അവളുടെ കണ്ണുനീരിന് മറുപടി ( സാമൂഹികം )

ഞാൻ ഗ്രേറ്റ തുൻബർഗ്,

      ഒരുപരിസ്ഥിതി പോരാളി.കാലവസ്ഥാ നീതി, അതാണെന്റെ ആവശ്യം. ഞാൻ ജനിച്ചു വീണ ഈഭൂമി,എനിക്ക് മുന്നിൽ, മരിച്ചു കൊണ്ടിരിക്കുന്നത് കണ്ട് ആത്മരോഷം കൊള്ളുന്ന പതിനാറു വയസ്സുള്ള ഒരു പെൺകുട്ടി.

ഞാൻ ഉൾപ്പെടുന്ന തലമുറ മുതൽ ഇനി വരാൻ പോകുന്ന തലമുറയുടെവരെ, ഈ ഭൂമിയിൽ സുഖസ്വസ്ഥമായി ജീവിക്കുവാനുള്ള അവകാശങ്ങൾക്ക് നേരെയുള്ള കടന്നു കയറ്റമാണ് ഇന്നത്തെ മുതിർന്നവർ ചെയ്യുന്നത്.

അഞ്ചാം വയസ്സുമുതൽ കാലവസ്ഥാവ്യതിയാനത്തെക്കുറിച്ചും, അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ചും പലരും പറയുന്നത് കേട്ട്, അതിനെക്കുറിച്ച് ചിന്തിച്ച്, ചിന്തിച്ച് വിഷാദ രോഗത്തിലേക്കു തള്ളപ്പെട്ട ഒരാളാണ് ഞാൻ.

ഇത്രയും വലിയ ഒരു വിഷയത്തോട് ലോകം എന്തിനിത്ര അനാസ്ഥയോടെ പ്രതികരിക്കുന്നു എന്ന് പലപ്പോഴും അത്ഭുതവും, അമർഷവും തോന്നിയിട്ടുണ്ട്.

എന്റെ ജന്മനാടായ സ്വീഡന്റെ പാർലമെന്റിനു മുന്നിൽ,2018 ഓഗസ്റ്റിൽ, ഞാൻ സ്കൂളിൽപ്പോലും പോകാതെ ഒരു പ്ലക്കാർഡും പിടിച്ചു സമരം നടത്തി. ഭരണകൂടം അടിയന്തിരമായി കാലാവസ്ഥ വ്യതിയാന പ്രശ്നങ്ങളിൽ ഇടപെടണം എന്നതായിരുന്നു എന്റെ ആവശ്യം.

പിന്നെ അത് എല്ലാ വെള്ളിയാഴ്ചകളിലും, പഠിപ്പുമുടക്കി,എന്റെ ആവശ്യം, ഞാൻ  ഉന്നയിച്ചുകൊണ്ടേ ഇരുന്നു. പിന്നെ പിന്നെ സഹപാഠികളും അത് ഏറ്റെടുത്തു.

പിന്നീട് ലോകമൊട്ടുക്കുമുള്ള നാൽപ്പതു ലക്ഷം കുട്ടികൾ പിന്തുണയുമായി വന്നു. "ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ "
എന്നതായിരുന്നു ആ സംരംഭത്തിന് ഞങ്ങൾ നൽകിയ പേര്.

എന്റെ ആത്മരോഷം ഉച്ചഘട്ടത്തിൽ എത്തിയത് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ അടിയന്തിര ഉച്ചകോടിയിൽ ആണ്. വെറും പ്രഹസനം എന്നതിലപ്പുറം ഒരു ഗൗരവപൂർണ്ണമായ നടപടികളും എടുക്കാതെ വളരെ നിസ്സാരവൽക്കരിക്കുന്ന
ലോകനേതാക്കളുടെ മനോഭാവം എന്നിൽ അവജ്ഞയാണ് ഉണ്ടാക്കിയത്.

അവിടെ ഞാൻ പ്രസംഗിച്ചപ്പോൾ എന്റെ ആത്മാരോഷത്തിനും അപ്പുറം കരഞ്ഞുപോയി ഞാൻ. ആ ലോകനേതാക്കളുടെ മുഖത്തടിച്ചപോലെ ഞാൻ ചോദിച്ചു.

പൊള്ളയായ വാഗ്ദാനങ്ങൾ കൊണ്ട് നിങ്ങളെന്റെ സ്വപ്‌നങ്ങൾ കവർന്നു. ബാല്യം മോഷ്ടിച്ചു. എന്നിട്ടും ഞാൻ ഉൾപ്പെടെയുള്ള യുവതലമുറയുടെ മുൻപിൽ പ്രതീക്ഷ അർപ്പിച്ച് നിങ്ങൾ എങ്ങനെ വരുന്നു. എന്ത് ധൈര്യമാണ് നിങ്ങൾക്ക്?

ജനങ്ങൾ ദുരിതങ്ങളിൽപ്പെട്ടുഴലുമ്പോൾ, മരിച്ചുകൊണ്ടിരിക്കുമ്പോൾ, മാലാഖമാരുടെ കഥകൾ പറഞ്ഞും, ധനത്തെപ്പറ്റി പറഞ്ഞും, സാമ്പത്തിക മുന്നേറ്റത്തേപ്പറ്റി പറഞ്ഞും നടക്കാൻ എങ്ങനെ കഴിയുന്നു.എന്ത്‌ ധൈര്യമാണ് നിങ്ങൾക്ക്?

അതോടെ ഞാൻ നിർത്തിയില്ല. ഇന്ത്യക്കാരിയായ റിതിമ പാണ്ടേ ഉൾപ്പെടെ ഞങ്ങൾ പതിനാറു കുട്ടികൾ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി. മുപ്പതു വർഷമായി മനുഷ്യാവകാശ കമ്മീഷൻ ഉടമ്പടി നൽകുന്ന ഉറപ്പുകൾ പാലിക്കാത്ത ഫ്രാൻസ്, ജർമനി, തുർക്കി, അർജെന്റിന എന്നീ രാജ്യങ്ങൾക്കെതിരെ ആയിരുന്നു പരാതി.

ഞങ്ങൾ കുട്ടികൾക്ക് ജീവിക്കാനുള്ള  അവകാശം നിഷേധിക്കൽ എന്ന നിലയിലാണ് ആ പരാതി ബാലാവകാശ ലംഘനം എന്നനിലയിൽ ഞങ്ങൾ നൽകിയത്.

അങ്ങനെ അത് മനുഷ്യാവകാശം എന്ന നിലയിലേക്ക് ഞങ്ങൾക്ക് ഉയർത്തിക്കൊണ്ട് വരാനായി.

നിങ്ങൾ വായിച്ചത് ഗ്രേറ്റ തുൻബർഗ് എന്ന  പരിസ്ഥിതി പ്രവർത്തകയായ പെൺകുട്ടി  ഐക്യരാഷ്ട്ര സഭയിൽ നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ.

 പക്ഷേ അതിന് ലോകനേതാക്കൾ വലുതായൊന്നും  പ്രതികരിച്ചില്ല. പഴയതുപോലെ ഒന്നിച്ചു കൂടി ഫോട്ടോയും എടുത്ത് അവർ പിരിഞ്ഞു.

ഒരുപാട് പുരസ്‌ക്കാരങ്ങൾ നൽകി അവളെ ആദരിച്ചെങ്കിലും അവൾ ആഗ്രഹിച്ചതിന്റെ പകുതി പോലും അവർ ചെയ്തില്ല. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുന്നതിനെക്കുറിച്ച്  ചർച്ച നടത്തി പിരിഞ്ഞു എന്നല്ലാതെ കാര്യമായി ഒന്നും നടന്നില്ല.

തൊഴിലിടങ്ങളിൽ നിന്നും, കൃഷിയിടങ്ങളിൽ നിന്നും, വൈദ്യുതി ഉത്പാദനത്തിൽ നിന്നും പുറത്തേക്ക് വരുന്ന ഹരിതഗൃഹ വാതകങ്ങൾ എന്ത്‌ പരിസ്ഥിതി പ്രശ്നം ഉണ്ടാക്കിയാലും വേണ്ടില്ല സാമ്പത്തികം ബാധിക്കരുത് എന്നേ അവർ ചിന്തിക്കുന്നുള്ളു.

 വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ജീവിക്കുന്ന ഇവരൊക്കെ വരുത്തി വയ്ക്കുന്ന
വിനാശത്തിനു ബലിയാടുകൾ കുറേ പാവം പക്ഷിമൃഗാതികളും, നിരപരാധികളായ മനുഷ്യരും. സമുദ്രതാപനിലയിലെ വ്യതിയാനം സമുദ്രജീവികൾക്കും ഭീഷണി തന്നെയാണ്.

ചിലപ്പോൾ അവളുടെ കരച്ചിൽ കണ്ട് പ്രകൃതിസ്നേഹികളും, വരുംതലമുറയിലെ കുട്ടികളും മനംനൊന്ത് കരഞ്ഞിട്ടുണ്ടാകാം. അതിന് പ്രകൃതി നൽകിയ മറുപടിയാവണം കൊറോണ.

ഒന്നിനും അടങ്ങാത്ത മനുഷ്യനെ അടക്കിയിരുത്തി, പ്രകൃതിയെ ശുദ്ധീകരിച്ച്‌, സംതുലനം നിലനിർത്താൻ പ്രകൃതി എടുത്ത സത്വരനടപടി.

കുറേപ്പേരുടെ സ്വപ്നം പ്രകൃതി അതിന്റേതായ രീതിയിൽ നിർവ്വഹിച്ചു കൊടുത്തു. ലോകനേതാക്കൾ ചെയ്യുമായിരുന്നത്തിനേക്കാൾ പതിന്മടങ്ങു ഭംഗിയായി. 

Comments

Popular posts from this blog

മുത്തു പുരാണം ( നർമ്മം )

ശരികൾ ഉണ്ടാവുന്നത്. (മോട്ടിവേഷൻ )