മരിച്ചുപോയവരും, ജീവിച്ചിരിക്കുന്നവരും ( short story)
ഷവറിനടിയിൽ നിന്ന് തലയിലേക്ക് തണുത്ത വെള്ളം വീഴുമ്പോൾ കണ്ണുകൾ നീറുന്നുണ്ടായിരുന്നു അവൾക്ക്. വെള്ളത്തിനൊപ്പം ഒഴുകിയിറങ്ങുന്ന കണ്ണുനീർ ഉപ്പിന്റെ മാത്രമല്ല ദുഃഖത്തിന്റെ ലഘുത്വവും വരുത്തുന്നതവൾ അറിഞ്ഞു. മേല് തേയ്ക്കുമ്പോൾ ആയിരുന്നു മാറിലെ കല്ലിപ്പ് ശ്രദ്ധയിൽപ്പെട്ടത്. ഒരു കൊള്ളിയാൻ മിന്നി ഉള്ളിലെങ്ങോ. കുളിപ്പിച്ച് കിടത്തി തലയ്ക്കൽ നിലവിളക്കു കത്തിച്ച് ആരോ നാമം ചൊല്ലുന്നുണ്ടായിരുന്നു. ചിരട്ടയിൽ എരിയുന്ന കിഴിയിൽ ഒരറ്റത്തുനിന്ന് തീ കുറേശ്ശേ കിഴിയെ തിന്നുന്നു. തിന്നുതിന്നു മുന്നേറുന്ന അഗ്നിക്ക് വിജയീഭാവത്തിൽ ഒരിളക്കം. ചിരട്ടയിലേക്കും തീ പടർന്നു കഴിഞ്ഞപ്പോൾ അവൾക്ക് വെപ്രാളമായി. പതിയെ എണീൽക്കാൻ ശ്രമിച്ചെങ്കിലും കഴിയുന്നില്ല. ആരാണ് കാലും, കൈയ്യും ഇങ്ങനെ കെട്ടിവച്ചത്? അവൾ ചുറ്റിനും നോക്കി ആരെയോ തിരഞ്ഞു. കണ്ണുകൾ പക്ഷേ മറ്റൊരു കാഴ്ചയിൽ ഉടക്കി. മക്കളിൽ ഇളയവൾ തന്നെത്തന്നെ നോക്കി എന്തോ ആലോചനയിൽ. മരിച്ചവർ എവിടെക്കാവും പോവുക എന്നൊരു ചോദ്യത്തിന്റെ മുള്ളിൽ മനസ്സുടക്കി ഇരിപ്പാവും. പാവം കുഞ്ഞ്. ആരോടാ ഒന്ന് ചോദിക്കുക? ആത്മാക്കൾ ആരും അവിടെ ഉണ്ടായിരുന്നില്ല. മലർന്നു കിടക്കുന്നതുകൊണ്ട് കാഴ്ച അങ്ങ് നേരെ വീടിനു മുൻപിലുള്ള ഇരുമ്പു ഗേറ്റ് വരെ ചെന്നെത്തുണ്ട്. പെട്ടെന്ന് ആണ് അവൾ കണ്ടുപിടിച്ചത്. മുറ്റത്തെ ചെടികളും, മരങ്ങളും താഴെ പതിച്ചുവച്ച നിഴലിനൊത്ത് രൂപംമാറ്റി മറഞ്ഞിരിക്കുന്ന ആത്മാക്കളെ. ഓഹോ! പ്രകൃതി പോലും അവർക്കായി ഭൂമിയിൽ വന്ന് രഹസ്യമായി രാപാർക്കാൻ സൗകര്യം ഒരുക്കുന്നുണ്ട്. പക്ഷേ പരിചിതമായ ഒരു മുഖംപോലും ആക്കൂട്ടത്തിൽ ഇല്ലായിരുന്നു എന്നത് അവളിൽ നിരാശ ഉണ്ടാക്കി. പണ്ട് അമ്മൂമ്മക്കഥകളിൽ ഇവരൊക്കെ വരുമായിരുന്നു. നമ്മൾ മരിക്കുമ്പോൾ നമ്മുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കൾ നമ്മെ കൊണ്ടുപോകാൻ എത്തുമെന്ന് മുത്തശ്ശി കള്ളം പറഞ്ഞതാവും.
" ബോഡി എല്ലാപേരും എത്തിയാൽ എടുക്കാം "
ഒരു പുരുഷശബ്ദം മുൻവശത്തു നിന്ന്.
തന്റെ പേരുപറയാൻ ആരുമവിടെ ഇല്ലെന്ന് അവൾക്ക് തോന്നി. എന്റെ പാറൂന്ന് വിളിച്ചിരുന്ന ആൾ പോലും അതിനെതിരായി ഒരക്ഷരം. അവൾക്ക് വല്ലാത്ത വേദന തോന്നി. അല്ലെങ്കിലും ബുദ്ധൂസ് എന്ന് വിളിക്കുന്നവർക്ക് പേരൊക്കെ ഒരുവിഷയമല്ലല്ലോ. കുറച്ച് മുൻപ് മൊബൈലിൽ ഉള്ള എന്തോ കാര്യം പറഞ്ഞു തന്നപ്പോൾ മനസ്സിലാവാത്തതിന് ഒച്ചയെടുത്തു തന്നെ കരയിച്ച ആളല്ലേ?പക്ഷേ ശൃoങരിക്കാൻ വരുമ്പോൾ മാത്രം പാറൂട്ടി, ചക്കരേ ന്ന് തേനൊലിപ്പിക്കും. അവൾക്ക് അതോർത്തു ചിരി വന്നു. വായപൊത്താത്തോണ്ട് അത് പുറത്ത് ചാടുകയും ചെയ്തു. അവൾക്ക് ജാള്യത തോന്നി. ആരെങ്കിലും കണ്ടിട്ടുണ്ടാവുമോന്ന്.പക്ഷേ ആത്മാക്കളെപ്പോലെ ഈ ഒരാളെയും കാണാനില്ലല്ലോ എന്ന് ചുറ്റിനും അവൾ കണ്ണോടിച്ചു. ചെരിഞ്ഞു കിടക്കാൻ ആവാത്തതുകൊണ്ടാവും. കാഴ്ച്ചവട്ടത്തിനപ്പുറം തന്നെ ഉണ്ടാവും. ആരാണ് ജനാലയുടെ ഗ്രില്ലിൽ കൈകൾ വച്ച് പുറത്തേക്ക് നോക്കി നിൽക്കുന്നത്. ഓ,അമ്മയാണ്. എങ്ങലടിക്കുന്നുണ്ടാവും. പുറം മൊത്തം ഉയർന്നു താഴ്ന്നു വെട്ടുന്നതുപോലെ. പെട്ടെന്ന് ജനാലയുടെ അടുത്തെ നന്ദ്യാർവട്ടത്തിൽ എവിടെ നിന്നോ പറന്നു വന്നിരുന്നൊരു കാക്ക. "സമയം ആയിട്ടില്ല. വെറുതെ ഒരോ അങ്കലാപ്പുകൾ "
എന്ന് അമ്മയോട് തിരികെത്തിരികെ പറഞ്ഞു, പിന്നെ അമ്മയ്ക്ക് മനസ്സി ലാവാത്തതുകൊണ്ട് നിരാശയോടെ പറന്നുപോയി. കാക്കയുടെ ഭാഷ അവൾക്ക് മനസ്സിലായതിൽ അത്ഭുതം ഒന്നും തോന്നിയില്ല. എന്നാലോ ഈർഷ്യ ഉണ്ടാവുകയും ചെയ്തു. അല്ലെങ്കിലും ചുറ്റിനും ഉള്ള മനുഷ്യരുടെ സംസാരം തന്നെ വല്ലാത്തൊരു അലോസരം ഉണ്ടാക്കുന്നുണ്ട് ഈയിടെയായി . അതിനൊപ്പം ഇതുംകൂടി. അമ്മയുടെ ഇടതു കൈവഴി താഴേക്ക് ഊർന്നു പോകുന്ന കണ്ണ്. ഒന്നിലും നിലയുറപ്പിക്കാൻ ആവുന്നില്ല. ആ കൈകൾ ഇറുകെ മൂത്തമോളെ ചേർത്ത് നിർത്തിയിരിക്കുന്നു. ഒരു മൂലയിൽ ഇരിക്കുന്ന തങ്കമണിയും ശാരദയും. കൂട്ടുകാരികൾ, സഹപാഠികൾ ഒക്കെ. അവരോടു അസൂയ ഒന്നും തോന്നിയില്ലവൾക്ക് . പെട്ടെന്ന് എല്ലാ തലകളും ഒരേ ദിശയിലേക്ക് തിരിഞ്ഞു. പഞ്ചായത്തു പ്രസിഡന്റ്.. അവിടെ ആരോ അടക്കം പറഞ്ഞു. അവൾ ഒന്ന് നേരെ ചൊവ്വേ കിടക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു.
" ഇതുവരെ ഭർത്താവിനെ തിരികെക്കൊണ്ട് വന്നില്ലേ "
അൽപ്പം ശബ്ദം താഴ്ത്തി അയാൾ അടുത്തുനിന്ന അയലത്തെ ഏട്ടനോട് ചോദിച്ചു.
" ബോഡി എടുക്കുന്നതിനു മുൻപ് കൊണ്ടുവരും. പെട്ടെന്ന് ലോപ്രെഷർ ആയതാണ്. ആകെ ഷോക്കിലാണ്. സംസാരിക്കുകയോ ഒന്ന് കരയുകയോ ഉണ്ടായിട്ടില്ല "
അടക്കത്തിൽ ആണ് സംസാരമെങ്കിലും അടുത്തായതുകൊണ്ട് അവൾക്ക് ആ സംഭാഷണം നല്ലോണം കേൾക്കാമായിരുന്നു.
" അവനെപ്പോഴും പറയും. ഈ ബുദ്ധൂസ് എന്റെ കാലം കഴിഞ്ഞാൽ എങ്ങനെ ജീവിക്കും. ഒരു സാമാർത്ഥ്യവും ഇല്ലാത്ത ഇവളെ പ്രതി എന്നും ആധിയാണെ നിക്കെന്ന് "
പരിചിതമായ ശബ്ദം കേട്ട ദിക്കിലേക്കു ഒന്ന് ചെരിഞ്ഞു നോക്കി. ചുമരോട് ചേർത്തിട്ട കട്ടിലിൽ റോട്ടറി ക്ലബ് പ്രസിഡന്റ് മാധവമേനോന്റെ ഭാര്യ നടുവിലും ഇരുവശത്തുമായി അമ്മായിയമ്മയും, നാത്തൂനും.
" ഇനി എന്റെ കുഞ്ഞ് ഒറ്റയ്ക്ക് കുട്ടികളെയും കൊണ്ട് എന്ത് ചെയ്യും " എന്നൊരു വിതുമ്പൽ, പിന്നെ ഗേറ്റിലേക്കു പ്രതീക്ഷയോടെ തലചെരിച്ചു ഒരു നോട്ടം. അവൾ എല്ലാം കണ്ടുകിടന്നു. ജീവിച്ചിരിക്കുന്നവർ മരിച്ചുകഴിഞ്ഞവരെ മനസ്സിലാക്കുന്നതുപോലെ മരിച്ചവരും ജീവിച്ചിരിക്കുന്നവരെ മനസ്സിലാക്കുണ്ടാവും എന്നൊരു ചിന്തയിൽക്കുളിച്ച് അവൾ ഷവറിനടിയിൽ നിന്ന് അവളിലെ കല്ലിപ്പുകൾ അലിയിച്ചു കളഞ്ഞു കൊണ്ടേയിരുന്നു.
അതിമനോഹരം..🌹
ReplyDeleteനന്ദി.. സന്തോഷം 2
ReplyDeleteനന്ദി.. സന്തോഷം 2
ReplyDeleteവളരെ നന്നായിട്ടുണ്ട് 👌✍️👌👏
ReplyDeleteനന്ദി 🙏
Deleteവളരെ നന്നായി എഴുതിയിട്ടുണ്ട് ദർശ.... അഭിനന്ദനങ്ങള്‍ 🌹🌹
ReplyDeleteനന്ദി ജീ 🙏
ReplyDeleteജീവിച്ചിരിക്കുന്നവർ ജീവിച്ചിരിക്കുന്നവരെ മനസ്സിലാക്കാൻ ഏതു ഷവർ വേണം എന്ന ചിന്തയിൽ കുളിക്കുകയാണ്
ReplyDeleteഞാനിപ്പോൾ.
ഭാവന.. ഒത്തിരി ഇഷ്ടം.
Awesome
ReplyDelete