അറിവുകൾ അവബോധങ്ങൾ ആണ് 😍 ( motivational post)

ഒരു ധനികന്റെ വീട്ടിൽ കന്നുകാലികളെ നോക്കുകയായിരുന്നു ആ വൃദ്ധയുടെ ജോലി. സമയാസമയം ഭക്ഷണം കൊടുക്കുക, അവരെ കുളിപ്പിക്കുക, തൊഴുത്തു വൃത്തിയാക്കുക ഇതൊക്കെ അവർ നല്ല കൃത്യതയോടെ ചെയ്തു പോന്നു.

ഒരു ദിവസം അവർ യജമാനനോട് തനിക്ക് ഒരു പത്തു ദിവസത്തേക്ക് വൈകുന്നേരം ഒരു മണിക്കൂർ നേരത്തെ മടങ്ങിപ്പോകാനുള്ള അനുവാദം വേണമെന്ന് അറിയിച്ചു. വീടിനടുത്തുള്ള മൈതാനത്തു നടക്കുന്ന പ്രഭാഷണം കേൾക്കാൻ ആണെന്ന് കാരണവും പറഞ്ഞു. അഞ്ചാം ദിവസം ആയപ്പോൾ യജമാനപത്നി  അവരോട് എന്തൊക്കെ പഠിച്ചു എന്ന് പരിഹാസത്തോടെ ചോദിച്ചു.


അതിന് ആ വൃദ്ധ
" എനിക്ക് കാര്യമായിട്ട് ഒന്നും മനസ്സിലായില്ല. എന്നാലും എന്തൊക്കെയോ മനസ്സിലാവുകയും ചെയ്തു. കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത സുഖം തോന്നുകയും ചെയ്യുന്നു "
എന്നറിയിച്ചു.
അതിന് വീണ്ടും യജമാനപത്നി
" മനസ്സിലാവുന്നില്ലെങ്കിൽ പിന്നെ വെറുതെ സമയം കളയുന്നതെന്തിന് ? ആ സമയം പ്രയോജനമുള്ള പണികൾ വല്ലതും ചെയ്തൂടെ"
 എന്ന്  നീരസത്തോടെ പറഞ്ഞു.

ആ വൃദ്ധ ഒന്നും മിണ്ടാതെ ചാണകം വാരുന്ന കുട്ടയെടുത്ത് അവിടെയുള്ള ചെറിയ കുളത്തിൽ നിന്നും വെള്ളംകോരി ഒരു പാത്രത്തിൽ നിറയ്ക്കാൻ ശ്രമം തുടങ്ങി. പലതവണ അവർ  ആ വൃഥാവേല ചെയ്തിട്ടും പാത്രം നിറയ്ക്കാൻ കഴിഞ്ഞില്ല. ഇതുകണ്ട യജമാനൻ നിങ്ങൾ എന്താണീ ചെയ്യുന്നത്  എന്ന് വൃദ്ധയോട് അരിശത്തോടെ ചോദിച്ചു.


അപ്പോൾ ആ വൃദ്ധ പറഞ്ഞു.
" ഞാൻ പലതവണ ശ്രമിച്ചിട്ടും കുട്ടയിൽ വെള്ളം കൊണ്ടുവന്നു പാത്രത്തിൽ നിറയ്ക്കാൻ കഴിഞ്ഞില്ല. പക്ഷേ ആ ചാണകക്കുട്ട എത്ര ശുദ്ധമായി നോക്കൂ "
എന്ന് പറഞ്ഞു. പിന്നെ തുടർന്നു..
" അതുപോലെ പതിവായി പ്രഭാഷണം കേട്ടത് എന്താണെന്ന് നിങ്ങളോട് പറഞ്ഞു തരാൻ എനിക്ക് കഴിഞ്ഞില്ലെങ്കിലും അത് എന്റെ അറിവില്ലായ്മയെ മാറ്റിയെടുക്കാൻ കുറച്ചെങ്കിലും സഹായിച്ചു എന്നുള്ളത് വാസ്തവം ആണ്. അത് എനിക്ക് അതിയായ സന്തോഷം നൽകുന്നു "
എന്നും അറിയിച്ചു.

കൂട്ടുകാരെ നമുക്ക് പറ്റാവുന്നിടത്തോളം വിവരങ്ങൾ വായനയിലൂടെയും, വീഡിയോകളിലൂടെയും ഒക്കെ ശേഖരിക്കാൻ ഇന്ന് സംവിധാനങ്ങൾ ഉണ്ട്. നമുക്ക് ഇഷ്ടപ്പെട്ട മേഖലകൾ തിരഞ്ഞെടുക്കാൻ ഉള്ള സൗകര്യങ്ങളും ഉണ്ട്. വെറുതെയിരുന്ന് മറ്റുള്ളവരെ ദോഷം പറയുന്ന നേരം നല്ല അറിവുകൾ ലഭിക്കാൻ കണ്ണും, കാതും തുറന്നു പിടിക്കാം. അറിവുകൾ എന്നത് അവബോധങ്ങൾ ആണ്. ജീവിതത്തിൽ എപ്പോഴെങ്കിലും നമുക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് നമ്മൾ എപ്പോഴോ നേടിയ ഒരറിവ് യുക്തംപോലെ വിനിയോഗിച്ച് പരിഹാരങ്ങൾ നേടാം. മറ്റുള്ളവർക്കും നാം അറിഞ്ഞത് പങ്കുവയ്ക്കാം. 😍

Comments

Popular posts from this blog

അച്യുതൻ മാമന്റെ ചായക്കട ( ഓർമ്മകൾ )

അവില് ദോശയും, പച്ച കപ്പലണ്ടി മസാലക്കറിയും.❤️

പുനർജ്ജനി തേടി ( തുടർക്കഥ )