ബാല്യകാല സ്മരണകൾ
എന്റെ പെണ്ണ് വരയുടെ കഥ
കുട്ടിക്കാലത്തിന്റെ നിഷ്ക്കളങ്കത എത്ര കൗതുകങ്ങളാണ് നമ്മിൽ നിറയ്ക്കുന്നത്.
ക്ഷണികമായ മഴവില്ലുപോലെ പലതും ഭ്രമിപ്പിച്ച് മറഞ്ഞുപോകും. ആരാവണം, എന്താവണം എന്ന തീരുമാനങ്ങൾ മാറിമറിഞ്ഞു കൊണ്ടിരിക്കും. ഞാനെന്ന കുട്ടിയും അത്തരം ഭ്രമങ്ങളിൽ നിന്നും സ്ഥായിയായ ഒരു സ്വപ്നത്തിലേക്ക് കടന്നത് മലയാളഭാഷാ ക്ലാസ്സിൽ രാജാരവിവർമ്മ എന്ന അതുല്യ പ്രതിഭയെക്കുറിച്ച് അറിഞ്ഞപ്പോഴാണ്. "ഒരു ചിത്രകാരിയാവുക" ആ ഒരു തീരുമാനത്തിന്റെ വിത്ത്
കുഞ്ഞു മനസ്സിലേയ്ക്ക് എറിഞ്ഞത് ഞാൻപോലും അറിയാതെയാണ്. തിരുവനന്തപുരം മ്യൂസിയത്തിൽ ആ മഹാനായ ചിത്രകാരന്റെ തൂലികയിൽ വിരിഞ്ഞ ജീവസുറ്റ സുന്ദരിമാരുടെ ചിത്രങ്ങളിലെ കണ്ണിന്റെ തിളക്കവും, ചുണ്ടിലെ വശ്യമായ പുഞ്ചിരിയും എന്നിലെ കുട്ടിയെ ഒന്നുകൂടി ആ സ്വപ്നത്തിലേക്ക് അടുപ്പിച്ചു. ചിത്രകാരി ആവുക എന്ന സ്വപ്നം എന്റെ അസ്ഥിയിൽ പിടിച്ചു. കൈകൾ വരയ്ക്കാനായി മാത്രം ഉള്ളതാണെന്ന് ഞാൻ സ്വയം എന്നെ വിശ്വസിപ്പിച്ചു. ആ മഹാനായ ചിത്രകാരൻ കുട്ടിക്കാലത്ത് കരിക്കട്ട കൊണ്ട് ചുമരിൽ ചിത്രമെഴുതിയതും, അമ്മാവൻ ശകാരിച്ചതുമൊക്കെ ഭാഷാധ്യാപകൻ ക്ലാസ്സിൽ വിവരിച്ചത് ഒരു സിനിമാ ട്രൈലറുപോലെ എന്റെ മനസ്സിൽ പലവട്ടം ഓടിനിലച്ചു. കുളിമുറിയുടെ തൊട്ടടുത്ത ഒരക്കളത്തിൽ അമ്മൂമ്മയുടെ ചൂടുവെള്ളമെന്ന ഗർഭം പേറുകയും, ദിവസവും പ്രസവിക്കുകയും ചെയ്യുന്ന കരിപ്പാനയുടെ ആസ്ഥാനമായ അടുപ്പിലെ കരിക്കട്ടകൾ എനിക്കും തൂലികയായി. അവിടത്തെ ചുമരുകൾ കാൻവാസാക്കി ഞാനും തുടങ്ങി പെൺമുഖങ്ങൾ വരയ്ക്കാൻ. വിലക്കാൻ അമ്മാവന്മാരാരും വന്നില്ലെങ്കിലും ഞാൻ എന്റെ പടംവര പതിയെ എൻറെ നോട്ടുബുക്കിന്റെ മാർജിനു വെളിയിലുള്ള ഇത്തിരി സ്ഥലത്താക്കി. പഠിത്തത്തിനിടയിൽ ഒരു പരസ്യ ഇടവേള പോലെ എൻറെ കൈകൾ നോട്ടുബുക്കിലെ ആ ഇത്തിരി സ്ഥലത്ത് കുനുകുനെ പെൺമുഖങ്ങൾ വരച്ചു കൂട്ടി.
എനിക്കു സൗന്ദര്യം നൽകാത്തതിന്റെ പ്രതികാരം ദൈവത്തോട് തീർക്കുംപോലെ ഞാൻ അവർക്ക് സൗന്ദര്യം വാരിക്കോരി കൊടുത്തു. അണിയിച്ചൊരുക്കി ഞാൻ അന്ന് സ്ത്രീക്ക് കല്പിച്ചിരുന്ന വിലക്കുകളെ വെല്ലുവിളിച്ചു. ആ സ്ത്രീ മുഖങ്ങളുടെ ഭംഗിയിൽ സൗന്ദര്യം ഇല്ലാത്ത ഞാൻ ഒരിക്കൽ പോലും അസൂയപ്പെട്ടില്ല. ഇപ്പോഴും അതേ. ചിത്രത്തിലെ സ്ത്രീമുഖങ്ങൾ അവർക്കു ഞാൻ നൽകുന്ന സൗന്ദര്യത്തിൽ തങ്ങൾക്കുള്ള ആനന്ദവും, കൃതാർത്ഥതയും എന്നോട് കണ്ണുകൊണ്ടും, ചുണ്ടിലെ ചിരിയിലൂടെയും പ്രകടിപ്പിക്കുന്നതായി എനിക്കു തോന്നി. ചിത്രത്തിലേതാണെങ്കിലും സ്ത്രീ സ്ത്രീ തന്നെയെന്ന് ഞാൻ സ്വയം ചിന്തിച്ചു ഊറിച്ചിരിച്ചു. അക്കാലത്തെ ബ്ളാക്ക് അയന്റു വയിറ്റ് കല്യാണ ഫോട്ടോകളിൽ ചുന്ദരന്മാരും, ചുന്ദരികളും ആയിരിക്കുന്ന നവദമ്പതികളുടെ ഫോട്ടോകൾ എന്റെ പെണ്ണ് വരയിൽ കടന്നാക്രമണം നടത്തി. എന്റെ സുന്ദരിമാർക്ക് ഞാൻ അങ്ങനെ ചുന്ദരന്മാരെയും വരച്ചു ചേർത്തു. കാലക്രമത്തിൽ അത് കുഞ്ഞു കുട്ടി പരാധീനതകളിലേയ്ക്ക് നീണ്ടു. ഞാനിങ്ങനെ പഠനസമയങ്ങൾ പടംവരയ്ക്കുവേണ്ടി മാറ്റിവയ്ക്കുന്നത് അച്ഛനിഷ്ടമായില്ല.
"ഒരു കാര്യം ചെയ്യുമ്പോൾ പലകാര്യം ചെയ്യരുത് "
അച്ഛൻഎന്നെ പലതവണ ഉപദേശിക്കുകയും ശാസിക്കുകയും ചെയ്തു നോക്കി. പക്ഷെ അപ്പോഴേയ്ക്കും ഞാൻ വരകളുടെ നീരാളിപ്പിടുത്തത്തിലേയ്ക്ക് ആഴ്ന്നുപോയി.ഒരുപാസന പോലെ പഠിത്തത്തിനിടയിൽ പടംവര നിർലോഭം നടന്നുകൊണ്ടിരുന്നു. ഒരു ദിവസം ഞാൻ പഠിക്കാനിരുന്നപ്പോൾ അച്ഛന്റെ "കാക്കക്കണ്ണ്" എന്നിൽ പതിഞ്ഞിരുന്നത് ഞാൻ ശ്രദ്ധിച്ചില്ല. ഒരു ഉന്മാദിനിയെപ്പോലെ ഞാൻ കുടുംബം വരയിൽ മുഴുകിയിരുന്നു.പെട്ടെന്ന് അച്ഛൻ എന്റെ കൈയിൽ നിന്നും ഞാൻ വരച്ചുകൊണ്ടിരുന്ന നോട്ടുബുക്ക് കൈക്കലാക്കി. അച്ഛനിൽ നിന്നും കിട്ടാൻപോകുന്ന വാക്കുകളുടെ ശരമേൽക്കാൻ തയ്യാറെടുത്ത് ഞാൻ തലകുമ്പിട്ടു നിന്നു....
ബാല്യകാലസ്മരണകൾ-3
എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അച്ഛൻ ആ കുടുംബ ചിത്രത്തിലേക്ക് നോക്കി ഒറ്റച്ചിരി. അടുക്കള ഭാഗത്തേയ്ക്ക് നോക്കി അമ്മയെ ഒരു നീട്ടിവിളി. അതിഥികൾ ആരോ വന്നിട്ടുണ്ടാകും എന്ന് നിനച്ച് വേഗം സാരിത്തുമ്പിൽ കൈതുടച്ച്, സാരിയൊക്കെ നേരെയാക്കി അമ്മ " ആരാ" എന്നൊരു ചോദ്യം മുഖത്തു നിറച്ച് ഓടിപ്പിടഞ്ഞു ഉമ്മറത്തേയ്ക്ക് വന്നു. അപ്രതീക്ഷിതമായ സംഭവങ്ങളുടെ തകിടം മറിച്ചിലിൽ അന്ധാളിപ്പോടെ നിന്ന എന്നെ നോക്കിയിട്ട് അച്ഛൻ അമ്മയോട് പറഞ്ഞു.
" നോക്കൂ...നിന്റെ മൂത്തമകളും, മരുമകനും, കുട്ടിയും...നല്ലോണം നോക്കുക...പിന്നെ കണ്ടില്ലാന്നു പറയരുത്."
പതിവുപോലെ തലയറഞ്ഞു ചിരിക്കാൻ കിട്ടിയ സന്ദർഭം പാഴാക്കാതിരിക്കാൻ എന്റെ പുന്നാര അനിയത്തിയും അവിടേയ്ക്കു വന്നു. മൂത്തകുട്ടിയായ ഞാൻ അന്നൊരു എട്ടാം ക്ലാസ്സിലൊക്കെ പഠിക്കുന്ന
പ്രായമായതുകൊണ്ട് അതിന്റെ ജാള്യതയും, നാണക്കേടും നന്നേ മനസ്സിലാക്കാനാവുന്നതുകൊണ്ട് ആകെ വിളറിവെളുത്തു. ഞാൻ സീതയെപ്പോലെ ഭൂമി പിളർന്ന് താഴേയ്ക്ക് പോകാൻ ആഗ്രഹിച്ചു. അപ്പോൾ തിരുവന്തപുരം ദൂരദർശനിൽ കണ്ടു കൊണ്ടിരുന്ന "ഇൻവിസിബിൾ മാനി"ലെ കഥാപാത്രത്തെപ്പോലെ മറഞ്ഞു പോകാൻ ആഗ്രഹിച്ചു. ഒന്നും നടക്കില്ലെന്നറിഞ്ഞു കൊണ്ട് തന്നെ. വികാരനിർവികാരതകൾ എന്നിൽ മാറിമാറി പ്രവഹിക്കവെ ഞാൻ ഒരു തീരുമാനമെടുത്തു. ഇനി പെൺവര മാത്രം. അങ്ങനെ ഞാനെന്ന ബ്രഹ്മാവ് പിന്നെ സ്ത്രീകളുടെ മാത്രം സൃഷ്ടാവ് ആയി .നല്ലൊരു പക്വത വന്ന പ്രായത്തിൽ എനിക്കൊരു തിരിച്ചറിവുണ്ടായി. ഞാൻ സൃഷ്ടിച്ചു വിട്ട സുന്ദരികൾ കോങ്കണ്ണികളും, വായ കോടിയവരും ആണെന്ന്. അവർ എന്നെ അഭിനന്ദിക്കുകയല്ല മറിച്ച് പരിഹാസത്തോടെ ആ കോണവായ് ഒന്ന്കൂടി കോട്ടി പുച്ഛത്തോടെ ചിരിക്കുകയാണെന്നും,
കോങ്കണ്ണ് തുറിയ്ക്കുകയാണെന്നും !
" ഞാൻ ചിത്രകലയിൽ പരിശീലനം സിദ്ധിയ്ക്കാത്ത ഒരു പാവം രാജാരവിവർമ്മിനി യല്ലേ...ക്ഷമിക്കുക"
എന്ന് ഞാൻ അവരോട് എന്റെ നിസ്സഹായത അറിയിച്ചു. മനസ്സിലെ സ്വപ്നത്തിന്റെ വിത്ത് വളർന്ന് വടവൃക്ഷമായി പരിലസിക്കെ ഞാനെന്ന പാവം രാജാരവിവർമ്മിനി ഇന്നും സൃഷ്ടിക്കുന്നു സ്ത്രീ മുഖങ്ങളെ ...സ്ത്രീമുഖങ്ങളെ മാത്രം
ശുഭം.
😀😀👍
ReplyDeleteനന്ദി ഈ പ്രോത്സാഹനത്തിന്
Deleteഇനിയും വരക്കണം...
ReplyDeleteഇനിയും എഴുതണം..
എന്നെക്കൊണ്ടെനിക്ക് വയ്യേ
Delete😊😊😁😁😁👌👌
ReplyDeleteനന്ദി വീണ്ടും വരിക
Delete👌👌
ReplyDeleteസന്തോഷം ഡിയർ
DeleteChechi ntoru padamkoode varachekk athode varakkunnathinu oru theerumnanamaavum. Pinne chechi chundriyaannu ellaarkumariyaam
ReplyDeleteഓഹോ അപ്പോ അത് നീയാണല്ലേ.. ഇപ്പോ pid8കിട്ടി പിള്ളേ 😍
Delete