സുന്ദരർ അഥവാ തിരുമൂലർ 🙏


സുന്ദരർ അഥവാ തിരുമൂലർ 

അപ്പർ, സംബന്ധർ, സുന്ദരർ, മാണിക്കവാസകർ..അറുപത്തി നാല് നായന്മാരിൽ പ്രമുഖരായ നാൽവർ. അവരിൽ സുന്ദരരുടെ കഥ പറയാം. അദ്ദേഹത്തിന്റെ മറ്റൊരു പേരായ
തിരുമൂലർ എന്ന പേര് സിദ്ധിച്ച കഥയും പറയാം. മൂവായിരം ശ്ലോകങ്ങൾ അടങ്ങിയ പ്രസിദ്ധമായ തിരുമന്തിരം (തിരുമന്ത്രം ) തിരുമൂലർ രചിച്ചതാണ്. നമ്മൾ ഒരുപാട് കേട്ടിട്ടുള്ള ചൊല്ലുകൾ ആയ അൻപേ ശിവം, യാംപെറ്റ ഇൻപം പെറുക ഇവ്വയ്യകം എന്നിവ തിരുമന്തിരത്തിലേതാണ്.

അതിനുമുൻപ് ആരാണ് സുന്ദരനാഥർ അഥവാ സുന്ദരർ എന്ന തിരുമൂലർ എന്ന് നോക്കാം. നന്ദിദേവരുടെ എട്ടു ശിഷ്യന്മാരിൽ ഒരാൾ ആയി ഇദ്ദേഹത്തെ പറയപ്പെടുന്നു. ആദ്യ ശിഷ്യത്വം സ്വീകരിച്ചവർ
1. സനകൻ
2. സനന്തനൻ
3. സനൽകുമാരൻ
4. സനാതനൻ

അടുത്ത നാൽവർ

1.പതഞ്ജലി മുനി
2. വ്യാഘ്രപാത മുനി
3.ശിവയോഗി
4. സുന്ദരനാഥൻ ( തിരുമൂലർ )


സിദ്ധന്മാർ ധ്യാനത്തിലൂടെ ആർജ്ജിച്ചെടുക്കുന്ന സിദ്ധികളിൽ ചിലതാണ് സൂക്ഷ്മശരീരിയായി ആകാശമാർഗ്ഗം സഞ്ചരിക്കാൻ ആവുക, പിന്നെ കൂടുവിട്ടു കൂടുമാറുക അഥവാ പരകായപ്രവേശം തുടങ്ങിയവ. ഈ സിദ്ധികൾ അഷ്ടമാ സിദ്ധികളിൽ പെടുന്നു. തിരുമൂലർ എന്ന സുന്ദരർ ഈ സിദ്ധികൾ ഭാഗവാനിൽ നിന്നും നേരിട്ടു സിദ്ധിക്കാൻ ഭാഗ്യം കിട്ടിയ മഹാത്മാവ് ആണെന്ന് പറയപ്പെടുന്നു. ഇത് കൂടാതെ നവാഗമങ്ങൾ മുഴുവൻ പഠിച്ചു പ്രാവീണ്യം നേടി. അദ്ദേഹം തമിഴ് അഗസ്ത്യ മുനിയിൽ നിന്നും പഠിച്ചു എന്ന് പറയപ്പെടുന്നു. 

 ഒരിക്കൽ സുന്ദരർ ആകാശമാർഗ്ഗം സഞ്ചരിച്ച് അഗസ്ത്യമുനിയെ കാണാൻ പോകുകയായിരുന്നു.  ഇടയ്ക്കു ക്ഷേത്രദര്ശനവും.  അപ്പോൾ അദ്ദേഹം ഒരു കാഴ്ചകണ്ടു. താഴെ ഒരു
പുൽമൈതാനത്തിൽ  കുറേ പശുക്കൾ, വീണുകിടക്കുന്ന ഒരു യുവാവിന്റെ ചുറ്റിനും കൂടിനിന്നു അമറിക്കരയുന്നു. സ്വതവേ 
ദീനദയാലുവായ അദ്ദേഹം ഉടനെ താഴേക്ക് ഇറങ്ങി അതിന്റെ കാരണം എന്താണെന്ന് അറിയാൻ ശ്രമിച്ചു.

ആ യുവാവ് മരിച്ചു കിടക്കുകയാണെന്നും, വീട്ടിലേയ്ക്ക് പോകാൻ സമയമായതുകൊണ്ട് അവ അയാൾക്ക്‌ ചുറ്റും കൂടിനിന്ന് അക്ഷമരായി  നിൽക്കുകയാണെന്നും മനസ്സിലാക്കി. ആ യുവാവ് മരിച്ചുപോയത് അവർ മനസ്സിലാക്കി എന്നും അദ്ദേഹത്തിന് തോന്നി. പൈക്കളോട്  അലിവ് തോന്നിയ അദ്ദേഹം കൂടുവിട്ടു കൂടുമാറാൻ ഉള്ള തന്റെ സിദ്ധി ഉപയോഗിച്ച് അവയെ ആശ്വസിപ്പിക്കാൻ തീരുമാനിച്ചു.

 മറവുള്ള ഒരു സ്ഥലത്ത് ചെന്ന് ശരീരം മറച്ചുവച്ചശേഷം മൂലൻ എന്ന ആ യുവാവിന്റെ ശരീരത്തിൽ കടന്നു. ഉടനെ അയാൾ എണീറ്റ്‌ പശുക്കളെയും തെളിച്ചു കൊണ്ട് വീട്ടിലേക്കു പോയി.

 വീട്ടിലെത്തിയ ഭർത്താവിനെക്കണ്ട ഭാര്യ ഓടി അടുത്തേക്ക് വന്നു.
" ഇന്നെന്താ വരാൻ ഇത്ര വൈകിയത് " എന്ന്  പരിഭവത്തോടെ പറഞ്ഞു. അപ്പോഴാണ് മൂലന്റെ ശരീരത്തിൽ കയറിയ സുന്ദരരർക്കു തന്റെ അവിവേകം മനസ്സിലായത്. ഉടനെ അദ്ദേഹം അവിടെ നിന്ന് പോകാൻ തുടങ്ങി.

ഭാര്യ പിറകേ ഓടിവന്ന് കൈയ്യിൽപിടിക്കാൻ ശ്രമിച്ചു.
" ഹേ സ്ത്രീയെ എന്നെ സ്പർശിക്കരുത്. ഞാൻ നിന്റെ ഭർത്താവല്ല. ഞാൻ സിദ്ധനായ സുന്ദരർ ആണ് "
എന്ന് പറഞ്ഞ് കൈവിടുവിച്ചു. നടന്ന സംഭവങ്ങൾ വിശദീകരിച്ചു. പക്ഷേ അവൾ വിശ്വസിക്കാൻ തയ്യാറായില്ല. അങ്ങനെ ഗ്രാമസഭയിൽ ചെന്ന് തന്റെ ആവലാതി അറിയിച്ചു.

തന്റെ ഭർത്താവ് തന്നെ ഉപേക്ഷിക്കാൻ കള്ളം പറയുകയാണെന്ന് അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു. പക്ഷേ താൻ സുന്ദരർ ആണെന്നും, മൂലന്റെ ശരീരത്തിൽ കയറിയതാണെന്നും അത് താൻ തെളിയിക്കാൻ  തയ്യാറാണെന്നും അറിയിച്ചു.


ഉടനെ അദ്ദേഹം മൂലന്റെ ശരീരത്തിൽ നിന്നും പുറത്തിറങ്ങി. ആ ശരീരം താഴേക്ക് പതിച്ചു. ഉടനെ വീണ്ടും ആ ശരീരത്തിലേക്ക് കയറി. ഉടനെ മൂലൻ എഴുന്നേറ്റ് നിന്നു. ഇതുകണ്ടുനിന്ന എല്ലാപേരും അദ്ദേഹം പറഞ്ഞത് സത്യമാണെന്ന് അംഗീകരിച്ചു.

 താൻ സ്വന്തം ശരീരം സൂക്ഷിച്ച് വച്ചിടത്ത് ചെന്ന് അതിൽ പ്രവേശിച്ചശേഷം, മൂലന്റെ ശരീരം സംസ്കാരച്ചടങ്ങുകൾക്കായി  എത്തിക്കാം എന്ന് വാക്ക് കൊടുത്തശേഷം അദ്ദേഹം സ്വന്തംശരീരം സൂക്ഷിച്ചുവച്ചിരുന്ന സ്ഥലത്തേക്ക് പോയി.പക്ഷേ ആ ശരീരം ആരോ മറവ്ചെയ്തിരുന്നു. ശരീരം നഷ്ടപ്പെട്ട അദ്ദേഹം ഇതൊക്കെ ഭഗവാന്റെ ലീലകളാണെന്ന് തിരിച്ചറിയുകയും വീണ്ടും തിരികെ മൂലന്റെ ഗ്രാമത്തിൽ എത്തി വിവരം പറയുകയും ചെയ്തു.


 വടക്കുനിന്നും വന്ന തന്റെ അറിവുകൾ, മൂലന്റെ ശരീരത്തിലൂടെ ശുദ്ധമായ തമിഴിൽ ഇവിടെയുള്ള ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് തന്റെ നിയോഗം എന്ന് അദ്ദേഹം മനസ്സിലാക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം അവിടെ നിന്നും വീണ്ടും തന്റെ യാത്ര
പുന:രാരംഭിച്ചു. 


പിന്നെ രണ്ട് സന്ദർഭങ്ങളിൽ അദ്ദേഹം
പരകായപ്രവേശം നടത്തിയതായി കഥകൾ പറയുന്നു. അതിലേക്കു കൂടുതൽ ശ്രദ്ധിക്കുന്നതിനേക്കാൾ പ്രസിദ്ധമായ അദ്ദേഹത്തിന്റെ തിരുമന്ത്രത്തിലെ വരികൾ കൂടുതൽ അറിയാം.

I.ഒന്റവൻട്രാനെ  ഇരണ്ടവൻ നിന്നരുൾ
നിന്റെനൻ മൂൻറിനുൾ നാൻങ്കുണർന്താൻ
അയ്‌ന്ത് വെൻറനൻ ആറ് വിരിന്തനൻ
ഏഴുംപർച്ചെൻറനൻ താൻ ഇരുന്താൻ
ഉണർന്തെട്ടേ..
ഇത് തിരുമൂലരുടെ തിരുമന്തിരത്തിലെ(തിരുമന്ത്രം )
ഒന്നാമത്തെ ശ്ലോകമാണ് . മൂവായിരം ശ്ലോകങ്ങൾ ആണ് തിരുമന്തിരത്തിൽ ഉള്ളത്.

ഒന്റവൻട്രാനെ..( ദൈവം ഒന്നേയുള്ളു)

ഇരണ്ടവൻ നിന്നരുൾ
നിന്റെനൻ..

(അചലമായ, അരൂപിയായ ഈശ്വരൻ ചലനാത്മകമായി, സരൂപിയായി ശിവൻ, ശക്തി എന്ന് രണ്ടായി വർത്തിക്കുന്നു.)

മൂൻറിനുൾ..
( ബ്രഹ്‌മാ, വിഷ്ണു, ശിവൻ എന്ന് മൂന്നായി  സൃഷ്ടി, സ്ഥിതി, സംഹാരം എന്ന മൂന്നിനുൾ അടങ്ങി )

നാൻങ്കുണർന്താൻ
( നാല് വേദങ്ങളായി )

അയ്‌ന്ത് വെൻറനൻ..
(പഞ്ചേന്ത്രിയങ്ങളെ ജയിച്ചവൻ.. ഈശ്വരൻ )

ആറ് വിരിന്തനൻ..
( ആറ് ചക്രങ്ങളായ മൂലാധാരം, സ്വാതിഷ്ഠാനം, മണിപൂരകം,അനാഹതം, വിശുദ്ധി, ആജ്ഞ തുടങ്ങിയ ചക്രങ്ങളിലൂടെ വികസിക്കുന്നവൻ )

ഏഴുംപർച്ചെൻറനൻ താൻ ഇരുന്താൻ

(മൂലധാരത്തിൽ കുണ്ഡലിനി ശക്തിയായി വർത്തിച്ച്  യോഗവിദ്യയിലൂടെ ആറ് ചക്രങ്ങൾവഴി  ഏഴാംചക്രമായ സഹസ്രാരത്തെക്കടന്ന് വെട്ടവെളിയിൽ കടന്ന് ഏഴു ലോകത്തെയും കടന്നവൻ

ഉണർന്തെട്ടേ..
( പഞ്ചഭൂതങ്ങൾ, സൂര്യൻ, ചന്ദ്രൻ ആത്മാവ് എന്നിവയിലൂടെ ഭഗവാൻ നമ്മളെയും അദ്ദേഹത്തിന്റെ സ്ഥിതി നമുക്ക് ഉണർത്തുന്നു. )

  നമ്മൾ ഒരുപാട് കേട്ടിട്ടുള്ള ചൊല്ലുകൾ ആയ അൻപേ ശിവം, യാംപെറ്റ ഇൻപം പെറുക ഇവ്വയ്യകം എന്നിവ തിരുമന്തിരത്തിലേതാണ്. 


തിരുമന്ത്രത്തിലെ മൂലമന്ത്രമായി  കരുതപ്പെടുന്ന നാലുവരി ശ്ലോകം നോക്കാം.


II. ശിവശിവ എൻകിലർ തീവിനൈയാളർ
ശിവശിവ  എൻട്രിട തീവിനൈ മാളും
ശിവശിവ എൻട്രിട ദേവരും ആവർ
ശിവശിവ  എന്ന ശിവഗതി താനേ.

ശിവശിവ എൻകിലർ തീവിനൈയാളർ

( തീവിനൈ അതായത് പാപകർമ്മകൾ ചെയ്തവർ അവരുടെ കർമ്മഫലം കൊണ്ട് ശിവശിവ എന്ന് ഉച്ചരിക്കാൻ പോലും ഭാഗ്യമില്ലാത്തവരായിത്തീരും.

ശിവശിവ  എൻട്രിട തീവിനൈ മാളും

( അതേസമയം ശിവശിവ എന്ന് പറഞ്ഞാലോ പാപങ്ങൾ വിലകും )

ശിവശിവ എൻട്രിട ദേവരും ആവർ.

ശിവശിവ എന്ന് ജപിക്കുന്നവൻ മനുഷ്യനിലയിൽ നിന്നും ഉയർന്ന് ഈശ്വരനിലയെ അടയാം.

അതിനിടയ്ക്ക് എന്താണ്‌
പരകായപ്രേവേശം എന്ന് ഒരൽപ്പം നോക്കാം.
 സിദ്ധന്മാർ യോഗവിദ്യയിലൂടെ കുണ്ഡലിനിയെ ഓരോ ചക്രങ്ങളിലും ഉയർത്തുമ്പോൾ സിദ്ധമാകുന്ന അഷ്ടമാ സിദ്ധികളെക്കുറിച്ച് കേട്ടിട്ടില്ലേ?


അഷ്ടം എന്നാൽ എട്ട്. മാ എന്നാൽ മഹത്തായ, ഉയർന്ന. അത് ഏതൊക്ക എന്ന് നോക്കാം.

1. അഹിമ.. അണുവിലും ചെറുതായി രൂപം കൈക്കൊള്ളാൻ ഉള്ള കഴിവ്. ഉദാഹരണം ഹനുമാൻ സീതാദേവിയെ അന്വേഷിച്ച് ശ്രീലങ്കയിൽ പ്രവേശിച്ചപ്പോൾ ഈ സിദ്ധി ഉപയോഗിച്ചു എന്ന് കാണാം.

2. മഹിമ...ഘനമുള്ളതിനെ ലഘുവാക്കുന്ന ശക്തി.. ഹനുമാൻ സഞ്ജീവി മലയെ കൈയ്യിൽ എടുത്തു പറന്നു എന്ന് കാണാം.

3. ലഹിമ...ചെറുതായ ഒന്നിനെ ഏറ്റവും വലുതായിക്കാട്ടുന്ന കഴിവ്.. വിശ്വരൂപ ദര്ശനം.

4. ഗരിമ.. ലഘുവായത്  ഘനമാക്കുന്ന കഴിവ്.. ഹനുമാന്റെ വാല്
പൊക്കാനാവാത്ത ഭീമന്റെ അവസ്ഥ.

5. പ്രാപ്തി
തടസ്സമില്ലാതെ എവിടെയും കടക്കാൻ ഉള്ള കഴിവ്.

6. പ്രാകാമ്യം.. പലയിടത്തും ഒരേ സമയം പ്രത്യക്ഷപ്പെടാൻ ഉള്ള കഴിവ്.

7. ഈശത്വം.. ഈശ്വരനിലയിൽ എത്തുക. തത്വമസി..ഈശ്വരനുള്ള സൃഷ്ടി, സ്ഥിതി, സംഹാരം തുടങ്ങിയ ശക്തികൾ സ്വായത്തമാക്കുക. വിശ്വാമിത്രമഹർഷി ത്രിശങ്കു സ്വർഗ്ഗം സൃഷ്ടിച്ചപ്പോലുള്ള കഴിവുകൾ.

8. വശിത്വം...ദേവൻ, അസുരൻ പിന്നെ ഭൂമിയിലെ സർവ്വചരാചാരങ്ങളെയും തൻവശപ്പെടുത്തുന്ന കഴിവ്.  കാട്ടുമൃഗങ്ങൾ പോലും സിദ്ധന്മാർക്ക് വിധേയപ്പെട്ടു നിൽക്കും എന്ന് പറയപ്പെടുന്നു.
ഇതിൽ പ്രാകാമ്യം ആണ്
പരകായപ്രവേശം അഥവാ കൂടുവിട്ടു കൂടുമാറുക എന്ന  കഴിവ്.


 അപ്പോൾ സ്വാഭാവികമായും നമുക്ക് ഒരു സംശയം തോന്നാം. ഇക്കാലത്ത് ഇതൊന്നും കാണുന്നില്ലല്ലോ? അപ്പോൾ ഇതൊക്കെ കുറേക്കെട്ടുകഥകൾ  അല്ലേ എന്ന്. ന്യായമായ സംശയം.

 പക്ഷേ സിദ്ധന്മാരുടെ കുറിപ്പുകൾ വായിച്ചാൽ മനസ്സിലാകും എത്രത്തോളം സമർപ്പണം ആവശ്യമാണ് ആ സിദ്ധികൾ ലഭിക്കാൻ  എന്ന്. ഒന്ന് സന്ധ്യാനാമം ജപിക്കാൻ പോലും വിമുഖരാണ് നാമിന്ന്.


 അഷ്ടമാ സിദ്ധികൾ എന്നത് ഓരോ ചക്രങ്ങളെയും കടന്ന് പോകുമ്പോൾ സ്വയമേവ ലഭിക്കുന്ന കഴിവുകൾ ആണ്. അതിനൊപ്പം മുപ്പ്, ശിവനീര്, നാഥവിന്ത് നീര് എന്നുള്ള പലപേരുകളിൽ അറിയപ്പെടുന്ന ഒരു ഔഷധവും ഗുരുവിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം സേവിക്കുമത്രേ. സിദ്ധന്മാർ രസവാദവിദ്യയിലും അഗ്രഗണ്യന്മാർ ആയിരുന്നല്ലോ?


ഇത് കഴിച്ചാൽ ശരീരത്തിൽ ചില രാസമാറ്റങ്ങൾ സംഭവിക്കുകയും പല കഴിവുകളും സിദ്ധിക്കും എന്നും
" ചാകാക്കലൈ " എന്ന പുസ്തകത്തിൽ പറയുന്നു. അഘോരികൾ, നാഗന്മാർ, ബാബാക്കൾ എന്നിവരുടെ ശരീരം ഭസ്മലേപനം ചെയ്തപോലെ വെളുത്തു കാണപ്പെടുന്നത് ഈ രാസമാറ്റം കൊണ്ടാണെന്നും പറയപ്പെടുന്നു.



  ഇതൊക്കെ വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം. നേരിൽക്കാണാൻ കഴിഞ്ഞാൽ വിശ്വാസം ഉണ്ടാകും എന്ന് തോന്നുന്നു.

പണ്ട് തമിഴിലെ വിജയ് ടിവി ചാനലിൽ നോക്കുവർമ്മത്തിന്റെ ഒരു പരിപാടി കണ്ടത് ഓർക്കുന്നു. ഗുരു, ശിഷ്യന്മാരെ ദൂരത്തുനിന്നുകൊണ്ട് ശക്തമായ, തീക്ഷ്ണമായ നോട്ടത്തിലൂടെ താഴേയ്ക്ക് തള്ളിയിടുന്നു. ശിഷ്യന്മാർ അടിയേറ്റതുപോലെ താഴേയ്ക്ക് ബോധരഹിതരായി വീഴുന്നു. ഉടനെ സ്വഭാവികമായും നമുക്ക് തോന്നുന്ന ഒരു സംശയം ചാനലിന്റെ ക്യാമറാമേന് തോന്നി.


 ഇത് ഗുരുവും, ശിഷ്യന്മാരും കൂടെയുള്ളൊരു രഹസ്യധാരണ ആയിക്കൂടെ എന്ന്. അതുകൊണ്ട് അയാൾ, തന്നെ നോക്കുവർമ്മത്തിലൂടെ താഴേയ്ക്ക് വീഴ്ത്താമോ എന്നൊരു ചോദ്യം ചോദിച്ചു. അതിന് ഗുരു പറഞ്ഞു
" ഞാൻ റെഡി. പക്ഷേ അത് താങ്ങാൻ ഉള്ള ശേഷി നിങ്ങൾക്കുണ്ടോ എന്ന് എനിക്ക് സംശയമാണ് "എന്ന്.


 അതിന് ക്യാമറാമാൻ എന്റെ സംശയം ഇപ്പോൾ ഒന്നുകൂടെ വർദ്ധിച്ചു എന്നറിയിച്ചു. അങ്ങനെ ഒരുപാട് ശ്രമങ്ങൾക്ക്ശേഷം ഗുരു സമ്മതിക്കുകയും ക്യാമറാമേനെ നോക്കു വർമ്മത്തിലൂടെ താഴേയ്ക്ക് തള്ളിയിടുകയും ചെയ്തു.


 അയാൾക്ക്‌ തിരുകെ ബോധം വരുത്താൻ ഗുരു ഏതോ മർമ്മങ്ങളിൽ ചൂണ്ടുവിരൽകൊണ്ട് അമർത്തുന്നതും കണ്ടു. എണീറ്റ അയാൾ അടിയേറ്റപോലെ ക്ഷീണിതൻ ആണെന്ന് പറയുകയും ചെയ്തു. ഇതൊക്കെ സ്വന്തം അനുഭവങ്ങളിൽ വന്നാൽപ്പോലും നമുക്കൊക്കെ സംശയങ്ങൾ അവശേഷിക്കും. കാരണം ഇത്തരം കാര്യങ്ങളിൽ നാം ഇന്നും അഞ്ജരാണ്.


 ഇന്നും ഈ സിദ്ധികൾ ഉള്ളവർ ഉണ്ട്. പക്ഷേ അവർ പൊതുസമൂഹത്തിൽ നിന്നും അകന്നുകഴിയാൻ താൽപ്പര്യപ്പെടുന്നു. ഇന്നത്തേക്കാലത്തു ഇതൊന്നും വിശ്വസിക്കാനും ആരും തയ്യാറല്ല. കൺകെട്ടെന്നോ, മായാജാലം എന്നോ ഒക്കെ അവരെ പരിഹസിക്കുകയും ചെയ്യും.

ഒന്നുമില്ലാതെ അത്തരം സിദ്ധികളും, അത് നേടുന്നവിധവും ഒക്കെ വെറുതെ ആരെങ്കിലും ഒരുപാട് പുസ്തകങ്ങളിൽ എഴുതിവയ്ക്കുമോ എന്നൊരു മറുചോദ്യത്തിനും ഉപാധിയുണ്ട്.


 ഇനി തിരുമന്തിരത്തിലെ മറ്റൊരു ശ്ലോകം നോക്കാം.
III. അപ്പണി സെഞ്ചടൈ ആദിപുരാതനൻ 
മുപ്പുരം ചെറ്റനൻ  എൻപർകൾ മൂഡർ
കൾ
മുപ്പുരമാവത് മുമ്മല്ലകാരിയം അപ്പുരം എയ്തമയ്  യാരറിവാരെ.


ത്രിപുരദഹനത്തിന്റെ കഥയെയും യഥാർത്ഥത്തിൽ ആ കഥയുടെ സന്ദേശത്തെയും വിവരിക്കുന്നതാണ് ഈ വരികൾ.

താരകാസുരന്റെ മക്കളായ താരകാക്ഷൻ,
കമലാക്ഷൻ, വിദ്യുന്മാലി എന്നിവർ നിർമ്മിച്ച സ്വർണ്ണം, വെള്ളി, ഇരുമ്പ് എന്നീ ലോഹങ്ങൾ കൊണ്ടുള്ള മൂന്ന്‌ പുരങ്ങളെ (നഗരങ്ങളെ ) ഭഗവാൻ പരമശിവൻ ഒറ്റ അമ്പ് എയ്തു നശിപ്പിച്ച് ആ അസുരന്മാരെ നിഗ്രഹിച്ച കഥയാണ് പ്രതിപാദ്യം.

അപ്പണി.. അപ്പു എന്നാൽ ജലം.  ജലത്തെ അണിഞ്ഞവൻ അതായത് ഗംഗാധരൻ.

സെഞ്ചടൈ - ചുവന്ന ജടയുള്ളവൻ

ആദിപുരാതനൻ - അതിപുരാതനകാലം മുതൽക്കേ ഉള്ളവൻ

മുപ്പുരം ചെറ്റനൻ - മൂപ്പുരങ്ങളെ എരിച്ച വൻ

എൻപർകൾ മൂഡർകൾ - എന്ന് മൂഡൻമാർ  പറയും.

മുപ്പുരമാവത് മുമ്മല്ല കാരിയം - അത് മുപ്പുരം എന്നതല്ല മൂന്ന് മലങ്ങൾ അതായത് അഹങ്കാരം, മായ, കല്മഷം (പാപം )
അപ്പുരം എയ്തവൻ യാരറിയാരോ - എന്ന മൂന്ന് പുരങ്ങളെ ആണ് എയ്തു നശിപ്പിച്ചത് എന്ന കാര്യം ആരറിയുന്നു?

മൂവായിരത്തോളം ശ്ലോകങ്ങളും എഴുതണമെന്നുണ്ട്. ഇത്രയുമെങ്കിലും അറിയാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. അടുത്ത ഭാഗത്തിൽ മറ്റൊരു മഹാത്മാവിനെക്കുറിച്ച് അറിയാം. വാഴ്ക വളമുടൻ അതായത് എല്ലാവരും സുഭിക്ഷമായി വാഴട്ടെ. ഈശ്വരാർപ്പണം.



Comments

Popular posts from this blog

അച്യുതൻ മാമന്റെ ചായക്കട ( ഓർമ്മകൾ )

അവില് ദോശയും, പച്ച കപ്പലണ്ടി മസാലക്കറിയും.❤️

പുനർജ്ജനി തേടി ( തുടർക്കഥ )