ശരികൾ ഉണ്ടാവുന്നത്. (മോട്ടിവേഷൻ )
രാവിലെ പ്രാതൽ കഴിഞ്ഞ് പത്രവും നോക്കി ഇരിക്കുമ്പോൾ ഏതോ കച്ചവടക്കാരൻ എന്തോ കൂവിവിളിച്ച് വിൽക്കുന്ന ശബ്ദം. ഞാൻ കാതോർത്തു. "ആത്മവിശ്വാസം വേണോ ആത്മവിശ്വാസം."
എന്റെ ചെവിക്ക് ഈയിടെയായി ഒരൽപ്പം കേൾവിക്കുറവ് ഉണ്ടെന്നുള്ളത് എനിക്ക് തോന്നിയിരുന്നു. അതുകൊണ്ട് വീണ്ടും അയാൾ വിളിച്ചു പറയുമ്പോൾ ശ്രദ്ധിച്ചു കേൾക്കണം എന്ന് ഞാൻ തീരുമാനിച്ചു.
" ആത്മവിശ്വാസം വേണോ ആത്മവിശ്വാസം "
ങേ.. കുട്ടിമാമനെപ്പോലെ ഞാൻ ഞെട്ടിമാമ. വീണ്ടും അതേ വിളി. ഞാൻ പത്രമൊക്കെ ഒരുഭാഗത്തേക്ക് എറിഞ്ഞ് തലതെറിക്കെ ഗേറ്റിനടുത്തേക്ക് ഓടി.
ഒരാൾ തലയിൽ ഒരു മരപ്പെട്ടിയും ചുമന്ന് പോകുന്നു. (മരപ്പട്ടി അല്ലാട്ടോ😜 )ഞാൻ അയാളെ കൈകാട്ടി വിളിച്ചു. അയാൾ എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി. പിന്നെ അടുത്തേക്ക് വന്നു.
" ആത്മവിശ്വാസം ആണോ നിങ്ങൾ വിൽക്കുന്നത് "
ഞാൻ അപ്പോഴും സംശയത്തിൽ ആയിരുന്നു.
":അതേ.. ഏറ്റവും വിപണന സാധ്യത ഉള്ള ഐറ്റം അല്ലേ "
പറഞ്ഞുകൊണ്ടയാൾ പെട്ടി താഴേക്ക് ഇറക്കി വച്ചു.
" നിങ്ങളെ സമ്മതിച്ചിരിക്കുന്നു. ഒരു കച്ചവടം തുടങ്ങുമ്പോൾ അധികം കിട്ടാത്തതിന് ആണ് ആവശ്യക്കാർ കൂടുതൽ ഉണ്ടാവുക എന്ന് അറിഞ്ഞു തന്നെ തിരഞ്ഞെടുത്തിരിക്കുന്നു. ആശംസകൾ "
ഞാൻ അയാളോട് ഉത്സാഹത്തോടെ പറഞ്ഞു.
" അതേ പുതുമയുള്ളത് ആരും ശ്രദ്ധിക്കും"
അയാൾ പറഞ്ഞു.പിന്നെ അയാൾ പെട്ടി തുറന്നു കാട്ടി. അതിന് രണ്ട് കള്ളികൾ ഉണ്ടായിരുന്നു. രണ്ടിലും രണ്ട് നിറത്തിലുള്ള കുഴമ്പുകൾ ഉണ്ടായിരുന്നു. ഐസ്ക്രീം ഒക്കെപ്പോലെ.
" ഇതെന്താ രണ്ടെണ്ണം? "
ഞാൻ കൗതുകത്തോടെ ചോദിച്ചു.
"ഒന്ന് നിങ്ങൾക്ക് ആത്മവിശ്വാസം കൂട്ടാനുള്ളത്. മറ്റൊന്ന് നിങ്ങൾക്ക് മറ്റുള്ളവർക്ക് ആത്മവിശ്വാസം നൽകാൻ ഉള്ള കഴിവ് നൽകുന്നത്. "
അയാൾ പറഞ്ഞു.
" അപ്പോൾ രണ്ടും വേണം "
ഞാൻ ഉത്സാഹത്തോടെ പറഞ്ഞു. പെട്ടെന്ന് ഒരു സംശയം തോന്നിയ ഞാൻ അയാളോട് ചോദിച്ചു.
" ഈ ആത്മവിശ്വാസം നമുക്കുണ്ടെങ്കിൽ ത്തന്നെ മറ്റുള്ളവർക്ക് അത് നൽകാൻ നമുക്ക് ആവുമല്ലോ? "
അതേ എന്ന് അയാൾ ഉത്തരം നൽകി.
അങ്ങനെ ഞാൻ എനിക്ക് ആത്മവിശ്വാസം ലഭിക്കാൻ ഉള്ള കുഴമ്പ് ചൂണ്ടി അതാണെനിക്ക് ആവശ്യം എന്നറിയിച്ചു.
അയാൾ അത് ബോട്ടിലിൽ ആക്കി മൂന്ന് നേരം ഓരോ സ്പൂൺ ആഹാരത്തിനു ശേഷം കഴിക്കണം എന്നറിയിച്ചു. പിന്നെ അയാളുടെ കൈയ്യിലിരുന്ന ബാഗിൽ കൈയ്യിട്ട് മൂന്ന് കടലാസ്സുതുണ്ടുകൾ എടുത്തു. അതിൽ എന്തോ എഴുതപ്പെട്ടിരുന്നു.
അയാൾ എനിക്ക് നേരെ അത് നീട്ടിപ്പറഞ്ഞു.
" ഓരോ നേരം കുഴമ്പ് കഴിക്കുമ്പോൾ ഓരോ കടലാസ്സിലും എഴുതപ്പെട്ട വാക്യങ്ങൾ വായിക്കണം. അത് മറന്നു പോയാൽ മരുന്ന് ഫലിക്കില്ല"
എന്ന്.
ഞാൻ ആ കടലാസ്സുകളിലെ വാക്യങ്ങൾ വായിച്ചു നോക്കി.
രാവിലെ : എനിക്ക് ആത്മവിശ്വാസം കിട്ടാൻ പോകുന്നു.
ഉച്ചക്ക് : എനിക്ക് ആത്മവിശ്വാസം കിട്ടാൻ തുടങ്ങി.
രാത്രി : എനിക്ക് ആത്മവിശ്വാസം കിട്ടി.
അയാൾ എന്നോട് പറഞ്ഞു. "കടലാസ്സുകൾ മാറിപ്പോകാതെ ആ പറഞ്ഞ ക്രമത്തിൽത്തന്നെ വായിക്കണം" എന്ന്.
രണ്ടും എന്റെ തലയിൽ കെട്ടിവയ്ക്കാതെ ഞാൻ ആവശ്യപ്പെട്ടത് മാത്രം തന്നതിന് ഞാൻ അയാളോട് നന്ദി പറഞ്ഞു. ഉടനെ അയാൾ
" ഞാൻ വിൽക്കാൻ തെരെഞ്ഞെടുത്ത സാധനം അത്രയ്ക്കും ഡിമാൻഡ് ഉള്ളതല്ലേ. അതുകൊണ്ട് കള്ളം പറഞ്ഞ് ആരുടേയും തലയിൽ കെട്ടിവയ്‌ക്കേണ്ട കാര്യമില്ലെന്നുള്ള നല്ല ആത്മവിശ്വാസം എനിക്കുണ്ട് "
എന്ന് എന്നോട് പറഞ്ഞു.
ഞാൻ കാശുകൊടുത്തു ബോട്ടിലും കൊണ്ട് വീട്ടിലേക്കു ഉത്സാഹത്തോടെ വന്നു.
ഈ കഥ എന്റെ ഭാവനയിൽ വന്നതാണെങ്കിലും അതിൽ ചില സന്ദേശങ്ങൾ ഉണ്ട്. പുതുമ ഉള്ളത് നൽകാൻ കഴിഞ്ഞാൽ ആവശ്യക്കാർ താനേ വരും എന്നത് ആത്മവിശ്വാസം നൽകുന്ന ഒരു ഘടകമാണ്.
പക്ഷേ മറ്റൊരു വശംകൂടി നാം കാണണം. എനിക്ക് ആത്മവിശ്വാസം ഇല്ലെന്ന് മനസ്സിലാക്കിയ അയാൾ എന്നെ പറ്റിക്കുകയായിരുന്നു. ആ മരുന്നല്ല, നിരന്തരം ആവർത്തിക്കുന്ന ആ പേപ്പറിലെ വാചകങ്ങൾ ആണ് എന്നിൽ പ്രവർത്തിക്കാൻ പോകുന്നതെന്ന് ഞാൻ മനസ്സിലാക്കിയത് പിന്നെയാണ്.
ആ മരുന്ന് കുട്ടികൾക്കുള്ള എന്തെങ്കിലും ചോക്ലേറ്റ് ഐറ്റം ആയിരിക്കാം. അപ്പോൾ നമുക്ക് ആത്മവിശ്വാസം ഇല്ലെങ്കിൽ നമ്മൾ എളുപ്പം പറ്റിക്കപ്പെടും.
ആത്മവിശ്വാസം ഇല്ലാത്തവന്റെ തീരുമാനങ്ങൾ മറ്റുള്ളവർ ആയിരിക്കും എടുക്കുക. സ്വന്തമായി അഭിപ്രായം ഇല്ലാത്തതുകൊണ്ട് അവന്റെ അഭിപ്രായങ്ങൾ മറ്റുള്ളവരുടെ സൗകര്യത്തിനനുസരിച്ചു മാറി മറിഞ്ഞുകൊണ്ടിരിക്കും. അവൻ,തന്നെ, മറ്റുള്ളവരുടെ കാഴ്ച്ചപ്പാടുകൾക്ക് അനുസരിച്ച് മാറ്റിക്കൊണ്ടേയിരിക്കും.
വാസ്തവത്തിൽ അവന്റെ ജീവിതത്തിന്റെ താക്കോൽ മറ്റുള്ളവരുടെ കൈയ്യിൽ ആയിരിക്കും.
ആത്മവിശ്വാസം എന്നത് മറ്റുള്ളവർ പറഞ്ഞു നമുക്കുണ്ടാകുന്നതല്ല എന്നത് കൊണ്ടുതന്നെ അതിനായി ശ്രമിക്കേണ്ടതും നമ്മൾ തന്നെ.
അനുഭവങ്ങളിലൂടെ താനേ നമ്മിൽ വിതയ്ക്കപ്പെടുന്നത് ആണത്. അനുഭവങ്ങൾ വെറുതെ ഇരുന്നാൽ വരുമോ? അപ്പോൾ ഇറങ്ങിത്തിരിക്കുക തന്നെ വേണം.
അപ്പോൾ അടിപതറാം. വീഴ്ചകൾ പറ്റാം. തെറ്റുകൾ ഉണ്ടാകാം. തെറ്റുകൾ തിരുത്തപ്പെടണം. അപ്പോൾ ആണ് ശരികൾ ഉണ്ടാവുക.
നമുക്ക് ചുറ്റിനും നന്മമരങ്ങൾ ഉണ്ട്. അവർ വഴികാട്ടും. തെറ്റുകൾ തിരുത്തിത്തരും. അഹങ്കാരം ഇല്ലാതെ ആ തിരുത്തലുകൾക്ക് വിധേയപ്പെടുന്ന മനസ്സുണ്ടാക്കുക.
പരിഹസിക്കുന്നവർ പറയുന്ന കാര്യങ്ങളിൽ ഒരുകാര്യമുണ്ടെങ്കിൽ അതും തിരുത്തുക. വീഴ്ത്താനായിട്ട്മാത്രം കൂടെക്കൂടുന്നവരെ ഒഴിവാക്കുക.
സങ്കോചം ആണ് ആത്മവിശ്വാസം നശിപ്പിക്കുന്ന പ്രധാനവില്ലൻ. അതിൽ നിന്നും പുറത്തുവരിക. തെറ്റുകൾ വരിക സ്വാഭാവികം. മുന്നോട്ട് കാലെടുത്തു വയ്ക്കാതെ മടിച്ചു നിന്നാൽ നിങ്ങളിലെ പിഴവുകൾ എങ്ങനെ അറിയാനാണ്.
ഞാൻ കേട്ടിട്ടുള്ള രണ്ട് ചെറിയകഥകൾ കൂടി പറഞ്ഞ് അവസാനിപ്പിക്കാം. നമ്മുടെ രാഷ്ട്രപിതാവിനെക്കുറിച്ചും, അദ്ദേഹത്തിന്റെ പ്രിയപത്നിയെക്കുറിച്ചും ഉള്ള രസകരമായ കഥകൾ.
തുടക്കത്തിൽ ഗാന്ധിജിക്ക് ആംഗലേയം വലിയ പ്രശ്നമായിരുന്നത്രെ. അദ്ദേഹം ഒരിക്കൽ ശ്രീനിവാസശാസ്ത്രി എന്നൊരാൾക്ക് ആംഗലേയത്തിൽ ഒരു കത്തെഴുതി. ആ കത്തിൽ ഉള്ള അക്ഷരപ്പിഴവുകളും, വ്യാകരണത്തെറ്റും ചുവന്ന മഷികൊണ്ട് തിരുത്തി ശാസ്ത്രികൾ ആ കത്ത് ഗാന്ധിജിക്ക് തന്നെ മടക്കി അയച്ചുവത്രെ.
ഉടനെ ഗാന്ധിജി അദ്ദേഹത്തിന് ഒരു മറുപടിക്കത്തെഴുതി. ഇവിടെ തിരുത്താൻ നൂറോളം കത്തുകൾ ഇരിപ്പുണ്ടെന്നും, അതിനുവേണ്ടി ഒരാളെത്തിരഞ്ഞു നടക്കുകയായിരുന്നെന്നും, താങ്കൾക്കു എന്റെ അസിസ്റ്റന്റ് ആകാമോ എന്നും ഗാന്ധിജി ചോദിക്കുന്നതായിട്ടാണത്രേ ഉള്ളടക്കം.
തിരുത്തലുകൾക്ക് താഴ്മയോടെ വിധേയപ്പെടുക എന്നതാണ് ഈ കഥയുടെ സന്ദേശം. എങ്കിലേ ശരിയായ മുന്നേറ്റം ഉണ്ടാവുകയുള്ളു. ചെതുക്കലുകളിൽ കൂടിയേ നല്ല ശിലയുണ്ടാകു.
ഇനി കസ്തൂർബായുടെ കഥയിലേക്ക് വരാം. രസകരം പക്ഷേ അതും നൽകുന്നൊരു സന്ദേശം ഉണ്ട്.
ഒരിക്കൽ തമിഴ്‌നാട്ടിലെ സേലത്തിനടുത്തുള്ള, തിരുച്ചെങ്കോട് എന്ന സ്ഥലത്തെ ഒരാശ്രമം സന്ദർശിച്ചപ്പോൾ ഗാന്ധിജിയോടൊപ്പം കസ്തൂർബായും ഉണ്ടായിരുന്നത്രെ.
ആ ആശ്രമത്തിൽ ഒരുപാട് തൊഴിൽ പരിശീലനവും നൽകുന്നുണ്ടായിരുന്നത്രെ. സാരികൾക്ക് നിറംകൊടുക്കുന്ന വിഭാഗത്തിൽ എത്തിയപ്പോൾ കസ്തൂർബാഗാന്ധിക്കു ഒരു സംശയം. ആ ചായം ഇളകുമോ എന്ന്.
പക്ഷേ ഗുജറാത്തി മാത്രം അറിയാവുന്ന ആ അമ്മ തനിക്കറിയാവുന്ന മുറി ആംഗലേയത്തിൽ ഇങ്ങനെ ചോദിച്ചത്രേ.
"ദിസ് സാരി കളർ ഗോ?"
എന്ന്. അതുകേട്ട് നിന്ന, ആംഗലേയപാണ്ഡിത്യം ഉള്ള രാജാജി അമ്മയ്ക്ക് ഇങ്ങനെ മറുപടി നൽകിയത്രേ.
" ദിസ് സാരി കളർ നോ ഗോ "😁
എന്ന്.
അതേ നമുക്കറിയാവുന്ന രീതിയിൽ സങ്കോചമില്ലാതെ സംവദിക്കാം. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാം. അനുഭവങ്ങൾ നൽകുന്ന ചെതുക്കലുകൾ താനേ തരും ആത്മവിശ്വാസം.👍❤️
പിൻകുറിപ്പ് : അനുഭവങ്ങളെക്കാൾ മികച്ച ഭാവനയാണ് എന്റെ കൈമുതൽ. അതിലൂടെ ഒരാൾക്കെങ്കിലും നന്മ ലഭിച്ചാൽ അതാണെന്റെ ലാഭവും 😍
മൂലധനവും ലാഭവും പെരുകട്ടെ
ReplyDeleteThis comment has been removed by the author.
Deleteപെരുകട്ടെ.. സന്തോഷം
DeleteVery good. Nalla Athmaviswasam undakumarakatte..
ReplyDeleteതഥാസ്തു
Delete