായത്തിൽ ഉറച്ചു നിന്നു.
ലോക രക്ഷയ്ക്കായി അവതാരങ്ങൾ എന്ന് കരുതിയിരുന്ന എനിക്ക് ഇതൊരു പുതിയ അറിവായിരുന്നു. എന്റെ മനസ്സമാധാനം കെടുത്താനും അവതാരങ്ങൾ....ഞാൻ വീണ്ടും ഉറങ്ങാനാവാതെ കിടക്കുന്ന രാത്രികളെ കുറിച്ചു ഓർത്ത് സങ്കടപെട്ടു.
അന്വേഷണ സംഘംനേരെ വല്യമ്മയുടെ തേങ്ങാക്കൂട് പരിശോധിച്ചു. തേങ്ങാക്കൂടിന്റെ വാതിലിലെ പൂട്ട്
.ആകെ ഞളുങ്ങിയ മുഖത്തോടെ ആത്മാഹൂതി ചെയ്തു കൂടിന്റെ വാതിലിൽ തൂങ്ങി കിടന്നു.
കള്ളന്മാരുടെ വരവിന്റെ എണ്ണം അനുസരിച്ചു പൂട്ടുകളുടെ ബുദ്ധിയും, ശക്തിയും കൂട്ടാറുള്ള കാര്യം വല്യമ്മ രഹസ്യമായി പറഞ്ഞു.
"ഒരൊറ്റ തേങ്ങ അവനു കൊണ്ട് പോകാൻ പറ്റിയിട്ടില്ല" വല്യമ്മ സ്വന്തം ബുദ്ധിസാമർത്ഥ്യത്തെ സ്വയം പ്രശംസിച്ചു.
ആരാണെന്നറിയാതെ കുഴങ്ങി "എന്ന് വർണ്ണ്യത്തിലാശങ്ക ഉല്പ്രേക്ഷാഖ്യാലം കൃതി" എന്ന് ആകെ ആശങ്കയോടെ നിന്ന ഞങ്ങളെ ഒരു ശബ്ദം ഉണർത്തി.
"ഇന്നലെ നിങ്ങളുടെ വീട്ടിൽ വന്നത് മറ്റാരുമല്ല..മുത്തു തന്നെ" അയൽപക്കത്തെ കുമുദം ചേച്ചി ഓന്തിനെപ്പോലെ മതിലിലൂടെ തല പുറത്തേയ്ക്കിട്ട് ഞങ്ങളോട് പറഞ്ഞു.
"ഞാനെന്റെ കണ്ണുകൾ കൊണ്ട് കണ്ടതാണ്....കറുത്തു തടിച്ചു,മേലൊക്കെ എണ്ണയിട്ടു,വെറും ഷഡ്ഢിയുമിട്ട് നിങ്ങളുടെ ഈ മതില് ചാടി പോകുന്നത്.." കുമുദം ചേച്ചി തുടർന്നു.
" ഞാനപ്പോഴേ പറഞ്ഞില്ലേ..." വല്യമ്മ പറഞ്ഞു.
"നിങ്ങളുടെ വടക്കേ പുറത്തെ ലൈറ്റ് കത്തിയതും അവൻ ചാടി ഓടിയതാണ്..." കുമുദം ചേച്ചി പറഞ്ഞു.പെട്ടെന്നാണ് വല്യമ്മയ്ക്ക് കാര്യം പിടി കിട്ടിയത്.വല്യമ്മ വെളുപ്പിന് വെള്ളം കുടിക്കാൻ അടുക്കളയിൽ വന്നപ്പോൾ അടുക്കളയിലെ സ്വിച്ചിനു പകരം വടക്കേപ്പുറത്തെ സ്വിച്ചിട്ടിരുന്നു. അപ്പോൾ പെട്ടൊന്നൊരു ശബ്ദം താൻ കേട്ടതായി വല്യമ്മഓർത്തെടുത്തു.
അത് മാര്ജാര,മൂഷിക, ശുനകശുംഭൻമാരിൽ ആരോ ആയിരിക്കാം എന്ന് വല്യമ്മ വിചാരിച്ചത്രെ. അങ്ങിനെ അവിടത്തെ വിളക്ക് തെളിഞ്ഞപ്പോൾ താൻ പിടിക്കപ്പെട്ടു എന്ന് ഭയന്ന് മുത്തു മതില് ചാടി ഓടിയതാകാം എന്ന നിഗമനത്തിൽ ഞങ്ങൾ എത്തിചേർന്നു.
ദേവിയുടെ അനുഗ്രഹം ഒന്ന് മാത്രമാണ് താൻ സ്വിച്ച് മാറ്റി ഇടാനുള്ള കാരണം എന്ന് വല്യമ്മ വിശ്വസിക്കുകയും, ,ദേവിയോടുള്ള കടപ്പാട് കൺകളിൽ കണ്ണീരായി ഒഴുക്കുകയും ചെയ്തു.
പെട്ടെന്നാണ് എന്റെ മനസ്സിൽ നല്ലൊരാശയം ഉദിച്ചതു. ഈ വടക്കേപ്പുറത്തെ വിളക്കിന് ഒരു എക്സ്റ്റ്രാ ഒയർ കണക്ഷൻ കൊടുത്ത്,ഒരു സ്വിച്ച് ഘടിപ്പിച്ചു,വല്യമ്മയുടെ കട്ടിലിനടുത്ത് തൂക്കിയിട്ടാൽ വല്യമ്മ ഉണരുമ്പോൾ ഒക്കെ ആ വടക്കേപ്പുറത്തെ വിളക്കിട്ടു മുത്തുവിനെ ഓടിക്കാമല്ലോ...ആ രംഗം ഞാനെന്റെ മനക്കണ്ണിൽ കാണുകയും ചെയ്തു.
വല്യമ്മ സ്വിച്ചിടുന്നു,
മുത്തു മതില് ചാടുന്നു !!!!
വല്യമ്മ സ്വിച്ചിടുന്നു,
മുത്തു മതില് ചാടുന്നു !!!!
ആ രംഗമോർത്തു ഞാൻ പരിസരം മറന്നു ചിരിച്ചു."ങ്ഹെ" എന്ന ഭാവത്തോടെ എല്ലാപേരും എന്നെ നോക്കി.
"ഒന്നുമില്ല...വെറുതെ".....ആരും ഒന്നും ചോദിക്കാതെ തന്നെ ഞാൻ ഉത്തരം പറഞ്ഞു. പക്ഷെ നിത്യേന ഇങ്ങനെ സംഭവിക്കുമ്പോൾ കള്ളി പൊളിയുകയും, മുത്തു ദേഷ്യത്തിൽ ആ ബൾബും കൂടി അടിച്ചു മാറ്റാനുള്ള ചാൻസ് ഉണ്ടെന്നും സ്വയം തോന്നിയത് കൊണ്ട് ഞാൻ ആ ഐഡിയ എന്റെ ഉള്ളിൽ തന്നെ കുഴിച്ചു മൂടി.
"വേറെയും ഒരുത്തൻ പുതുതായി രംഗത്തുണ്ടെന്ന് കേൾക്കുന്നു...എങ്ങനെ മനസ്സമാധാനത്തോട് ഉറങ്ങും"
വല്യമ്മ കുമുദം ചേച്ചിയോട് പറഞ്ഞു.
"അവനെ എനിക്കറിയാം..അവൻ നല്ല വെളുത്ത് പൊക്കം കുറഞ്ഞവനല്ലേ..ഇതവനല്ല"
കുമുദം ചേച്ചി നാട്ടിലുള്ള കള്ളൻമാരെ പറ്റി നടത്തിയ ഗവേഷണത്തിന്റെ പ്രബന്ധം ഞങ്ങളുടെ മുൻപിൽ സമർപ്പിച്ചു.
"അപ്പോൾ നമുക്ക് ഈ തെളിവുകൾ വച്ചു പോലീസിൽ ഒരു പരാതി കൊടുക്കാം" അച്ഛൻ വല്യമ്മയോടു പറഞ്ഞു.
"എന്റെ പേര് പുറത്തു വരരുത്..അവനറിഞ്ഞാൽ എന്റെ തല ഉരുളും"
കുമുദം ചേച്ചി പെട്ടെന്ന് അവിടെ നിന്നു തലയൂരി.
പക്ഷെ വല്യമ്മയും അവനോടുള്ള ഭയം കാരണം പെറ്റിഷൻ കൊടുക്കാൻ അച്ഛനെ അനുവദിച്ചില്ല. ഞങ്ങൾക്ക് വല്യമ്മയുടെ ദയനീയാവസ്ഥ കണ്ടു സങ്കടം തോന്നി.ആ പൂക്കളത്തിലെയ്ക്കു നോക്കിയിട്ട് വല്യമ്മ
"ഇതു കാണുമ്പോൾ എന്റെ നട്ടെല്ലിലൂടെ ഭയത്തിന്റെ തണുപ്പ് അരിച്ചു കയറുന്നു" എന്ന് പറഞ്ഞ്,ഒരു കമ്പെടുത്ത് ആ ലുങ്കി അതിൽ കോർത്ത് ചാണകകുഴിയിലേയ്ക്ക് ഇടാൻ പോയി.ഞങ്ങൾ കുട്ടികളും ആ പതാകയ്ക്കു പുറകിൽ നടന്നു പ്രതിഷേധ മാർച്ച് നടത്തി.
"അയ്യോ ഞങ്ങളുടെ സ്കൂട്ടർ ചാവി" വല്യമ്മ എടുത്തു മാറ്റിയ ലുങ്കിക്കടിയിൽ അച്ഛന്റെ വണ്ടിച്ചാവി കണ്ട് അമ്മ അമ്പരന്നു നിലവിളിച്ചു.അച്ഛന് ചാവി വണ്ടിയിൽ തന്നെ വയ്ക്കുക ഒരു പതിവായിരുന്നു. ആ ചാവി വച്ചു വല്യമ്മയുടെ തേങ്ങാക്കൂട് തുറക്കാൻ മുത്തു ഒരു ശ്രമം നടത്തി എന്നത് ആ ചാവിയുടെ ശാരീരിക സ്ഥിതിയിൽ നിന്നും ഞങ്ങൾ മനസ്സിലാക്കി.
മുത്തുവിന്റെ പാഴ്‌വേലയോർത്തു എല്ലാവരിലും ഒരു ചിരി പടർന്നു.അങ്ങനെ, മുത്തു എല്ലാ ശ്രമങ്ങളും നടത്തി തളർന്നു ഒന്ന് വിശ്രമിച്ച ശേഷം തന്റെ കലാപരിപാടികൾ തുടരാൻ തീരുമാനിച്ച് ,ബീഡിയും പുകച്ചു അങ്ങനെ ഇരുന്നപ്പോഴാണ് വല്യമ്മ "വിളക്ക് കൊളുത്തി" മുത്തുവിന്റെ "ഓട്ടം തുള്ളൽ"ഉദ്ഘാടനം ചെയ്തത് എന്ന രണ്ടാമത്തെ നിഗമനത്തിൽ ഞങ്ങളുടെ സി.ബി.ഐ സംഘം എത്തി.
.
.
നന്നായിട്ടുണ്ട്. മുത്തുവിന്റെ പാഴ് വേല ഒരു നർമ്മത്തിൽ അവസാനിപ്പിച്ചു. ആശംസകൾ
ReplyDeleteSuper
ReplyDeleteരസകരം. നാട്ടിൻ പുറ കഥകൾ ഉപമകളാൽ സമൃദ്ധം.
ReplyDelete