പ്ലിങ് ആകാൻ എന്റെ ജന്മം പിന്നെയും ബാക്കി ( ഒരു ഒന്നൊന്നര ചളി )

" ഉച്ചകഴിഞ്ഞാൽ  വയറിനു വല്ലാത്തൊരു അസ്ക്യത.."
ഞാൻ ഡോക്ടറോട് പറഞ്ഞു.
" കഴിച്ചു കഴിഞ്ഞാൽ
പെരുംപാമ്പിനെപ്പോലെ വല്ല വേരിനിടയിലും നുഴഞ്ഞുനുഴഞ്ഞു എക്സ്സർസൈസ്സ് ചെയ്യണം"
എന്ന് ഡോക്ടർ പറഞ്ഞപ്പോൾ അതിന് കാടെവിടെ മക്കളേ, മേടെവിടെ മക്കളേ എന്ന് ആരോ ഉള്ളിലിരുന്നു കവിത പാടി.
" ആഹാരം കഴിച്ചു കഴിഞ്ഞാൽ ഒന്ന് നടക്കാൻ പോകൂ "
എന്ന് ഡോക്ടർ നയം വ്യക്തമാക്കി.

ഞാൻ നടക്കുന്ന സീൻ ഒന്ന് മനസ്സിൽക്കണ്ടു. വെള്ളമടിച്ചു ശരിക്കും വെള്ളമടിച്ച മനുഷ്യന്മാരെപ്പോലെ റോഡിൽ ലാഞ്ചി, ലാഞ്ചി പോകുന്ന കോർപ്പറേഷൻ ലോറിക്കിട്ട് അടവയ്ക്കുമോ അല്ല മുത്തശ്ശിക്ക് വായുഗുളിക വാങ്ങാൻ പോകുന്ന കൊച്ചുമകന്റെ സൈക്കിളിനു ഇടയിൽ തലവയ്ക്കുമോ എന്നൊക്കെ ചിന്തിച്ചിരുന്നപ്പോൾ ഡോക്ടർ നെക്സ്റ്റ് എന്ന് വിളിച്ചതുകൊണ്ട് ഞാൻ ചിന്തകളെ അപ്പാടെ വിഴുങ്ങി എണീറ്റ്‌ നടന്നു.

വീട്ടിൽ എത്തിയപ്പോൾ പെട്ടെന്ന് മനസ്സിൽ ലഡ്ഡു പൊട്ടി. ടെറസ്സ് എന്ന വിശാലമായ സ്ഥലത്ത് നടക്കുകയോ, ഓടുകയോ ഒക്കെ ആവാമല്ലോന്ന്.  അങ്ങനെ വൈകുന്നേരം രണ്ട് വാനരന്മാരെയും കൊണ്ട് ഞാൻ ടെറസ്സിൽ നടക്കാൻ തീരുമാനിച്ചു.  വെയിലും കൊള്ളാം, നടത്തത്തിന് നടത്തവും ആയി.

അപ്പോൾ ആണ് ഒരു പ്രശ്നം. വൈകുന്നേരം ഓഫീസിൽ നിന്നും ചേട്ടൻ വരുമ്പോൾ എന്ത്‌ ചെയ്യും. കാരണം രണ്ട്താക്കോൽ ഉള്ളതിൽ ഒന്ന് ഞാൻ അടുത്തുള്ള അമ്പലത്തിൽ പോയപ്പോൾ കളഞ്ഞുകുളിച്ചിരുന്നു.

അങ്ങനെ ചേട്ടൻ വന്നാൽ ഒരു മിസ്സിസ് കാൾ അടിക്കാം എന്നൊരു ധാരണയിൽ എത്തി. ആവശ്യക്കാരനല്ലേ ഔചിത്യം. ചേട്ടൻ ലേറ്റായിട്ട് വരുന്നതുകൊണ്ട് ഞങ്ങൾ വന്നശേഷമേ പുള്ളി വീട്ടിൽ വരാറുള്ളൂ. അങ്ങനെ മിസ്സിസ് കാൾ ഒന്നും വേണ്ടി വന്നില്ല. അങ്ങനെ സംഗതി സുഗമമായി നടന്നുപോന്നു.

ഒരുദിവസം ഞങ്ങൾ താഴെ ഇറങ്ങി വന്നപ്പോൾ വാതിലിൽ പൂട്ടില്ല.
" അയ്യോ ഇതെന്തു മറിമായം. പൂട്ട് പൂട്ട് "
എന്ന് ഞാൻ നിലവിളിക്കാൻ തുടങ്ങി.
" അമ്മാ പൂട്ടണ്ട, തുറക്കൂ, തുറക്കൂ എന്ന് പിള്ളേർ എന്നോട് പറഞ്ഞു.
" അതല്ല പൂട്ട് കണ്ടില്ലാന്ന് "
ഞാൻ ആകെ അസ്വസ്ഥതയിൽ ആയിപ്പോയി.
പിള്ളേർ വന്നിട്ട് ചെക്ക് ചെയ്തു. ഉടനെ കിച്ചു പറഞ്ഞു.
" അമ്മാ ആരോ ഉള്ളിൽ ഉണ്ട്. നമുക്ക് അതീവ ജാഗ്രതയോടെ അകത്തു കടക്കാം. "
പശ്ചാത്തലത്തിൽ ഡീറ്റെക്റ്റീവ് മ്യൂസിക് ഇട്ട് ഞങ്ങൾ കതകു തുറന്നു. ഉള്ളിലെ കാഴ്ച കണ്ട് ഞെട്ടിപ്പോയി. (ഒരു തുടർക്കഥ ആയിരുന്നെങ്കിൽ ഇവിടെ ഒരു തുടരും എടുത്ത് കാച്ചി വായനക്കാരേ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താമായിരുന്നു.😎)

അതാ ചേട്ടൻ അവിടെ
കനകസിംഹാസനത്തിൽ കയറി ഇരിക്കുന്നവൻ കള്ളനോ വെറും ചേട്ടനോ" എന്ന് ഞെളിഞ്ഞിരിക്കുന്നു. അന്തം വിട്ടു കിളിപോയി നിൽക്കുന്ന എന്നെക്കണ്ട് ചേട്ടൻ പറഞ്ഞു.
" ഇങ്ങനെ ആണല്ലേ വീടുപൂട്ടി പോകുന്ന ലക്ഷണം "

സ്വതവേ എല്ലാറ്റിലും മറവിക്കാരിയായ ഞാൻ എന്നെ മുട്ടൻതെറിവിളിച്ചു. ഇങ്ങനൊരു പാഴ്ജന്മം എന്ന് അവഹേളിച്ചു, തലയിൽ അടിച്ചു.
" ഞാൻ വരുമ്പോൾ പൂട്ട്  പൂട്ടാതെ പാവംപോലെ തൊങ്ങികിടക്കുന്നു. കള്ളന്മാർക്ക് പണി എളുപ്പമായി "
എന്ന് വീണ്ടും പ്രസ്താവനകൾ ഇറക്കി.

" ചേട്ടാ എന്റെ മറവിയെപ്പറ്റി അറിഞ്ഞൂടേ. പോട്ട് പോട്ട് ഇനി ഈ ജന്മത്ത് ഞാൻ പൂട്ടിയോന്നു ചെക്കീട്ടെ പോവൂ. പാട്ടുപുരയിൽ ദേവ്യാണെ, മണ്ടയ് ക്കാട്ടമ്മയാണെ സത്യം സത്യം "
അടുത്ത സത്യം ഇടാൻ ഉള്ള ഗ്യാപ്പ് തരാതെ ചേട്ടൻ പറഞ്ഞു.
" നല്ലകാലം. നീ ചെന്ന് ചായ ഇട് "

ഞാൻ രക്ഷപ്പെട്ട ആശ്വാസത്തിൽ ചായയിടാൻ പോയി. വീണ്ടും നടത്തം സുഗമമായി പോകുന്നു. വീണ്ടാമതും ഒരു ദിവസം ഞങ്ങൾ താഴേക്കിറങ്ങി വന്നപ്പോൾ പഴയകഥ തന്നെ. കതകിലെ പൂട്ട് നഹീ. ഈശ്വരാ ഞാൻ പൂട്ടിയതാണല്ലോ.. ഇതെങ്ങനെ? എന്ന്  ആലോചിച്ചു നിന്നപ്പോൾ ആണ് പിള്ളേർ ഇടയിൽ വെള്ളം കുടിക്കാൻ വന്നുപോയത് എനിക്ക് ഓർമ്മ വന്നത്.

" എടാ നിങ്ങളും ഇങ്ങനെ മറവിക്കാരായിപ്പോയല്ലോ " എന്ന്  ഞാൻ ദയനീയമായി അവരെ നോക്കി. ചേട്ടന്റെ വായിലിരിക്കുന്നത് കേൾക്കേണ്ടി വരുമല്ലോ എന്നുള്ള സങ്കടത്തിൽ കതകു തുറന്നപ്പോൾ ആടുപോയിട്ട് ഒരു പൂടപോലുമില്ല എന്നപോലെ അവിടെ ആരും ഉണ്ടായിരുന്നില്ല.

ഇന്നസെന്റ് സ്റ്റൈലിൽ ഹെന്റമ്മേ എന്ന് ഉള്ളിൽ നിന്നും ഒരു നിലവിളി ഉയർന്നു. സ്വതവേ പേടിത്തൂ.. യായ കിച്ചു പറഞ്ഞു.
" അമ്മാ എല്ലായിടത്തും പരിശോധിക്കണം. ആരും ഇല്ലെന്ന് ഉറപ്പ് വരുത്തണം "
ഞാൻ പക്ഷേ അവനോടു പറഞ്ഞു.
" എടാ കള്ളനെപ്പോലും എനിക്ക് പേടിയില്ല. നിന്റെ അച്ഛൻ ആണ് ആദ്യം വന്നിരുന്നതെങ്കിൽ ഉള്ള പുകില് ഓർത്തു നോക്കിയേ. ഈശ്വരാ നീ തന്നെ കാത്തു. " കിട്ടുവും അത് ശരിയാണെന്ന് സമ്മതിച്ചു. അപ്പോൾ സന്ധ്യാനാമം പറയാനുള്ള സമയം ആയതുകൊണ്ട് ഞാൻ പൂജാമുറിയിലേക്ക് പോയി. ( ഇവിടെയും ഒരു തുടരും മ്മിന് ഉള്ള വകയുണ്ട് 😃)

വാതിൽ തുറന്നതും കറുത്ത ഡ്രെസ്സിട്ട ഒരാൾ ഉള്ളിൽ മറഞ്ഞു നിൽക്കുന്നു.ഞാൻ അയ്യോ എന്ന് പിൻവാങ്ങിയതും ചേട്ടൻ
" ഭേ "എന്നൊരു ശബ്ദത്തോടെ വെളിപ്പെട്ടു. ഞാൻ ഞെട്ടി. വീട്ടിലെ കുട്ടിമാമന്മാരും ഞെട്ടി.

" അപ്പോ നിനക്ക് കള്ളനൊക്കെ വെറും പുല്ല്. ചേട്ടനെയാണ് പേടി അല്ലേ? വീടുപൂട്ടിയിട്ട് പോകുമ്പോൾ പോലും ഒരു ഉത്തരവാദിത്തം ഇല്ലാത്ത നിന്നെയൊക്കെ എന്ത്‌ വിശ്വസിച്ച് ഏൽപ്പിച്ചു പോകാൻ പറ്റും "
എന്നൊരു ചോദ്യം എന്റെ നേർക്കു തൊടുത്തു വിട്ടിട്ട് സമാധാനം പറ, പറ എന്ന് രൂക്ഷമായി നോക്കി.
പണ്ട് ആദ്യമായി മംഗലത്തെ പള്ളിക്കൂടത്തിൽ പോയപ്പോൾ തറ, പറ, പന പഠിച്ച ഓർമ്മയിലേക്ക് ഞാൻ മുക്കിളിയിട്ട് നിന്നുപോയി. ചേട്ടൻ വീണ്ടുമൊരു പറ എടുത്തിട്ടപ്പോൾ ഞാൻ സ്വബോധം കിട്ടി പ്രതികരിച്ചു.

" അത് പിള്ളേർ ഇടയ്ക്ക് വെള്ളം കുടിക്കാൻ.. അവന്മാര് പൂട്ടാത്തതാ "
ഞാൻ സാക്ഷി കൂറുമാറുന്നപോലെ മാറി എന്നെ രക്ഷിച്ചു.
" കിച്ചു പറയുന്നു ആരെങ്കിലും ഉള്ളിൽ ഉണ്ടോന്നു ചെക്കാമെന്ന്. അതും അവൾക്ക്  ഒരു വിഷയമേ അല്ല "
ഞാൻ ആകപ്പാടെ പ്ലിങ്ങിപ്ലിങ്ങി നിന്നു. അപ്പോഴും എന്റെ ഉള്ളിന്റെ ഉള്ളിൽ സംശയത്തിന്റെ ഒരു നേരിയലാഞ്ചന പോലും ഉയർന്നില്ല.

പിറ്റേന്ന് ഞാൻ പതിവ്പോലെ വീടുപൂട്ടി, കുട്ടികളെയും വിളിച്ച് കാട്ടി, ഉറപ്പ് വരുത്തിയപ്പോൾ,  രണ്ടും നിന്നു കിണിക്കുന്നു. എന്താടാന്നൊരു ചോദ്യഭാവത്തിൽ ഞാൻ അവരെ നോക്കി.
അപ്പോൾ അവന്മാർ പറയുകയാണ്
" അമ്മാ അച്ഛന്റെ കൈയ്യിൽ ഡ്യൂപ്ലികേറ്റ് താക്കോൽ ഉണ്ട്. അമ്മയോട് പറഞ്ഞാൽ അമ്മ ഈതാക്കോലും കൊണ്ട് കളയും എന്ന് അച്ഛൻ പറഞ്ഞു"

അമ്പട ചേട്ടാ എന്ന് മനസ്സിൽ പറഞ്ഞു ഞാനും, പിള്ളേരും ടെറസ്സിൽ പോയി. തിരികെ ചേട്ടൻ വന്നപ്പോൾ ഞാൻ കാര്യം അറിഞ്ഞുവെന്നു പറഞ്ഞപ്പോൾ ചേട്ടൻ പറഞ്ഞു.
" ആരെയും, ആര് പറയുന്നതും കണ്ണുമടച്ചു വിശ്വസിക്കുന്ന നിന്റെ മണുക്കൂസ്സ് സ്വഭാവം നിനക്ക് മനസ്സിലാക്കിത്തരികയായിരുന്നു എന്റെ ഉദ്ദേശം. ഞാൻ പറയുമ്പോൾ നീ വലിയ ബുദ്ധിമണ്ടിയാണെന്നല്ലേ നീ പറയാറ് "

" ചേട്ടാ മറ്റുള്ളവരെ വിശ്വസിക്കുന്നത് ആ ബന്ധത്തിൽ നമുക്കുള്ള ആത്മാർത്ഥയും, വിശ്വാസവും കൊണ്ടാണ്. അതൊരു സന്മനസ്സല്ലേ. പറ്റിക്കുകയും, ചതിക്കുകയും ചെയ്യുന്നവരല്ലേ അവരുടെ തിന്മയിൽ സ്വയം സഹതപിക്കേണ്ടത്. എനിക്ക് അഭിമാനമേയുള്ളു "
എന്ന് ഒരു മറുപടി പറഞ്ഞു, ഞാൻ
മീശയില്ലാത്തത്കൊണ്ട് മണ്ണൊട്ടാതെ  നേരെ പൂജാമുറിയിലേക്ക് വച്ചുപിടിച്ചു..😍

Comments

Post a Comment

Popular posts from this blog

അച്യുതൻ മാമന്റെ ചായക്കട ( ഓർമ്മകൾ )

അവില് ദോശയും, പച്ച കപ്പലണ്ടി മസാലക്കറിയും.❤️

പുനർജ്ജനി തേടി ( തുടർക്കഥ )