വള്ളലാർ എന്ന രാമലിംഗസ്വാമികൾ 🙏

വള്ളലാർ എന്ന രാമലിംഗസ്വാമികൾ.

ആരാണ് ഈശ്വരൻ, എന്താണ് ഈശ്വരൻ എന്ന് നാല് വരിയിൽ പറഞ്ഞു വച്ച ആത്മീയാചാര്യൻ, അരുൾപ്രകാശ വള്ളലാർ.
അരുട്പെരും ജ്യോതി!
അരുട്പെരും ജ്യോതി!
തനിപ്പെരും കരുണയ്!
അരുട്പെരും ജ്യോതി!
എന്നതായിരുന്നു അദ്ദേഹത്തിന്റെ  താരകമന്ത്രം. ഈശ്വരൻ എന്നത് ജ്യോതിസ്വരൂപൻ ആണെന്നും, തനിപ്പെരും കരുണയ് അതായത് കരുണാസാഗരം ആണെന്നും ആണ്  വള്ളലാർ സ്വയം ഉണർന്ന് നമ്മോട് പറയുന്നു.

അതിലേക്കെത്താൻ നമുക്കു വേണ്ട ഒരേ ഒരു ഗുണം ജീവകാരുണ്യം ആണെന്നും അദ്ദേഹം ഉപദേശിക്കുന്നു.
"ജീവകാരുണ്യമേ മോക്ഷവീട്ടിൻ
തിറവുകോൽ"  അതായത് മോക്ഷം എന്ന വീടിന്റെ താക്കോൽ എന്നത് സർവ്വ ചാരാചാരങ്ങളോടും നാം കാട്ടുന്ന കാരുണ്യം ആണ് . അതുകണ്ട് ഭഗവാൻ നമ്മിൽ കാരുണ്യം ചൊരിഞ്ഞ് മോക്ഷപ്രപ്തിയിലേക്ക് ഉയർത്തും എന്നതാണ് ആ സന്ദേശം.

മോക്ഷം എന്നത്  മരണമില്ലാത്ത അവസ്ഥ (മരണമില്ലാ പെരുവാഴ്‌വ് )എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ഉപദേശം.
അതിലേയ്ക്കെത്താൻ ശരീരത്തെ പ്രാപ്തമാക്കേണ്ട ശീലങ്ങളും, നിഷ്ഠയുമൊക്കെ ശ്ലോകങ്ങളിലൂടെ അദ്ദേഹം എഴുതിവച്ചിട്ടുണ്ട്. ജീവ കാരുണ്യം ആണ് അതിനുവേണ്ട പ്രധാന ഗുണം എന്നത് അദ്ദേഹത്തിന്റെ ശ്ലോകങ്ങളിൽ കാണാം.

വാടിയ പയിരൈ
കണ്ടപോതെല്ലാം വാടിനേൻ.
പശിയിനാൽ ഇളൈത്തെ
വീട്തോറിരന്തും പശിയറാതയർന്ത
വെറ്റരയ്‌ക്കണ്ടുള്ളം പതയ്ത്തേൻ.
നീടിയ പിണിയാൽ വരുന്തുകിൻട്രോർ
എൻ നേർ
ഉറക്കണ്ടുള്ളം തുടിത്തേൻ
ഈടിൻ മാനികളായ് ഏഴയ്കളായ്
നെഞ്ചിളൈത്തവർ
തമ്മയ് കണ്ടേ ഇളൈത്തേൻ.
എന്ന് അദ്ദേഹം പറയുന്നു.

(i)  വാടിയ പയിരൈ
കണ്ടപോതെല്ലാം വാടിനേൻ
അതായത് ജലമില്ലാതെ വാടി നിൽക്കുന്ന ഒരു പുൽച്ചെടിയുടെ ദയനീയാവസ്ഥ കണ്ടപ്പോഴെല്ലാം ഞാനും വാടിപ്പോയി അല്ലെങ്കിൽ അതുപോലെ തളർന്നുപോയി.

(ii)  പശിയിനാൽ ഇളൈത്തെ
വീട്തോറിരന്തും പശിയറാതയർന്ത
വെറ്റരയ്‌ക്കണ്ടുള്ളം പതയ്ത്തേൻ.

പശിയാൽ ഇളൈത്ത് -  വിശപ്പ് കൊണ്ട് മെലിഞ്ഞ്
വീടുതോറിരന്തും -  വീടുകളിൽ ചെന്ന് യാചിച്ചിട്ടും
പശി അറാത് -വിശപ്പ് മാറാതെ, ഒന്നും കിട്ടാത്തതുകൊണ്ട് വിശപ്പ് അറുക്കാൻ പറ്റാതെ,
അയർന്ത - ക്ഷീണിച്ച
വെറ്റരയ്‌ക്കണ്ടുള്ളം പതയ്ത്തേൻ- വെറ്റര യ് , ദരിദ്രരെ കണ്ട് ഉള്ളം അസ്വസ്ഥമായി.

(iii) നീടിയ പിണിയാൽ വരുന്തുകിൻട്രോർ
എൻ നേർ
ഉറക്കണ്ടുള്ളം തുടിത്തേൻ
നീടിയ പിണിയാൽ  - ദീർഘനാളത്തെ വ്യാധിയാൽ
വരുന്ത്കിൻട്രോർ - ദുഖിക്കുന്നവർ
എൻ നേർ - എൻ മുന്നേ
ഉറക്കണ്ടുള്ളം തുടിത്തേൻ - വരുമ്പോൾ എന്റെ ഉള്ളം തുടിച്ചു.

(iv) ഈടിൻ മാനികളായ് ഏഴയ്കളായ്
നെഞ്ചിളൈത്തവർ
തമ്മയ് കണ്ടേ ഇളൈത്തേൻ.
ഈടിൻ മാനികൾ - അഭിമാനമുള്ളവർ
ഏഴയ്കളായ്  നെഞ്ചിളൈത്തവർ - ദാരിദ്ര്യംകൊണ്ട് ഉള്ളംവാടി
തമ്മയ് കണ്ടേ ഇളയ്ത്തേൻ - അങ്ങനെ ഉള്ളവരെ കണ്ട് ഞാനും  ഉള്ളം വാടി ശോഷിച്ചുപോയി.
അതാണ് ജീവകാരുണ്യം. അതില്ലാത്തവന് ഈശ്വരനെ അറിയാൻ പറ്റില്ല എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന സന്ദേശം.

മനുഷ്യരോട് മാത്രമല്ല സർവ്വ ചാരാചാരങ്ങളോടും ഈ കാരുണ്യം കാട്ടണം എന്നും അദ്ദേഹം ഉപദേശിക്കുന്നു. തീന്മേശയിൽ മത്സ്യ മാംസാദികൾ മസാലയിട്ട് രുചിയേറ്റി ആസ്വദിച്ചു കഴിക്കുന്നവൻ ജീവകാരുണ്യത്തെക്കുറിച്ച് സംസാരിക്കുന്നത് അസംബന്ധമാണ്.

തുൺ എന കൊടിയോർ പിറ ഉയിർ
കൊല്ലത്തൊടങ്കിയപോതെല്ലാം പയന്തേൻ
കണ്ണിനാൽ അയ്യോ പിറ ഉയിർ പതയ്ക്ക
കണ്ട കാലത്തിലും പതയ്ത്തേൻ
മണ്ണിനിൽ വലയും,തൂണ്ടിലും, കണ്ണി
വകയ്കളും കണ്ടപോതെല്ലാം എണ്ണി എൻ ഉള്ളം
നടുങ്കിയ നടുക്കം എന്തൈ നിൻ ഉള്ളം അറിയും..
( അതായത് തുനിഞ്ഞു മറ്റുള്ളവർ ജീവികളെ മാംസത്തിനുവേണ്ടി കൊല്ലുന്നതു കണ്ട് മനസ്സ് ഭയന്നു. ആ ജീവികൾ ഭയന്ന് പകച്ചു നിൽക്കുന്നത് കണ്ട് താനും പകച്ചു. മൃഗങ്ങളെയും, മത്‍സ്യങ്ങളെയും പിടിക്കാൻ വലയും, ചൂണ്ടയും,  വിവിധങ്ങളായ കണ്ണിവെടികളും കണ്ട് അതിൽ അകപ്പെടുന്ന മൃഗങ്ങളുടെ അവസ്ഥ ആലോചിച്ചു എന്റെ മനസ്സ് നടുങ്ങിയ നടുക്കം എങ്ങനെ നിന്റെ ഉള്ളം അറിയാനാണ് എന്നും അദ്ദേഹം പാട്ടുകളിലൂടെ താൻ അനുഭവിച്ച മനവേദനയെപ്പറ്റി പറഞ്ഞു വയ്ക്കുന്നു.) എല്ലാം വാക്കുകളിൽ അല്ലാതെ പ്രവർത്തിയിലും തന്റെ ജീവകാരുണ്യം വെളിപ്പെടുത്തിയ മഹാത്മാവാണ്  അദ്ദേഹം.

അതിലേക്കു വരുന്നതിനു മുൻപ്  ചെറുതായി അദ്ദേഹത്തിന്റെ ജീവചരിത്രം ചുരുക്കിപ്പറയാം എന്ന് വിചാരിക്കുന്നു.

ചിദംബരത്തിനടിത്തുള്ള മരുതൂരിൽ 1823, ആഗസ്റ്റ് 5ന്  ജനനം. കുഞ്ഞിലേ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. മക്കളില്ലാത്ത  ഏകസഹോദരനും, ഭാര്യക്കും സ്വന്തം കുട്ടിയെപ്പോലെ അവൻ വളർന്നു. ഉന്നത വിദ്യാഭ്യാസം നൽകി അവന്റെ ഭാവി ശോഭനമാക്കണമെന്ന ജ്യേഷ്ഠന്റെ ആഗ്രഹം അവന്  സ്വീകാര്യമായില്ല.

പുസ്തകഅറിവല്ല ആത്മജ്ഞാനം ആണ് ഏറ്റവും വലിയ അറിവെന്ന് അവൻ  വാദിച്ചു. ജ്യേഷ്ഠന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹത്തിന്റെ തന്നേ ഗുരുവായ കാഞ്ചിപുരം  മഹാവിധ്വാൻ സഭാപതി മുതലിയാരുടെ അടുക്കൽ ചെന്നുവെങ്കിലും, വഴിയിൽ ഉള്ള കന്തർക്കോട്ടം എന്ന മുരുകന്റെ അമ്പലത്തിൽ ചെന്നിരുന്നു ശ്ലോകങ്ങൾ ചമയ്ക്കുക ആയിരുന്നു പതിവ്. അദ്ധ്യാപകൻ പാഠശാലയിൽ പഠിപ്പിക്കുന്ന സമയത്തും അതിലെ പിഴവുകൾ ചൂണ്ടിക്കാണിക്കുമായിരുന്നുവത്രേ!!! . ഒരു ഉദാഹരണം പറയാം.

ഓതാമൽ ഒരു നാളും ഇരുക്ക വേണ്ടാം
ഒരുവരയും പൊല്ലാങ്കു സൊല്ല വേണ്ടാം
മാതാവയ് ഒരു നാളും മറക്ക വേണ്ടാം
വഞ്ചനയ്കൾ സെയ്‌വാരോട് ഇണങ്ക വേണ്ടാം.
ഇത് താഴ്ന്ന ക്ളാസുകളിൽ സ്ഥിരമായി കുട്ടികൾക്ക് പഠിപ്പിക്കുന്ന സാരോപദേശത്തിന്റെ രീതിയിലുള്ള പാട്ടാണ്.

ഒരിക്കൽ അദ്ധ്യാപകൻ ഇത് കുട്ടികൾക്ക് ചൊല്ലിക്കൊടുക്കുകയായിരുന്നു. കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു. പക്ഷേ രാമലിംഗം മാത്രം ഏറ്റ് ചൊല്ലാത്തത് കണ്ട അദ്ധ്യാപകൻ അതീവ ദേഷ്യത്തോടെ നീ മാത്രം എന്താണ്‌ മിണ്ടാതിരിക്കുന്നത് എന്ന് അദ്ദേഹത്തെ ശകാരിക്കാൻ തുടങ്ങി. അതിന് അദ്ദേഹം വേണ്ടാം വേണ്ടാം എന്നവസാനിക്കുന്നത് അമംഗളത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ട് തനിക്ക് അത് സ്വീകാര്യമാകുന്നില്ല എന്നറിയിച്ചു. അതിനുപകരം പെട്ടെന്ന് തന്നെ ഒരു ശ്ലോകം ചമച്ച് അദ്ധ്യാപകനെ കേൾപ്പിച്ചു.

ഒരുമയുടൻ നിനത് തിരുമലരടി നിനൈക്കിന്റെ
ഉത്തമർ തൻ ഉറവുവേണ്ടും
( ഒരേ മനസ്സോടെ നിന്റെ പദ്മപാദങ്ങൾ ധ്യാനിക്കുന്ന ഉത്തമരായ ജനങ്ങളുടെ സഹവാസം എനിക്ക് വേണം )
ഉള്ളൊൻറു വൈത്ത് പുറമൊൻറ് പേസുവാർ
ഉറവ് കലവാമയ് വേണ്ടും
( ഉള്ളിൽ ഒന്ന് വച്ച് പുറമേ മറ്റൊന്ന് കാട്ടുന്ന കാപട്യക്കാരുടെ ബന്ധം ഒഴിവാക്ക വേണം )
പെരുമൈ പെറും നിനത് പുകഴ് പേശ വേണ്ടും
പൊയ്മൈ പേശാതിരുക്ക വേണ്ടും
പെരുനെറി പിടിത്തൊഴുക വേണ്ടും
മതമാന പേയ് പിടിയാതിരുക്ക വേണ്ടും.
( നിന്റെ പെരുമകൾ പാടി പുകഴ്ത്തണം, അസത്യം പറയാതിരിക്കണം, ധർമത്തിന്റെ പാതയിൽ സഞ്ചരിക്കണം, മതം എന്ന പേയ് പിടിക്കാതിരിക്കണം)
മതിവേണ്ടും നിൻ കരുണൈ നിധി വേണ്ടും
നോയറ്റ വാഴ്‌വ് നാൻ വാഴവേണ്ടും
തണ്മുഖത്തുയ്യ മണി യൂൺമുഖ ശൈവമണി
ചൺമുഖ ദൈവമണിയേ.
( ബുദ്ധിവൈഭവം വേണം, നിന്റെ കരുണയാകുന്ന നിധി വേണം, രോഗപീഡയില്ലാതെ ഞാൻ വാഴണം എന്ന് സുബ്രഹ്മണ്യ ഭാഗവാനോട്  പ്രാർത്ഥിക്കുന്നതായിട്ടാണ് ഈ ശ്ലോകം ചമച്ചിരിക്കുന്നത്. )

അങ്ങനെ വേണ്ടും വേണ്ടും എന്ന്  അവസാനിക്കുന്ന രീതിയിൽ ആ പാട്ട് മാറ്റിയെഴുതി ചൊല്ലിയും കാട്ടി. ഗുരു അതുഭുതസ്തബ്ദനായി കേട്ടിരുന്നുപോയി. ഒരു വ്യാകരണപ്പിഴവും കൂടാതെ ആകെ ഒൻപതു വയസ്സുള്ള കുട്ടി ശ്ലോകങ്ങൾ എഴുതുന്ന ആ വൈഭവം കണ്ട് ഗുരുപോലും ആ കുട്ടിക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല എന്ന് സ്വന്തം ഇഷ്ടത്തിന് വിട്ടു.

യുവാവായപ്പോൾ വിവാഹത്തിൽ താല്പര്യം ഇല്ലെന്നറിയിച്ചു എങ്കിലും, അമ്മയെപ്പോലെ വളർത്തിയ ഏട്ടത്തിയമ്മയുടെ കണ്ണീരിനു മുൻപിൽ,  അവരുടെ തന്നെ ബന്ധുവായ പെൺകുട്ടിയെ തന്റെ ഇരുപത്തി ഏഴാം വയസ്സിൽ വിവാഹം കഴിച്ചു. ധനക്കോടി എന്നതായിരുന്നു ആ പെൺകുട്ടിയുടെ പേര്. അന്നത്തെ സമ്പ്രദായം അനുസരിച്ച് ഭര്ത്താവിന്റെ  ആധ്യാത്മികജീവിതരീതിയെ അവരും സ്വീകരിച്ചു. ദാമ്പത്യജീവിതം നയിക്കാതെ കുറച്ചുനാൾ കഴിഞ്ഞശേഷം അദ്ദേഹം തീർത്ഥയാത്രയ്ക്ക്  പുറപ്പെട്ടു. ( സന്യാസം എന്നത് ഒരു പ്രാപ്തം ആണ്. അതിലേക്കു പോകുന്നവരെ വിവാഹം കഴിപ്പിച്ച് നേരെയാക്കാൻ ശ്രമിക്കുന്നത് വെറും വിഡ്ഢിത്തം. മാതാപിതാക്കൾ ആണ് ഇവിടെ കുറ്റക്കാർ.)

തീർത്ഥയാത്രയ്ക്ക് പുറപ്പെട്ട അദ്ദേഹത്തെ ചിദംബരത്തിന് അടുത്തുള്ള കരുങ്കുഴി എന്ന ഗ്രാമത്തിലെ സമ്പന്നനും,  അതിലുപരി മുമുക്ഷുവും ആയ ശ്രീ തിരുവേങ്കടം എന്നയാൾ അദ്ദേഹത്തിന്റെ വീട്ടിൽ കുറച്ചു നാൾ വന്ന് താമസിക്കണം എന്ന് അഭ്യർത്ഥിച്ചു.

വെറുമൊരു ആത്മീയാചാര്യൻ എന്നതിൽ ഉപരിയായി ഒരു നല്ല സാമൂഹ്യപരിഷ്ക്ക ർത്താവ്, പ്രഭാഷകൻ, പത്രാധിപർ, ഭാഷാപണ്ഡിതൻ, സാമൂഹികസേവകൻ, സംഗീതജ്ഞൻ, സിദ്ധവൈദ്യൻ എന്നീ നിലകളിലും അദ്ദേഹം തന്റെ വൈദഗ്ദ്ധ്യം തെളിയിച്ചിരുന്നു.

ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വരുതിയിൽ ഭാരതം അടിമത്തംവരിച്ച ആ സാമൂഹികാ വസ്ഥയിൽ അവശ്യം വേണ്ടത്  ജാതിമതാ തീതമായ ഉത്ബോധനം ആണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

ജാതിയിലേ മതങ്കളിലെ സമയ നെറികളിലേ
ശാസ്ത്തിര ചന്തടികളിലെ
ഗോത്തിരച്ചണ്ടയിലെ
ആദിയിലെ അഭിമാനിത്ത് അലൈകിന്റെ ഉലകീർ
അലൈന്ത് അലൈന്ത് വീണേ നീർ
അഴിതൽ അഴകലവേ
(ജാതി, മതം, ശാസ്ത്രം, ഗോത്രം എന്നിവയിൽ അഭിമാനംപൂണ്ട് അതിന്റെ പേരിൽ അടികൂടി വെറുതെ സ്വയം നശിക്കുന്നത് അഴകല്ല എന്ന് ആറാം തിരുമുറയിൽ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കുന്നു.)

ഈശ്വരാന്വേഷി ജാതിമതവിശ്വാസങ്ങൾക്കും, കുലം, ഗോത്രം, വർഗ്ഗം, വർണ്ണം, തുടങ്ങിയവയ്ക്കും അതീതമായി നിലകൊള്ളേണ്ടവനാണെന്നും,
പരമാത്മാവിനെ അറിയാൻ ഇതിന്റെ ഒന്നും ആവശ്യമില്ലെന്നും, ആ നിലയിൽ ഈശ്വരാന്വേഷി വെറുമൊരു ജീവകാരുണ്യം ഉള്ള  മനുഷ്യൻ ആയിരുന്നാൽ മാത്രംമതി എന്നും  അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു.

  യുക്തിവാദത്തെയും അദ്ദേഹം നിശിതമായി  വിമർശിച്ചു. അങ്ങനെ ഒരേസമയം മതവിശ്വാസികളുടേയും , അവിശ്വാസികളുടെയും  ശത്രുത
സമ്പാദിച്ചു. നാം സഹജീവികളോട് കാട്ടുന്ന കാരുണ്യത്താൽ നമ്മിൽ സംപ്രീതനാകുന്ന ഭഗവാൻ നമ്മോട് കാരുണ്യം കാട്ടും എന്ന് അദ്ദേഹം ഉപദേശിക്കുന്നു.

ദൈവം ആരോടാണ് സ്വയം വെളിപ്പെടുന്നത് എന്ന് അദ്ദേഹം എഴുതിയ ഒരു ശ്ലോകം നോക്കാം.
"കർപ്പങ്കൾ പലകോടി ചെല്ല ത്തീയ
കനലിൻ നടു ഊശിയിന്മേൽ കാലൈ ഊൻട്രി പൊർപറ മെയ് ഉണവിൻട്രി
ഉറക്കമിൻറി പുലർന്തെലുമ്പു പുലപ്പട
ഐയുംപൊറിയൈ ഓംപി
നിർപ്പവരുക്കൊളിത്ത്,  മറൈക്കൊളിത്ത്,
യോഗനീൺ മുനിവർക്കൊളിത്തമരർക്കൊളിത്ത്,
മേലാം സിർപതത്തിൽ ചിന്മയമായ് നിറയ്ന്ത് ജ്ഞാനത്തിരുവാളർ ഉട്ക്കലന്ത
ദേവ ദേവേ".

കൽപ്പാന്തങ്ങൾ പലകോടി കടന്നുപോയി,  തീയിൻ നടുവിൽ ഒറ്റ സൂചിയിൽ കാലൂന്നി, ആഹാരവും, ഉറക്കവും ഇല്ലാതെ എല്ലുന്തി, പഞ്ചേന്ദ്രിയങ്ങളെ ജയിച്ചു നിൽക്കുന്നവരിൽ നിന്നും മറഞ്ഞ്, വേദങ്ങൾക്ക് മറഞ്ഞ്, യോഗികൾക്ക് മറഞ്ഞ്, ദേവന്മാർക്കും കാണാനാവാത്ത ചിൻമയനായ ദൈവം വെളിപ്പെടുന്നത് എവിടെയാണ്.

അൻപെനും പിടിയിൽ അകപ്പടും
മലയെ
അൻപെനും കുടിൽ പുകും അരസേ
അൻപെനും കടത്തുൾ അടങ്കും കടലേ
അൻപെനും കരത്തിൽ അകപ്പടും അമുതേ
അൻപെനും വലയ്ക്കുൾ അകപ്പെടും മുത്തേ

(സ്നേഹത്തിന്റെ പിടിയിൽ അകപ്പെടുന്ന മലയേ
സ്നേഹമെന്ന കുടിലിൽ കയറുന്ന സാമ്രാട്ടെ
സ്നേഹത്തിൽ അടങ്ങുന്ന കടലേ
സ്നേഹത്തിന്റെ വലയിൽ അകപ്പെടുന്ന മുത്തേ. സഹജീവിസ്നേഹം കാട്ടുന്നവന്റെ മേൽ ഈശ്വരസ്നേഹം വർഷിക്കപ്പെടുന്നു എന്ന് അദ്ദേഹം ഊന്നിപ്പറയുന്നു.)

ഇതൊക്കെ പ്രവർത്തിയിലും അദ്ദേഹം കൊണ്ടുവന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ മഹത്വം. വിശന്നിരിക്കുന്നവനോട് ഈശ്വരാന്വേഷി ആകാൻ പറയരുത് കാരണം അവന്റെ ശ്രദ്ധയും, ചിന്തയും ആഹാരത്തെക്കുറിച്ച്‌ ആയിരിക്കും. അവനുവേണ്ട ആഹാരം നൽകി സഹജീവി സ്നേഹം കാട്ടണം എന്ന് അദ്ദേഹം സ്വന്തം പ്രവർത്തിയിലൂടെ മറ്റുള്ളവർക്ക് മാതൃകകാട്ടി.

ഇതിനായി
"അണയാത്ത അടുപ്പ് " എന്നൊരു ധർമ്മശാല 23.5.1867 ൽ, വടലൂരിൽ സ്ഥാപിച്ചു. ഇന്നും പതിനായിരങ്ങൾ അവിടെ ചെന്ന് വിശപ്പടക്കുന്നു. ഈശ്വരൻ ഒന്നാണെന്നും, ജ്യോതിസ്വരൂപൻ ആണെന്നും, ഈശ്വരാന്വേഷി ജാതിമതാതീതൻ ആണെന്നും ഉള്ള അദ്ദേഹത്തിന്റെ ഉത്ബോധനത്തെ പ്രചരിപ്പിക്കുന്ന മാർഗ്ഗത്തിന് " സർവ്വമത ശുദ്ധസമരസ സന്മാർഗ്ഗം " എന്ന് അദ്ദേഹം പേരിട്ടു. ഇതിനായി വടലൂരിൽ "സത്യ ജ്ഞാനസഭ" സ്ഥാപിച്ചു.

ആ സഭയുടെ നയങ്ങളിൽ ചിലത് ഇവിടെ പ്രതിപാദിക്കാം.
1. ഈശ്വരൻ ഒന്ന്. അത് ജ്യോതിസ്വരൂപം ആയി നിലകൊള്ളുന്നു.

2. ഈശ്വരന്റെ പേരിൽ ബലികൊടുക്കുന്നത് മൂഢതയാണ്. സർവ്വചരാചരങ്ങളോടും കാരുണ്യത്തോടെ വർത്തിക്കണം

3. അന്നദാനം മഹാദാനം.

4. ജീവകാരുണ്യം മോക്ഷവീടിന്റെ താക്കോൽ.

5. ജാതി, മതം, ശാസ്ത്രസമ്പ്രദായങ്ങൾ ഈശ്വരാന്വേഷണത്തിന് ഉതകില്ല. മറിച്ച് ജീവകാരുണ്യം ആണ് അതിനുള്ള ഏകമാർഗ്ഗം.

28. പക്ഷേ അന്നത്തെ സാമൂഹിക വ്യവസ്ഥിതികളിൽ വിശ്വസിച്ചിരുന്നവർക്ക് അദ്ദേഹത്തിന്റെ ചിന്താഗതികളോട് യോജിക്കാനായില്ല. നിരീശ്വരവാദത്തെയും അദ്ദേഹം അംഗീകരിക്കാത്തത് അവരുടെയും എതിർപ്പിന് ഇടയാക്കി.

അദ്ദേഹം നല്ലൊരു കവിയും, സംഗീതഞ്ജനും ആയിരുന്നു എന്ന് പറഞ്ഞുവല്ലോ. അദ്ദേഹത്തിന്റെ 5818 ശ്ലോകങ്ങൾ ആറ് തിരുമുറൈകൾ ആയി തിരിച്ച്‌ " തിരുഅരുൾപ്പ " എന്നപേരിൽ അറിയപ്പെടുന്നു. തിരുഅരുൾപ്പയിലെ ആദ്യത്തെ അഞ്ച് തിരുമുറൈകൾ ഈശ്വരാന്വേഷണത്തിന് നമ്മെ തയ്യാറെടുപ്പിക്കും വിധവും, ആറാമത്തേത് തന്നെ അറിഞ്ഞവന് വേണ്ടിയുള്ളതും ആണ്.

ആറാംതിരുമുറയിൽ മറ്റുള്ളവർ ചൊല്ലിയതല്ല സ്വയം ഉണർന്നതാവണം ആത്മജ്ഞാനം എന്നും അതിനുള്ള വഴിയാണ് സത്യസന്മാർഗ്ഗം എന്നും അദ്ദേഹം പറയുന്നു.
ഒന്നുമുതൽ അഞ്ചുവരെയുള്ള തിരുമുറൈകൾ - തുടക്കം.
ആറാം തിരുമുറ - ഒടുക്കം.

ഒന്നുമുതൽ അഞ്ചുവരെ - മതം അടിസ്ഥാനം
ആറാം തിരുമുറൈ - മതാതീതം

ഒന്ന് മുതൽ അഞ്ചുവരെ - സ്തോത്രം ആറാം തിരുമുറൈ - ശാസ്ത്രം

ഒന്ന് മുതൽ അഞ്ച് വരെ - ഭക്തിയിലൂടെ
മുക്തി ( ജനനമരണചക്രത്തിലേക്കു പ്രവേശിക്കുന്നത് )
ആറാം തിരുമുറൈ -  സിദ്ധി ( മരണമില്ലാ പെരുവാഴ് വ് സിദ്ധിക്കുന്നത് )

ഒന്ന് മുതൽ അഞ്ച് - രൂപധ്യാനം
ആറാം തിരുമുറൈ - അരൂപത്തിലേക്കുള്ള ഉയർച്ച.

ഒന്ന് മുതൽ അഞ്ച് വരെ - മതാ ധിഷ്ഠിതമായ ചര്യകൾ
ആറാം തിരുമുറൈ - അതിനൊക്കെ അതീതമായ യോഗ, ധ്യാനചര്യകൾ.

ആറാം തിരുമുറൈയിലുള്ള ഒരു ശ്ലോകം നോക്കാം.
കണ്ടത് എല്ലാം അനിത്തിയമേ
കേട്ടത് എല്ലാം പഴുതേ
കറ്റത് എല്ലാം പൊയ്യേ നീർ കളിത്തത് എല്ലാം വീണേ
ഉണ്ടത് എല്ലാം മലമേ ഉട്ക്കൊണ്ടത് എല്ലാം കുറയെ
ഉലകിയലീർ ഇതുവരയിൽ ഉണ്മയ് അറിന്തിലിരേ
വിണ്ടതിനാൽ എൻ ഇനിനീർ  ചമരസ സന്മാർഗ്ഗ
മെയ് നെറിയൈ കടൈപിടിത്ത്
മെയ്പ്പൊരുൾ നൻങ്കുണർന്തേ
എന്ടകു ചിറ്റമ്പലത്തേ എൻ തന്തയ്
അരുൾ അടൈമിൻ
ഇറവാത വരം പെറലാം ഇൻപം ഉറലാം
അതായത്
( ഈശ്വരൻ ഇല്ലെന്ന് പറയുന്നവനും, അതിനെ സ്വയം അറിയാതെ ആരോ പറഞ്ഞത് കേട്ട് ഉണ്ടെന്ന് പറയുന്നവനും തിരിച്ചറിവ് ഉള്ളവരല്ല. കണ്ടതും കേട്ടതും, അറിഞ്ഞതും ഒക്കെ അസ്ഥിരവും, കുറയുള്ളതും, അസത്യങ്ങളും ആണെന്നും, സ്വാർത്ഥതാല്പര്യങ്ങൾ സാധിച്ചെടുത്ത് ആഹ്ലാദിക്കുന്നതൊക്കെ വ്യർഥമാണെന്നും, കഴിച്ചതൊക്കെ മലവുമാണ് ( മത്സ്യമാംസാദികൾ ). (ലോകർ ഇതുവരെ അറിഞ്ഞതൊക്കെ സത്യമല്ല അതൊക്കെ ഉപേക്ഷിച്ച് സത്യസന്മാർഗ്ഗത്തെ പിൻപറ്റി, മെയ്പ്പൊരുൾ ഉണർന്ന്, ഈശ്വരനെ അറിഞ്ഞ്, മരണമില്ലാവരം നേടി ആനന്ദിക്കാം.)

ഇതുകൂടാതെ സിദ്ധവൈദ്യം, അരുൾപ്പെരും ജ്യോതി അകവൽ ( വ്യാകരണ നിബദ്ധമായി എഴുതുന്ന രീതിയിൽ എഴുതിയത് ), മനുമുറൈ കണ്ടവാസകം, ജീവകാരുണ്യ വിളക്കം ഉൾപ്പെടെ അനേകം രചനകൾ അദ്ദേഹത്തിന്റെതായി ഉണ്ട്. അവയൊക്കെ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

34. 1874 ജനുവരി 30 ന് വടലൂരിന് അടുത്തുള്ള മേട്ടുക്കുപ്പത്തിൽ അദ്ദേഹം താമസിച്ചിരുന്ന ഒറ്റമുറിയുള്ള, "സിദ്ധിവളാകം " എന്ന കെട്ടിടത്തിൽ പ്രവേശിച്ച ശേഷം താൻ കതകടച്ചു അകത്തിരിക്കുമെന്നും, അവിടെ നിന്നും ജ്യോതിയിൽ ലയിക്കുമെന്നും, തന്നെ ആരും അന്വേഷിക്കേണ്ടെന്നും അരുളി ചെയ്തു. ആ വർഷം മേയ് മാസത്തിൽ കലക്ടറുടെ സാന്നിധ്യത്തിൽ ആ മുറി തുറന്നുവെന്നും, ആരും അവിടെ ഉണ്ടായിരുന്നില്ലെന്നും 1906 ൽ പുറത്തിറക്കിയ മദ്രാസ് ഡിസ്ട്രിക്ട് ഗസറ്റിൽ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ തിരോധാനം ഇന്നും ഒരു ദുരൂഹതയായി നിലകൊള്ളുന്നു. ഇനി അടുത്ത ഭാഗത്തിൽ മറ്റൊരു മഹാത്മാവിന്റെ കഥയുമായി വരാം. വാഴ്ക വളമുടൻ.😍

Comments

Popular posts from this blog

അച്യുതൻ മാമന്റെ ചായക്കട ( ഓർമ്മകൾ )

അവില് ദോശയും, പച്ച കപ്പലണ്ടി മസാലക്കറിയും.❤️

പുനർജ്ജനി തേടി ( തുടർക്കഥ )