ഓർമ്മയിലെ ഉത്സവമേളം 😍❤️

ഓർമ്മകൾ ഇങ്ങനെ എടുത്താലും എടുത്താലും അറ്റം കിട്ടാത്ത നൂഡിൽ സുപോലെ...ചിന്തകളുടെ തിളച്ചവെള്ളത്തിൽ കിടന്നു വേവുമ്പോൾ ഒരൽപ്പം നർമ്മത്തിന്റെ മസാലയിട്ട് നിങ്ങളുടെ മുൻപിലേക്കു വിളമ്പി വയ്ക്കുകയാണ്. ചൂടോടെ കഴിച്ചിട്ട് അഭിപ്രായം പറയുമല്ലോ?

ഗൃഹാതുരതകളിൽ  നമ്മൾ ചേർത്തുപിടിക്കുന്നവയാണ് നാട്ടിലെ അമ്പലം, പള്ളി, അവിടത്തെ ഉത്സവം ഒക്കെ. നമ്മെ മറന്ന് പഴയകുട്ടിയായി,  പ്ലാസ്റ്റിക്കിന്റെ കണ്ണടയൊക്കെ വച്ച് അതിലൂടെ മനസ്സ് കാട്ടിത്തരുന്ന കാഴ്ചകൾ  സാകൂതം നോക്കിക്കാണുക. വല്ലാത്തൊരു സുഖമാണത്. ഒരൽപ്പം നോവും ഉണ്ടതിൽ. തിരികെ അതേ കുട്ടിയായി അമ്പലപ്പറമ്പിൽ പോകാനാവില്ലല്ലോ എന്നോർത്ത്. ഏതായാലും ആ ഓർമ്മകൾക്ക് പോലും വറുത്ത കടലയുടെ, കിഴക്ക് നിന്നും കൊണ്ടു വരുന്ന തമിഴിന്റെ കൊളുന്തിന്റെ, ബലൂണി ന്റെ പച്ചറബ്ബറ്പ്പാലിന്റെ ഒക്കെ മണമാണ്.

"മംഗലം ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ ഈ വർഷത്തെ ഉത്സവത്തിന്റെ ഒന്നാം ദിവസമായ ഇന്ന്.... "
അങ്ങകലെ ഇളയമാമന്റെ മൈക്കിലൂടെ ഉള്ള അനൗൺസ്‌മെന്റ് കേൾക്കുമ്പോൾ തന്നെ അമ്മ പറയും.
" ങാ ഇനി ഏഴു ദിവസം അണ്ണനെ മഷിയിട്ടു പാത്താ കാണൂല്ല "
ഉടനെ വരും അമ്മൂമ്മയുടെ കമന്റ്.
" നമ്മളെ കോവിലില് പിന്നെ അവയ്ൻ തന്നെ എല്ലാം നടത്തുണും. പിന്നെ അവയ്ൻ മുമ്പറല്ലേ "
അന്ന് പഞ്ചായത്തു മെമ്പർ ആയിരുന്നതുകൊണ്ട് അമ്മൂമ്മ പറയുക മുമ്പർ അതായത് മുൻപിൽ നിന്നു നയിക്കുന്നവൻ എന്ന്. നല്ല ലോജിക് അല്ലേ? ഞങ്ങൾ അതുംപറഞ്ഞു ചിരിച്ചാലും, വിശദീകരിച്ചാലും അമ്മൂമ്മ സ്വന്തം സ്റ്റാൻഡിൽ ഉറച്ചു നിൽക്കും. ഒന്നാം ദിവസം ആനപ്പുറത്തു ദേവീ എഴുന്നള്ളത്ത്. നാട്ടുകാര് മുഴുവൻ ഉണർന്നിരിക്കും ദേവി തങ്ങളെ കാണാൻ വരുന്നു എന്ന ഭക്തിപാരവശ്യത്തോടെ. ഞങ്ങൾ കുട്ടികൾക്ക് നോട്ടീസ് എടുത്ത് വച്ചിട്ടു പ്രോഗ്രാം നോക്കലാണ് പ്രധാന പണി. പ്രേത്യേകിച്ചു നോക്കേണ്ട കാര്യമില്ല കാരണം എഴുദിവസവും വീട്ടിൽ കിടന്നുറങ്ങാതെ അമ്പലപ്പറമ്പിൽ ഉറങ്ങാൻ പോകുന്നവർക്ക് എന്ത്‌ പരിപാടി ആയാലെന്ത്? എന്നാലും ഒരു സുഖം. നാട്ടുകാരായ അണ്ണന്മാരുടെ മലയാളം, തമിഴ് നാടകങ്ങൾ ഉറപ്പ്. പിന്നെ ഒരു ദിവസം പൊങ്കാല. അങ്ങനെ ഒരിക്കൽ ഞാൻ നോട്ടീസ് വെറുതെ വായിച്ച്  എന്നെ ബോധ്യപ്പെടുത്തുമ്പോൾ ആണ് കണ്ടത്.
മൂന്നാം ദിവസം.. പട്ടിമൻറം.
ങേ? ഇതെന്തോന്ന് കേട്ടുകേൾവി പോലും ഇല്ലാത്ത ഒരയിറ്റം. അപ്പോൾ എല്ലാ സംശയങ്ങളും ഞങ്ങൾ കുട്ടികൾക്ക് തീർത്തു തരുന്ന ഒരാളുണ്ട്. രാജൻ അണ്ണൻ. ഞാൻ നോട്ടീസും കൊണ്ട് നേരെ ഓടി വല്യമ്മയുടെ വീട്ടിലേക്ക്‌.
" അണ്ണാ ഇതെന്തോന്ന് പട്ടിമൻറം? "
ഞാൻ ആകാംഷ  അടക്കാൻ ആവാതെ അണ്ണനെത്തന്നെ നോക്കി നിന്നു.
" ഓ അതോ.. അത് സ്റ്റേജിൽ കുറേ പട്ടികൾ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും കുരയ്ക്കും, കടികൂടും.. "
അണ്ണൻ പറഞ്ഞത് വിശ്വസിക്കാൻ ആവാതെ ഞാൻ ഒരുമാതിരി നോക്കി. അണ്ണൻ തുടർന്നു.
" നിനക്ക് വിശ്വാസം വന്നില്ല അല്ലേ? വൈകുന്നേരം റോഡിൽ ചെന്ന് നിന്നു നോക്കണം കേട്ടോ. ഒരു വേൻ നിറച്ചും പട്ടികളെ കൊണ്ടുപോകുന്നത് കാണാം. അപ്പോഴെങ്കിലും നീ വിശ്വസിച്ചാ മതി "
വീണ്ടും അണ്ണനെ അവിശ്വാസത്തോടെ ഞാൻ നോക്കിയെങ്കിലും വൈകുന്നേരം എന്തായാലും ഗേറ്റിനടുത്ത് നിന്ന് റോഡിൽ ക്കൂടി പോകുന്ന വാഹനങ്ങളെ പരിശോധിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
തുടരും.

രണ്ടാം ഭാഗം.

തിരികെ നോട്ടീസുമായി വീട്ടിലേക്കു ഓടിവന്നപ്പോൾ ഉമ്മറത്ത് അച്ഛൻ പത്രപ്പാരായണത്തിൽ മുഴുകി ഇരിക്കുന്നു.
സംശയം ബാക്കി നിൽക്കുന്നതുകൊണ്ട് ഞാൻ അച്ഛന്റെ അടുത്തുകൂടി പതിയെ ചോദിച്ചു.


" അച്ഛാ ഈ പട്ടിമൻറത്തിൽ പട്ടികളെ സ്റ്റേജിൽ കയറ്റിയിട്ട്... "
ഞാൻ ഒന്ന് നിർത്തി വേഗം ഒരു മുൻകൂർജാമ്യമെടുത്തു.
" രാജണ്ണൻ അങ്ങനെയാണ് പറഞ്ഞത് "
അച്ഛൻ ഉറക്കെ ചിരിച്ചു. എന്നിട്ട്
" അവൻ അങ്ങനെ പലതും പറയും. മക്കളേ അത് ഏതെങ്കിലും ഒരു വിഷയം എടുത്ത് രണ്ടണികളായി തിരിച്ച് ആളുകൾ സപ്പോർട്ടായും, എതിരായും അവരുടെ പോയിന്റുകൾ നിരത്തി സംസാരിക്കുന്ന രീതിയാണ് "
എന്ന് വിശദീകരിച്ചു പറഞ്ഞു. എനിക്ക് ഒരൽപ്പം ചമ്മൽ തോന്നി ഞാൻ അകത്തേക്ക് ഓടി.


ഉത്സവത്തിൽ ഞങ്ങൾക്ക്‌ ഏറ്റവും ബോറടിക്കുന്ന കാര്യം കഥകളി ആണ്. എന്നാലും അമ്പലത്തിൽ പോയി കുറേനേരം കണ്ടിട്ട് അവിടെ കിടന്നു ഉറങ്ങുന്നതിനായിട്ടെങ്കിലും പോകും. പക്ഷേ ബാലെ അത് ഞങ്ങൾക്കൊരു ഹരം തന്നെ ആയിരുന്നു.മുൻപിൽ തന്നെ ഇരുന്നു കാണണമെന്നൊരു നിർബന്ധവും.

അപ്പോൾ അമ്മ പറയും.
" പണ്ടൊക്കെ നമ്മളൊന്നും ആളുകളുടെ ഇടയിൽ ചെന്ന് ഇരിക്കൂല്ല. കുഞ്ഞീഷൻ മച്ചമ്പിയുടെ വീട്ടീന്  കസേരയെടുത്തു കൊണ്ടിട്ട് അവരുടെ മതിലിന്റെ അവിടെ ഇട്ടിരുന്നു കാണും."
പക്ഷേ ഞങ്ങൾക്ക് അത് തീരെ സ്വീകാര്യമായില്ല കാരണം സ്റ്റേജും ഈ പറയുന്ന മച്ചമ്പിയുടെ വീടും തമ്മിൽ ഒത്തിരി ദൂരം ഉണ്ട്. അങ്ങനെ ഇരുന്ന് കാണുന്നതിനേക്കാൾ വീട്ടിൽക്കിടന്നു ഉറങ്ങാം എന്നൊരു ചിന്തയാണ് ഞങ്ങൾക്ക്.

അതുകൊണ്ട് ഞങ്ങൾ ചെയ്യുക നേരത്തെ ഇളയമാമന്റെ വീട്ടിൽ ചെന്ന് നിൽക്കും. മാമിയും ഞങ്ങളും നേരത്തേ തന്നേ അമ്പലത്തിലേക്ക് വച്ചുപിടിക്കും. പക്ഷേ അപ്പോഴേയ്ക്കും അമ്പലത്തിനു അടുത്തുള്ള കുഞ്ചുവീട്ടിലെ ആൾക്കാരൊക്കെ മുന്നിൽ സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കും.

ആക്കൂട്ടത്തിൽ വളരെ നർമ്മബോധമുള്ള ഒരു ചേച്ചി ഉണ്ടായിരുന്നു. സുമംഗല ചേച്ചി. കർട്ടൻ ഉയരുന്നതും ചേച്ചിയുടെ റണ്ണിങ് കമന്ററി തുടങ്ങും. ചുറ്റുമിരിക്കുന്നവർ ചിരിച്ചു ചിരിച്ചു വശംകെടും.

സ്വാമി അയ്യപ്പൻ ബാലെ ആയിരുന്നു അന്ന്. അയ്യപ്പൻറെ കുഞ്ഞുന്നാളിൽ ഉള്ള ഭാഗം അവതരിപ്പിച്ച കുട്ടി നല്ല ഭംഗിയുണ്ടായിരുന്നു.
" ആഹാ നല്ല തങ്കക്കൊടം പോലത്തെ കൊച്ച് ഇല്ലിയാ "
സുമംഗല ചേച്ചിക്ക് ആ അയ്യപ്പനെ ഇഷ്ടമായി. പക്ഷേ അയ്യപ്പൻറെ യൗവ്വനം അവതരിപ്പിക്കാൻ വന്ന അയ്യപ്പനെ കണ്ട് ചേച്ചി ഞെട്ടി.


" അയ്യേ.. ഇതെന്തര്.. എവിടന്നു കിട്ടിയോന്തോ കാക്കയെ കറന്റ് അടിച്ചപോലെ ഒരയ്യപ്പനെ.. ശ്ശേയ്‌ "
ചുറ്റിനും ഇരുന്ന ഞങ്ങളൊക്കെ ചിരിച്ചു മരിച്ചു..
" അല്ല പിന്നെ "
ചേച്ചി പിന്നെയും തന്റെ നീരസം അറിയിച്ചു.

അടുത്ത സീനിൽ മന്ത്രി വന്ന് രാജാവിനോട് മഹാറാണിയുടെ തലവേദനയെപ്പറ്റി ഉണർത്തിക്കുന്ന സീൻ.
" മഹാരാജൻ  അന്ത:പ്പുരത്തിൽ മഹാറാണി അതികഠിനമായ തലവേദനയാൽ  കരഞ്ഞു കൊണ്ടിരിക്കുന്നു. "


ഇതുകേട്ട പാടേ ചേച്ചിയുടെ വക കമന്റ്
" ഈ കോവിലിന്റെ അടുത്തുള്ള പിള്ളര്‌  മുഴുവൻ ഈ സ്റ്റേജിന്റെ പിറകിലാണ് തൂറിമുടിച്ചു വയ്ക്കുന്നത്. റാണിയുടെ അന്തപ്പുരത്തിനു പറ്റിയ എടം. റാണിക്കു ചുമ്മായാ തലവേദന വന്നത് "
കേട്ടിരുന്ന എല്ലാപേരും വീണ്ടും ചിരിയോടു ചിരി.
ഇനി ചില നാടക ഓർമ്മകളുമായി വരാം.




മൂന്നാം ഭാഗം.

ഒരു നാട്ടിലെ ഉത്സവം എന്നത് ആ നാട്ടിലെ ഒരൽപ്പം സർഗ്ഗാത്മകത ഉള്ളവരുടെ കഴിവുകൾ പുറത്തുകൊണ്ട് വരുന്ന ഒരവസരവും കൂടിയാണല്ലോ. പ്രസംഗം, നൃത്തം, പാട്ട്, നാടകത്തിനു കഥ, തിരക്കഥ, സംവിധാനം, അഭിനയം തുടങ്ങിയ കഴിവുകൾ ഒക്കെ പ്രകടിപ്പിക്കാൻ  കിട്ടുന്ന അവസരം.

 ഇന്നത്തെ പല സെലിബ്രിറ്റി നടന്മാരും തങ്ങളുടെ അരങ്ങേറ്റം ഇങ്ങനെ ആണെന്ന് അഭിമുഖങ്ങളിൽ പറയുന്നത് കണ്ടിട്ടുണ്ട്. നാട്ടുകാരുടെ ഭാഗ്യത്തിന് ഈ ഒരവസരത്തിൽ ഒരു പാട്ട് പാടാൻ പോലും ഞാൻ സ്റ്റേജിൽ കയറിയിട്ടില്ല. സഭാകമ്പം ആണ് കാരണം. 

അമ്പലത്തിലെ വിളക്കുപൂജയ്ക്ക് അനിയത്തിയോടൊപ്പം പാട്ടുപാടുമ്പോൾ  ഞാൻ കാട്ടിക്കൂട്ടുന്ന കോപ്രായത്തിന് കണക്കില്ല. പേടികാരണം വരികൾ മറക്കുക ആണ് പ്രധാനപ്രശ്നം. കൈയ്യിൽ പേപ്പറിൽ എഴുതി വച്ചിട്ടും കാര്യമില്ല. ഇടയ്ക്കു പേപ്പർ ഒന്ന് പൊക്കി വരികൾ നോക്കുമ്പോൾ അത് ആലില പോലെ വിറയ്ക്കുന്ന കാരണം ഒന്നും കാണാൻ കഴിയില്ല. നാട്ടുകാരെക്കൂടി എന്റെ വിറയൽ കാട്ടണ്ട എന്ന് വിചാരിക്കും.


നാടകങ്ങളുടെ കാര്യം പറഞ്ഞപ്പോൾ എന്റെ ഒരു ചേച്ചി പറഞ്ഞ തമാശ ഓർമ്മവരുന്നു. ഒരു ചെറിയ കഥാപുസ്തം വച്ചിട്ട് ചേച്ചിയുടെ സുഹൃത്തുക്കൾ ഒരു നാടകം തട്ടിക്കൂട്ടി. സംഭാഷണം മനഃപാഠം ആക്കാൻ മടിച്ച് പ്രോമ്റ്റിംങ്‌ മതി എന്ന് തീരുമാനിച്ചു. പക്ഷേ കഷ്ടകാലത്തിനു പ്രോമ്ട്ടിൻങ്‌ ചെയ്യാം എന്ന് ഏറ്റിരുന്ന ആൾക്ക് വരാൻ ആയില്ല.

പെട്ടെന്ന് കിട്ടിയ ഒരാളോട് അപ്പണി ഏൽപ്പിച്ചു. അയാൾ കർട്ടന് പിറകിൽ നിന്ന് ഡയലോഗ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു കൊടുക്കാൻ തുടങ്ങി.
" ഇവളെ ഈ ജന്മം എനിക്ക് മറക്കാൻ കഴിയില്ല. ആത്മഗതം. നായകൻ
പോകുന്നു "


അയാൾ വായിച്ച് കേൾപ്പിച്ചത് നായകനും വെപ്രാളത്തിൽ പറഞ്ഞൊപ്പിച്ചു. കാണികൾ കൂകി വിളിക്കാൻ തുടങ്ങിയപ്പോൾ ആണ് അക്കിടി പറ്റിയത് മനസ്സിലായത്.ഉടനെ കർട്ടൻ ഇട്ടു.


 ഇങ്ങനെ നാട്ടിലെ നാടകങ്ങളിലും ചിരിക്കാൻ ഒരുപാട് വകയുണ്ട്.
നാട്ടിലെ തമിഴ്നാടകത്തിൽ കൂടുതലും അപ്പോൾ സൂപ്പർ ഹിറ്റ്‌ ആയി ഓടിക്കൊണ്ടിരിക്കുന്ന പാട്ടുകൾ റൊമാന്റിക് സീനിൽ റെക്കോർഡ് എടുത്ത് ഇടാറുണ്ട്. ചിലത് തേഞ്ഞ റെക്കോർഡ് പോലെ ഒരേ ഭാഗം ആവർത്തിച്ചു കാണികളെ ചിരിപ്പിച്ചു കൊല്ലാറുണ്ട്.


 നായിക ഒന്നിനുമുകളിൽ ഒന്നായി കുറേ ഡ്രെസ്സുകൾ ഇട്ടിട്ടുണ്ടാകും. പാട്ടിനിടയിൽ ചെന്ന് ഒരെണ്ണം കഴറ്റി  ഇടാൻ ശ്രമിക്കുമ്പോൾ ശരിയാകാതെ പെടാപ്പാട്പെടും. അപ്പോൾ സ്റ്റേജിൽ  നായകൻറ് അവസ്ഥ കണ്ട് കാണികൾ കൂകിവിളിക്കും.

ഒരിക്കൽ ഒരു സീനിൽ നായിക നായകനോട് ചോദിക്കുകയാണ്.
" ഡിയർ നിങ്ങൾ എന്തോ ഒരു കാര്യം എന്നോട് പറയാമെന്നു പറഞ്ഞിരുന്നു? "
ഉടൻ നായകൻ
" അത് ഇപ്പോൾ പറയില്ല.. അത് ഒരു സസ്പെൻഡ്‌ "
സസ്പെൻസിനു നായകൻ സസ്‌പെൻഡ് പറഞ്ഞതുകേട്ട് ഞങ്ങളെല്ലാം ചിരിച്ചു മണ്ണ് കപ്പി.

പിന്നെ ആരെങ്കിലും ഞങ്ങളോട് എന്തെങ്കിലും പറയാൻ ആവശ്യപ്പെട്ടാൽ ഞങ്ങൾ പറയും.
" അത് പറയില്ല. സസ്പെൻഡ്‌ " എന്ന്. 😃


അതേ നാടകത്തിൽ വില്ലനെ ചുട്ടുകൊല്ലു ന്നതാണ് അവസാനരംഗം. നായകൻ തോക്ക് ചൂണ്ടി വെടിവയ്ക്കുമ്പോൾ സ്റ്റേജിന് പുറകിൽ പടക്കം പൊട്ടിക്കാനായിരുന്നു ഏർപ്പാട്. പക്ഷേ പടക്കം പൊട്ടാത്തതുകൊണ്ട്  വില്ലന് മരിച്ചു വീഴാൻ കഴിയാതെ സ്റ്റേജ് മുഴുവൻ ഓടി അഡ്ജസ്റ് ചെയ്തു നോക്കി.

എന്നെ ഒന്ന് വെടിവയ്ക്കെടാ, ഞാനൊന്ന് മരിക്കട്ടെ എന്ന് വില്ലൻ നായകനെ ദയനീയമായി നോക്കുന്നു. നായകനോ സ്റ്റേജിന് പുറകിലേക്ക് നോക്കലും, വെടിയൊച്ച കേൾക്കണ്ടേടെ ന്ന് തിരികെ വില്ലനെ നോക്കലും.

വെറുതെ രണ്ടുപേരും ചെയ്സിംഗ് നടത്തി പിടിച്ചു നിന്ന് നോക്കി. ഒരു രക്ഷയുമില്ല. പിറകിൽ പടക്കം പൊട്ടിക്കുന്നവന് അതിനേക്കാൾ ടെൻഷൻ. കാണികൾക്ക് കാര്യം ഒട്ട് മനസ്സിലായതും ഇല്ല. പെട്ടെന്ന് നായകൻ തോക്ക് ചൂണ്ടി, വില്ലൻ താഴെ വീണു. വേറെ വഴിയില്ലല്ലോ.

എത്ര നേരം അഡ്ജസ്റ്റ് ചെയ്യും. എല്ലാം കഴിഞ്ഞപ്പോൾ ആണ് സ്റ്റേജിന് പുറകിൽ നിന്നും വെടിയൊച്ച കേട്ടത്. ഞങ്ങൾക്ക് അപ്പോൾ ആണ് സംഗതിയുടെ കിടപ്പ് മനസ്സിലായത്.

മലയാളനാടകത്തിൽ ഒരു കഥാപാത്രം പട്ടാപ്പകലും ടോർച്ചടിച്ചു നടക്കുന്ന ഒരു രംഗമുണ്ട്. ആരെങ്കിലും
" എന്തിനാണ് ഇങ്ങനെ പകലും ടോർച്ച് അടിച്ചു നടക്കുന്നത്? "
എന്ന് ചോദിച്ചാൽ അയാൾ
" ഞാൻ മനുഷ്യനെ തേടുകയാണ് "
എന്ന് മറുപടി പറയും. നാടകം കഴിഞ്ഞതോടെ ഇരുട്ടിൽ ടോർച്ചടിക്ക് വീട്ടിലേക്കു പോകുന്നവരോടൊക്കെ മറ്റുള്ളവർ
" നീ മനുഷ്യരെ തേടുകയാണോ "?
എന്ന് ചോദിക്കാൻ തുടങ്ങി. വീട്ടിലും ആരെങ്കിലും ടോർച്ചു ചോദിച്ചാൽ ഞങ്ങളും ചോദിക്കും.
" എന്തിനാ മനുഷ്യനെ തേടാനോ"?


അന്ന് അതൊരു തമാശ ആയിരുന്നെങ്കിലും ഇന്നതിന്റെ അന്ത:രാർത്ഥം മനസ്സിലാകുന്നു.
കാലം എല്ലാം ഒരു മായക്കാഴ്ച പോലെ കാട്ടിത്തന്ന് കളമഴിക്കുമ്പോൾ പലതും അവ്യക്തമാകുന്നു. പല കഥാപാത്രങ്ങളും തങ്ങളുടെ ഭാഗം മനോഹരമാക്കി കടന്നുപോയിരിക്കുന്നു. നമ്മളും ഒരിക്കൽ അനന്തതയിലേക്ക് മറയും. അപ്പോൾ കാലം മായ്ച്ച കളത്തിൽ സ്നേഹം, ആത്മാർത്ഥത, അനുകമ്പ, ചേർത്തുപിടിക്കൽ, പാരസ്പര്യം ഒക്കെക്കൊണ്ട് നമുക്ക് നമ്മെ അടയാളപ്പെടുത്താം. ഓർമ്മകൾ മനസ്സിലേക്ക് എടുത്ത് ഇങ്ങനെ ഇരിക്കുമ്പോൾ  കിട്ടുന്ന മനസ്സുഖം തന്നെയാണ് അനുഭവങ്ങളുടെ ബാക്കിപത്രവും.

Comments

  1. ഇപ്പൊഴും മലയാളിക്ക് അപരിചിതമായ വാക്ക് പട്ടിമന്റം.. മലയാളത്തിൽ എഴുതാൻ പെട്ടപ്പാട് എഴുത്തുതീർന്നപ്പോൾ ഇതാ ഇങ്ങനെ പട്ടിമന്ത്രം എന്നാ വന്നത്..hehehe അവസാനം ഒരു വിധത്തിൽ ഒപ്പിച്ചെടുത്തു

    ReplyDelete
    Replies
    1. ഹ ഹ ഞാനും.. സന്തോഷം 🙏നന്ദി

      Delete
  2. പലവാക്കുകളും അപരിചിതം. പ്രത്യേകിച്ചും പട്ടിമന്റം. നന്നായിട്ടുണ്ട് സഹോ. തുടർഭാഗം ഉടൻ പ്രതീക്ഷിക്കുന്നു

    ReplyDelete
    Replies
    1. സന്തോഷം.. ഉടനെ ഇടാൻ ശ്രമിക്കാം 🙏🙏🙏

      Delete
  3. Ithentharu pashakalu? Pakkenkilu kollam ketta

    ReplyDelete
    Replies
    1. തന്നെ അപ്പീ തന്നെ

      Delete
  4. മൂന്നാം ഭാഗം വായിച്ചു. നല്ല അനുഭകഥ. ശരിയാണ് നമ്മൾ ഇപ്പോഴും പച്ചയായ മനുഷ്യരെ തേടുകയാണ്. സഭാകമ്പം ഉള്ളത് കൊണ്ട് നാട്ടുകാരല്ല രക്ഷപ്പെട്ടത് സാക്ഷാൽ ദെർശ തന്നെയാണ് - ചുമ്മാ പറഞ്ഞത്, നല്ലതു പോലെ പാടുമല്ലോ....

    ReplyDelete

Post a Comment

Popular posts from this blog

അച്യുതൻ മാമന്റെ ചായക്കട ( ഓർമ്മകൾ )

അവില് ദോശയും, പച്ച കപ്പലണ്ടി മസാലക്കറിയും.❤️

പുനർജ്ജനി തേടി ( തുടർക്കഥ )