എന്റെ നാട്ടിലെ ചിരിക്കഥകൾ.😃


എന്റെ നാട്ടിലെ ചിരിക്കഥകൾ 😁🤣😂
കഥ -1
എന്റെ നാട്ടിലെ കുറെ തമാശക്കഥകൾ ഉണ്ട്. അതിൽ എനിക്ക്  രസം തോന്നിയ കുറച്ചു  കഥകൾ പറയാം. എല്ലാവരും ശ്രദ്ധിച്ചിരുന്നോണെ. എന്റെ നാട്ടിലെ ഒരു പ്രദേശത്തിലെ കഥയാണ് ആദ്യം. ഒരു  വീട്ടിൽ  ഒരമ്മയും, മകനുമാണ് ഉണ്ടായിരുന്നത്. അച്ഛൻ നേരത്തെ മരിച്ചുപോയിരുന്നു. അച്ഛനില്ലാത്ത കുട്ടി എന്നതുകൊണ്ട്  അമ്മ സദാസമയവും മകന്റെ പിന്നാലെ നടന്ന് അവനെ ഉപദേശിച്ചു  ഒന്നിനും കൊള്ളാതാക്കി. ഞങ്ങയുടെ നാട്ടു ഭാഷയിൽ പറഞ്ഞാൽ
" വളത്തി പരിയെടുത്തു😅  മകൻ വളർന്നു. 'അമ്മ മകന് വേണ്ടി പെണ്ണന്വേഷിച്ചു. അങ്ങനെ അവർക്കു കൊള്ളാം എന്ന് തോന്നിയ ഒരു ആലോചനയ്ക്കായി പെണ്ണുകാണാൻ പോകാൻ തീരുമാനമായി. വീട്ടിൽ നിന്നിറങ്ങുന്നതിനു മുൻപ് പതിവുപോലെ അമ്മ മകനെ ഉപദേശിക്കാനാരംഭിച്ചു.
" മോനെ നീ അവിടെച്ചെന്ന് 
ഘനഗംഭീരമായിട്ടു സംസാരിക്കണം.  ഞഞ്ഞാ പിഞ്ഞാന്നു  ഒന്നും പറയരുത്. " അമ്മ പറഞ്ഞു.

" ശരിയമ്മേ " മകനും പതിവുപോലെ  തലയാട്ടി. 

പെണ്ണിന്റെ വീട്ടിൽ എത്തിയ അവരെ സ്വീകരിച്ച ശേഷം പരസ്പരം പരിചയപ്പെടൽ ആരംഭിച്ചു.

" മോന്റെ പേരെന്താ ? "
ഒരാൾ  നമ്മുടെ കല്ല്യാണ പയ്യനോട് ചോദിച്ചു. അമ്മയുടെ ഉപദേശം മകന്  ഉടനെ  ഓർമ്മ വന്നു. 

" ആട്ടു കല്ല്😩😩 "
അവൻ ഘനഗംഭീരമായിരുന്നോട്ടെ എന്നങ്ങു വിചാരിച്ചു😮😮😮  മറുപടി പറഞ്ഞു. അത്രേ ഉള്ളു. എന്തോ പന്തികേട് തോന്നിയത് കൊണ്ട് അയാൾ വേറൊന്നും ചോദിക്കാൻ  മുതിർന്നില്ല. ഊണ് കഴിക്കാൻ  എല്ലാപേരെയും ക്ഷണിച്ചപ്പോൾ  അമ്മ വേഗം മകന്റെ  അടുത്ത് ചെന്ന് കാതിൽ പറഞ്ഞു. 

" മോനെ ഉണ്ടിട്ട്  ഇലയിൽ കുറച്ചിരിക്കണം . അല്ലെങ്കിൽ ശാപ്പാട്ടു രാമനാണെന്നു നിന്നെ അവർ  മോശമായി വിചാരിക്കും ".

മകൻ തലയാട്ടി. അമ്മ മകന്റെ തൊട്ടടുത്ത് തന്നെ കഴിക്കാനിരുന്നു. പക്ഷെ കഴിക്കാൻ  തുടങ്ങിയപ്പോൾ മകൻ പരിസരം മറന്നു. കിട്ടിയത് മുഴുവൻ തട്ടി വിടുന്ന മകനെക്കണ്ട അമ്മ,വേഗം അവന്റെ  ദേഹത്ത് കൈകൊണ്ടു ഒന്ന് തട്ടിയിട്ട്, തന്റെ ഉപദേശം മറന്നോ എന്ന് ആംഗ്യം കാട്ടി. മകൻ ഇലയിലിരുന്ന  വിഭവങ്ങൾ മുഴുവനും അകത്താക്കിയിട്ടു കൈ നക്കിത്തുടച്ചു. എന്നിട്ട്  ദാ...ഇലയുടെ ഒത്ത നടുക്ക് കയറി ഒറ്റയിരുപ്പ്. എത്ര അനുസരണയുള്ള മോൻ 😁.


കഥ -2
"മനഞ്ഞതോ മനഞ്ഞൂട്ടാരേ എങ്ങനെ എടുത്തു നിറുത്തൂട്ടാരോ" 🤣😃

ഇത് ഞങ്ങളുടെ കന്യാകുമാരി ജില്ലയിലെ ഒരു പ്രയോഗമാണ്. അതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. എന്റെ  നാട്ടിലെ പ്രസിദ്ധമായ ശുചീന്ദ്രം ക്ഷേത്രത്തിലേയ്ക്ക് പോയ എന്നെപ്പോലൊരു വങ്കൻ😥, ക്ഷേത്ര ഗോപുരത്തെ അടിമുടി നോക്കിയിട്ട് എഴുന്നള്ളിച്ചതാണീ ഡയലോഗ്. അയാളുടെ വിചാരം ഗോപുരം നിലത്തിട്ടു പണിഞ്ഞ ശേഷം തൂക്കി നിറുത്തുകയാണ് എന്നാണു [എന്നെയും കടത്തി വെട്ടുന്ന വങ്കന്മാർ പണ്ടേ ഉണ്ടായിരുന്നല്ലോ എന്നോർക്കുമ്പോൾ ഞാൻ രോമാഞ്ച കഞ്ചുകം അണിയുന്നു😮😮😮].അതാണ്‌ ആ മാന്യദേഹം മനഞ്ഞതോ മനഞ്ഞൂട്ടാരേ..അതായത് ഉണ്ടാക്കിയതെ ഉണ്ടാക്കി ...എങ്ങനെ എടുത്തുനിറുത്തൂട്ടാരോ..എങ്ങനെ എടുത്തു നിറുത്തി എന്ന് അത്ഭുതപ്പെട്ടത്. വല്ല മണ്ടത്തരവും കാട്ടുമ്പോൾ ആ ആളുടെ നേർക്ക് ഈ പ്രയോഗം തട്ടിവിടാറുണ്ട് പലരും. ദൈവം അറിഞ്ഞു തന്നെ നിന്നെയൊക്കെ സൃഷ്ടിച്ചു വിട്ടിരിക്കുന്നത്  എന്ന് പറയുംപോലെ.

കഥ -3
ഇത്  പണ്ട് നടന്ന കഥ. പഴയ മലയാളം  പ്രയോഗത്തിലിരുന്ന കാലം.[പുതിയ തലമുറയുടെ സംസാര രീതിയൊക്കെ   വളരെ  മാറിപ്പോയി ] എന്റെ നാട്ടിൽ ഈ നീർക്കോലി [ ചെറിയ പാമ്പ് ] എന്നതിന്
 " നീക്കോലി😁 " എന്നാണ് പറയുക.  തവളയ്ക്കു " മാക്കാൻ 🤣" എന്നും. ഈ മാക്കാൻ പ്രയോഗം തമിഴിൽ നിന്നും കിട്ടിയതാണോ🤔  എന്നറിയില്ല. എന്തായാലും ആ ചിരിക്കഥയിലേയ്ക്ക് കടക്കാം. 

എന്റെ നാട്ടുകാരനായ ഒരു കൃഷിക്കാരൻ  ഒരിക്കൽ  അയാളുടെ പാടത്തിനടുത്തുള്ള തോടിന്റെ കരയിൽ നിൽക്കുകയാരുന്നത്രെ. അപ്പോൾ കാണാൻ നല്ല പരിഷ്ക്കാരിയായ  പുറത്തു  നിന്നുള്ള ഒരു മലയാളി അവിടേയ്ക്കു വഴി ചോദിച്ചു വന്നത്രെ. അയാൾ തോടിന്  അക്കരെയാണ് നിൽപ്പ്. തോട് മുറിച്ചു കടക്കാൻ അയാൾ മടിച്ചു നിൽക്കുന്നത് കണ്ട  നമ്മുടെ നാട്ടുകാരൻ  ധൈര്യമായി തോട് മുറിച്ചുകടക്കാൻ  അയാളോട് പറഞ്ഞു. ഉടനെ അയാൾ 

" വല്ല നീർക്കോലിയും കാണും🐉 " 

എന്ന് തന്റെ  ഭയം പുറത്തു പറഞ്ഞു. അപ്പോഴാണ്  നമ്മുടെ നാട്ടുകാരന് ഒരു കാര്യം കത്തിയത്. ഇയാൾ
വേഷഭൂഷാദികളിൽ മാത്രമല്ല  സംസാരത്തിലും  പരിഷ്ക്കാരിയാണ്👨‍✈️ എന്ന്. . നീർക്കോലിപ്രയോഗം  കൊണ്ട്തന്നെ അയാളുടെ ഭാഷ പിടികിട്ടിയ സ്ഥിതിക്ക്  വളരെ സൂക്ഷിച്ചു ഇയാളോട് സംസാരിക്കണമെന്നും അയാൾ നിശ്ചയിച്ചുറപ്പിച്ചു.ഒരു " ർ " പ്രയോഗം അങ്ങ് ചേർത്താൽ ഇയാളുടെ മുൻപിൽ പിടിച്ചു നിൽക്കാം എന്ന് ആ പാവം  കരുതി. ഉടനെ  അതിനു മറുപടിയായി എന്റെ നാട്ടുകാരൻ  പറഞ്ഞത്രേ   
          
" അയ്യോ അതിനു ഈ തോട്ടിൽ ഒരു നീർക്കോലി പോയിട്ട് ഒരു  "മാർക്കാൻ"പോലും ഇല്ലെന്ന്.... 😁😁😁

കഥ -4

 മേലവെളയാനും കെട്ടിയവളും. 😀😀😀

               ഞങ്ങളുടെ നാട്ടിൽ ഒരു പ്രേത്യേക  സമുദായത്തിൽപ്പെട്ട  ആളുകളുടെ കല്യാണം കെങ്കേമമാവുക "പെട്ടിപ്പാട്ട് " വച്ചാലാണ്. ഞങ്ങളുടെ കുട്ടിക്കാലത്ത്  കല്യാണത്തലേന്നു തന്നെ അപ്പോൾ പ്രസിദ്ധനടന്മാരായിരുന്ന എം. ജീ ആറും, ശിവാജിഗണേശനും അഭിനയിച്ച ചിത്രങ്ങളിലെ പാട്ടുകൾ കേൾക്കാൻ ഒരവസരവും ആയിരുന്നു അത്. ചെക്കൻ വീട് അടുത്താണെങ്കിൽ കല്യാണപ്പെണ്ണിനെക്കാണാൻ നാട്ടുകാർ ആകാംക്ഷയോടെ കാത്തിരിക്കും. 

"മരുമകളെ മണമകളെ വാ 
ഉൻ വലതു കാലൈ എടുത്ത് വച്ച് വാ 
കുണമിര്ക്കും കുലമകളെ വാ വാ 
ഉൻകോടിക്കാലൈ എടുത്തു വച്ചു വാ "

ഇതാണ് കല്യാണപ്പെണ്ണ് എത്തി എന്നറിയിക്കുന്ന സിഗ്നൽ സോങ്. ഏതോ തമിഴ് സിനിമയിൽ ഉള്ളതാണെന്നാണ് ഓർമ്മ. നാട്ടാരൊന്നടങ്കം ഇടവഴികളിലും, മതിലിലൂടെയും, റോഡുവക്കിലും ഒക്കെ ഓടിച്ചെന്ന് പെണ്ണിനെക്കണ്ടു, രണ്ടഭിപ്രായവും പറഞ്ഞ് തിരികെപ്പോകും. അങ്ങനെ പണ്ട് ഒരു വീട്ടിൽ കല്ല്യാണം.🤓 കല്യാണത്തലേന്നു വിരുന്നു വയ്ക്കും. കൊട്ടുവാദ്യമെല്ലാം തലേന്ന് തന്നെ തുടങ്ങും. ആൾക്കാർ വരുന്ന മുറയ്ക്ക്  കൊട്ടുകൊട്ടി സ്വീകരണം കൊടുക്കും. 😁അങ്ങനെ നേരം വളരെ ഇരുട്ടി. ഇനി ആരും വരാനില്ല എന്നുള്ള ഒരവസ്ഥയിൽ പക്കമേളക്കാരും, ഊത്തുകാരും ഇരുന്ന് ഉറക്കം പിടിച്ചു. അടിച്ച് അടിച്ച് ഊപ്പാട് വന്നതല്ലേ പാവങ്ങൾ. അങ്ങനെ വളരെ വൈകി അതാ വരുന്നു അവരുടെ സമുദായത്തിലെ പ്രമാണിയായ മേലവെളയാനും, കെട്ട്യോളും.
നിശബ്ദമായ അന്തരീക്ഷം. പെട്ടെന്നാണ് പയ്യന്റെ അച്ഛൻ ഇവരുടെ വരവ് കണ്ടത്. വി വി ഐ പി യായ അതിഥിയെ സ്വീകരിക്കുന്ന വെപ്രാളത്തിൽ അയാൾ കൊട്ടുകാരനോടു വിളിച്ചു പറഞ്ഞു. 

"ഇപ്പം വന്തത് ആര് ലേ 
മേലവെളയാനും കെട്ടിയവളുമാ 
കൊട്ടുങ്ക ലേയ് കൊട്ടുങ്ക. "

ഇപ്പോഴും ഞങ്ങളുടെ ഉറ്റബന്ധുക്കൾ ദമ്പതീസമേതരായി വീട്ടിലേക്കു വരുമ്പോൾ ഞങ്ങൾ കളിയാക്കിപ്പറയും. 
ഇപ്പൊ വന്നതാരാണ് 
മേലവെളയാനും, കെട്ടിയവളുമാ 
കൊട്ടിക്കോ കൊട്ടിക്കോ.. ന്ന്.😜😜😜

കഥ -5

 എന്റെ നാട്ടിൽ ഒരാൾ പറഞ്ഞ, ഇന്നും ഞാൻ ഓർത്ത് ചിരിക്കുന്ന തമാശ. രണ്ടു സുഹൃത്തുക്കൾ. ഒരാൾ വൈകുന്നേരം  അയാളുടെ വീട്ടുമുറ്റത്തു നിൽക്കുകയായിരുന്നത്രെ. അപ്പോൾ അയാളുടെ സുഹൃത്ത് റോഡിലൂടെ ഒരു പ്ലാസ്റ്റിക് ബാഗുമായി പോകുന്നത് കണ്ടു. 

"എവിടെ പോയതാ"? 
അയാൾ വിവരം തിരക്കി. അപ്പോൾ സുഹൃത്ത് പറഞ്ഞത്രേ..

" ഞാനെന്റെ മോൾക്ക് വേണ്ടി ഒരു സാൽവാർ കമ്മീഷണർ മേടിക്കാൻ പോയതാ"
എന്ന്.

അയാളുടെ മറുപടി കേട്ട് തലയറഞ്ഞു ചിരിച്ച നമ്മുടെ സുഹൃത്ത് അത് കമ്മീഷണറല്ല...കമ്മീസാണ് എന്ന് അയാൾക്ക് തെറ്റുതിരുത്തി കൊടുക്കുകയും ചെയ്‌തത്രേ. കുറെ ദിവസങ്ങൾക്കു ശേഷം ആ സുഹൃത്തിനെ കണ്ടപ്പോൾ  ഇയാൾ ചോദിച്ചത്രേ  

" ആ കമ്മീഷണർക്ക് സുഖാണോ"?  എന്ന്. അതിനയാൾ പറഞ്ഞത്രേ 

" അയാളുടെ ചായം വെളുത്തു" എന്ന്.

  തമാശ മനസ്സിലായോ  എന്തരോ?

കഥ -6

മഴയാഴം 🤓

" ചേട്ടാ ഒരു വാഷി തരാമോ? " ചോദ്യകർത്താവ്‌  റബ്ബർപ്പാൽവെട്ടിനു കേരളത്തിലേയ്ക്കു പോയി വന്ന ഞങ്ങളുടെ നാട്ടിലെ ഒരു തമിഴ് പ്രജ.എന്റെ  വിവാഹനിശ്ചയത്തോടനുബന്ധിച്ചു  വീട്ടിൽ പെയിന്റടി നടക്കും കാലം. വീട്ടിലെ ആബാലവൃദ്ധം ജനങ്ങളിൽ പുരുഷന്മാരെ മുഴുവനും ചേട്ടാ എന്നും സ്ത്രീകളെ മുഴുവൻ ചേച്ചി എന്നുമാണ് പുള്ളിയുടെ സംബോധന. ആ ചോദ്യം കേട്ടപാടെ അപ്പോൾ അവിടുണ്ടായിരുന്ന തലമൂത്ത ആളെന്ന നിലയ്ക്ക് അച്ഛനെന്ന ചേട്ടൻ എന്നു വർണ്യത്തിൽ ആശങ്കയോടെ മുൻവശത്തേയ്ക്ക് പോയി. വാഷി എന്താണെന്നറിയാനുള്ള ത്വര കാരണം ഞങ്ങളും അച്ഛനെന്ന ചേട്ടനെ അനുഗമിച്ചു 😁"മനസ്സിലായില്ല " ചേട്ടൻ ചോദ്യകർത്താവിനോട് ജാള്യതയോടെ അറിയിച്ചു. 
"ചേട്ടാ ഈ കിണറ്റിൽ വെള്ളം കോരുന്ന വാഷി... "🤣
അയാൾ വിനയപൂർവ്വം ആ വാക്കിന്റെ  ആശയവും, ഉപയോഗ സാധ്യതയും ബോധിപ്പിക്കാനൊരുങ്ങി. ചേട്ടനും ഞങ്ങൾക്കും കാര്യം പിടികിട്ടി. 
" നാളിയെടുത്തു കോളിയെ എറിഞ്ചപ്പം കോളിയും നാളിയും വാളയ്ക്ക മൂട്ടിലെ എന്നു തമിഴനെ കളിയാക്കുന്ന മലയാളിക്കു   മുൻപിൽ അയാളൊരു മുൻകൂർജാമ്യമെടുത്തതായിരുന്നു കാര്യം 😀 പാവത്തിന് ഒരു കാക്കത്തൊള്ളായിരം ഷാ യും, സായും, ശശിയുടെ ശ യും ഒക്കെക്കൂടി വട്ടുപിടിച്ചു. പക്ഷെ കളിയാക്കി കൊല്ലുന്ന മലയാളിയുടെ മുന്നിൽ ആ പാവം ശശിയായിപ്പോയത് അയാളൊട്ടു അറിഞ്ഞതുമില്ല.  😩 അങ്ങനെ വന്ന ചിരിയടക്കി ചേട്ടൻ കിണറ്റിൻകരയിലേയ്ക്ക് പോയപ്പോൾ അയാൾ വീണ്ടും ഞങ്ങളോട് പറഞ്ഞു 
"ചേച്ചി ഒരു ആക്കഴുത്തി കൂടി തരാമോ "? 🤢വാക്കത്തിക്ക്  ആക്കത്തി  എന്നുള്ള നമ്മുടെ നാട്ടിലെ പ്രയോഗത്തിൽ ആ പാവം ഒരു "ഴ "കൂടി തിരുകി മലയാളവത്ക്കരിക്കാൻ   ശ്രമിച്ചതാണ് 🤓 ഇപ്പോൾ അതേപ്പറ്റി ചിന്തിക്കുമ്പോൾ അതൊരു തമാശയാണെങ്കിലും  കന്യാകുമാരിയിലെ മലയാളമറിയാത്ത, നമുക്ക് നഷ്ടമായ മലയാളത്തിന്റെ വിലയറിയാത്ത പുതിയ തലമുറയെക്കാൾ അയാൾ എത്രയോ ശ്രേഷ്ഠനാണ് എന്നു തോന്നി.   മലയാളിയോട് സംസാരിക്കുമ്പോൾ ശുദ്ധമായ മലയാളത്തിലെ മലയാളം സംസാരിക്കു  എന്നൊരു നിർബന്ധം അയാളെങ്കിലും പുലർത്തുന്നുവല്ലോ എന്നും, അയാളുടെ നാവിലൂടെ എങ്കിലും നമ്മുടെ നല്ല മലയാളം നീണാൾ വാഴട്ടെ എന്നും നമുക്കാശിക്കാം. 

Comments

  1. Being a kanyakumari malayali l enjoyed the very essence of the story

    ReplyDelete
    Replies
    1. ആണോ 😃 ഞങ്ങളുടെ സ്വന്തം കന്യാകുമാരി.

      Delete
  2. Ashkathi malayile podappidathu alinjupoyidum.

    ReplyDelete
  3. നേർമ്മയുള്ള നർമ്മം 👍

    ReplyDelete

Post a Comment

Popular posts from this blog

മരിച്ചുപോയവരും, ജീവിച്ചിരിക്കുന്നവരും ( short story)

മുത്തു പുരാണം ( നർമ്മം )

ഓർമ്മയിലെ ഉത്സവമേളം 😍❤️